|    Feb 19 Sun, 2017 5:47 pm
FLASH NEWS

നിയമങ്ങള്‍ക്ക് ചട്ടം രൂപീകരിക്കുന്നില്ല: പ്രത്യേക പരിശോധന നടത്തും- സ്പീക്കര്‍

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് അനുസൃതമായി ചട്ടങ്ങള്‍ രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്ന പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് നിയമസഭയുടേതായ രീതിയില്‍ പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. മുന്‍കാലങ്ങളിലും സമീപകാലങ്ങളിലും നിര്‍മിച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം നടത്താന്‍ കഴിയാത്ത വസ്തുത ഏറെ ഗൗരവപൂര്‍വം വീക്ഷിക്കേണ്ടതാണ്.
സംസ്ഥാനത്ത് പഞ്ചായത്തീരാജ് നിയമം നിലവില്‍വന്നിട്ട് നീണ്ട 22 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അടിസ്ഥാനപരമായ കാര്യങ്ങളിലുള്ള ചട്ടങ്ങള്‍പോലും നിര്‍മിക്കുന്നതില്‍ മതിയായ പരിഗണന ലഭിക്കാത്തത് ഖേദകരമാണ്. അടിസ്ഥാനകാര്യങ്ങളിന്‍മേലുള്ള ചട്ടനിര്‍മാണത്തില്‍ അനുഭവപ്പെടുന്ന കാലതാമസമൊഴിവാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണം. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇതുസംബന്ധിച്ച ഉത്തരവാദിത്വം വഹിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. ഇതില്‍ വീഴ്ചകള്‍ കണ്ടെത്തുന്ന കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കി.
പി ഉബൈദുല്ല ഉന്നയിച്ച ക്രമപ്രശ്‌നം പരിഗണിച്ചായിരുന്നു സ്പീക്കറുടെ റൂളിങ്. നിയമസഭ പാസാക്കുന്ന നിയമങ്ങളിലൂടെ സര്‍ക്കാരിനെ ഏല്‍പിക്കുന്ന സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ എന്ന കര്‍ത്തവ്യം വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. ഇതുമൂലം സദുദ്ദേശ്യത്തോടെ നിര്‍മിക്കപ്പെടുന്ന പല നിയമങ്ങളും പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാന്‍ കഴിയാത്തത് നിയമത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സദ്ഫലങ്ങളും ഇല്ലാതാക്കുന്നു. സഭയുടെ നടപടിചട്ടങ്ങളിലെ ചട്ടം 238ല്‍ കൂട്ടിച്ചേര്‍ത്ത പുതിയ വ്യവസ്ഥപ്രകാരം നിയമസഭ പാസാക്കുന്ന നിയമങ്ങളില്‍ ചട്ടങ്ങളുണ്ടെങ്കില്‍ അവ 90 ദിവസത്തിനുള്ളില്‍ തയ്യാക്കുകയും കരടുരൂപത്തില്‍ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി സമര്‍പ്പിക്കേണ്ടതുമാണ്. സബ്ജക്ട് കമ്മിറ്റികള്‍ മൂന്നുമാസത്തിനകംതന്നെ പ്രസ്തുത കരടുചട്ടങ്ങള്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ നിയമസഭ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായ പുരോഗതി കാണാനാവുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക