|    Mar 25 Sat, 2017 10:57 pm
FLASH NEWS

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ആഘോഷ സമയത്ത് ആനകളോട് ക്രൂരത

Published : 11th February 2016 | Posted By: SMR

പൊന്നാനി: ഉത്സവങ്ങള്‍ക്ക് കൊണ്ടുപോവുന്ന ആനകളുടെ കാര്യത്തില്‍ സുപ്രിംകോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആനകളെ പീഡനത്തിനിരയാക്കുന്നു. സുപ്രിംകോടതി 2015 ആഗസ്ത് 18ന് പുറപ്പെടുവിച്ച വിധിയില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയമങ്ങളും നിബന്ധനകളും വച്ചിരുന്നു. എന്നാല്‍, ഇത് പരസ്യമായി ലംഘിച്ചാണ് ആനകളെ പൂരങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ഉത്സവങ്ങള്‍ക്കും കൊണ്ടുവരുന്നത്.

ജില്ലാകലക്ടറുടെ പ്രത്യേക ഉത്തരവി—ലാണ് ആനകളെ ഉത്സവങ്ങള്‍ക്ക് കൊണ്ടുവരേണ്ടത്. പകല്‍ പതിനൊന്നു മണി മുതല്‍ 3.30 വരെ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാനോ നടത്തിക്കൊണ്ട് പോവാനോ അനുവാദമില്ല. എന്നാല്‍, ഇതെല്ലാം പരസ്യമായി ലംഘിക്കപ്പെടുകയാണ്. മിക്ക ഉത്സവപ്പറമ്പുകളിലും നേര്‍ച്ചകളിലും പകല്‍ മുഴുവന്‍ ആനകളെ ക്രൂരമായി നടത്തിക്കുന്നത് പതിവുകാഴ്ചയാണ്. നിലവിലെ നിയമങ്ങള്‍ ആനകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതാണെങ്കിലും ഉത്സവ സീസണ്‍ ആയതോടെ അധികൃതര്‍ കണ്ടിെല്ലന്ന് നടിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ മാത്രം ഈ സീസണില്‍ ആനകള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ 26 എണ്ണം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ പരിശിലനങ്ങളെ തുടര്‍ന്ന് 2015ല്‍ 17 ആനകളാണ് ചെരിഞ്ഞതെന്ന് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക്‌ഫോഴ്‌സ് സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു. മുറിവുണ്ടായി പഴുത്ത കാലുകളില്‍ ചങ്ങലയും ബന്ധിപ്പിച്ച് കിലോമീറ്ററുകളോളം നടത്തിച്ചാണ് ആനകളെ ഉത്സവത്തിനെത്തിക്കുന്നത്.
നിയമങ്ങള്‍ അനുശാസിക്കുന്ന സംരക്ഷണങ്ങളോ ആനുകൂല്യങ്ങളോ ആനകള്‍ക്ക് ഉത്സവ സീസണുകള്‍ ആയാല്‍ ലഭിക്കുന്നില്ല. ഉത്സവങ്ങള്‍ കഴിയുമ്പോള്‍ ആനകള്‍ക്ക് പരിക്കേല്‍ക്കുന്നത് കാണാതെ പോവുകയാണ് .സുപ്രിംകോടതിയുടെ നിര്‍ദേശങ്ങളാണ് അധികൃതരും ഉത്സവകമ്മിറ്റിക്കാരും കാണാതെ പോവുന്നത്. 45 മുതല്‍ 47 വരെ ആനകള്‍ക്കാണ് തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ ഉത്സവങ്ങളില്‍നിന്ന് പരിക്കേറ്റത് എന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു. ആനകളെ എഴുന്നള്ളിച്ച് കൊണ്ടുവരുന്നതില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് 2013 മാര്‍ച്ച് 20ന് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം മതപരമായ ആഘോഷങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. എന്നാല്‍, ആനകളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടി നിശ്ചയിച്ച നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണം.
ഓരോ ഉത്സവങ്ങള്‍ക്കും ആനകളുടെ എണ്ണംകൂട്ടി പരമാവധി ശക്തി കാണിക്കാനാണ് ആഘോഷ കമ്മിറ്റികള്‍ മത്സരിക്കുന്നത്. 10 മുതല്‍ 32 വരെ ആനകളെയാണ് ഓരോ ഉത്സവങ്ങള്‍ക്കും എത്തിക്കുന്നത്. ചെറു പൂരങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും നാലു മുതല്‍ എട്ടു വരെ ആനകളെ എത്തിക്കും.
ഇന്നലെ ആനയുടെ കുത്തേററ് തൃത്താലയില്‍ പാപ്പാന്‍ മരിച്ചിരുന്നു. തൃത്താല ശിവക്ഷേത്രത്തിലെ താലപ്പൊലിക്കുശേഷം അത്താണിക്കല്‍ ഒരു പറമ്പില്‍ ആനയും പാപ്പാനും വിശ്രമിക്കുന്ന സമയം; രാത്രി ഒരു മണിയോടെ ആരോ ആനയെ ഉപദ്രവിക്കുകയും ആ സമയം ഇടഞ്ഞ ആന, അടുത്ത് തന്നെ കിടന്നുറങ്ങുകയായിരുന്ന പാപ്പാെന ചവിട്ടിയും കുത്തിയും കൊല്ലുകയായിരുന്നു.

(Visited 90 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക