|    Feb 20 Mon, 2017 12:05 pm
FLASH NEWS

നിയമക്കുരുക്കുകള്‍ തിരിച്ചടിയാവുന്നു; സര്‍ക്കസ് തമ്പുകള്‍ പ്രതിസന്ധിയില്‍

Published : 14th November 2016 | Posted By: SMR

പഴയങ്ങാടി: ഒരുകാലത്ത് കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സര്‍ക്കസ് തമ്പുകള്‍ അതിജീവനം പോലും അസാധ്യമായ വിധത്തില്‍ തകര്‍ച്ച നേരിട്ടതോടെ കലാകാരന്‍മാരും സര്‍ക്കസ് കമ്പനി ഉടമകളും പ്രതിസന്ധിയില്‍. മുന്‍കാലങ്ങളില്‍ വന്യമൃഗങ്ങളെയും മൃഗങ്ങളുടെ അഭ്യാസങ്ങള്‍ കാണാനുമായി നിരവധി പേരാണ് സര്‍ക്കസ് തമ്പുകളിലെത്തിയിരുന്നത്. അതുകൊണ്ടു തന്നെ ജനകീയ കലകളില്‍ ഏറ്റവും മുന്നിലായിരുന്നു സര്‍ക്കസിന്റെ സ്ഥാനം. എന്നാല്‍, ഈയിടെയുണ്ടായ നിയമക്കുരുക്കുകളും ചാനലുകളിലും മറ്റുമുള്ള സര്‍ക്കസുകളുമാണ് കലാകാരന്‍മാരുടെ പ്രതിസന്ധി വര്‍ധിപ്പിച്ചത്. സര്‍ക്കസില്‍ മൃഗങ്ങള്‍ക്ക് വിലക്കു വന്നതാണ് മേഖലയെ ദുരിതത്തിലാക്കിയത്. ആനയും കുതിരയും മാത്രമാണ് ഇപ്പോള്‍ ടെന്റില്‍ കാണുന്നത്. പണ്ടൊക്കെ കുട്ടികളുടെ അഭ്യാസങ്ങള്‍ കാണികളെ ആകര്‍ഷിച്ചിരുന്നു. 2011ല്‍ ചെറിയ കുട്ടികളെ ഉപയോഗിക്കന്നതിനു കൂടി നിരോധനം വന്നതോടെ പുതിയ പ്രതിഭകളെയും കിട്ടാതായി. ഇന്ത്യയില്‍ സര്‍ക്കസ് എത്തിച്ചത് മലയാളിയാണെങ്കില്‍ ഇപ്പോള്‍ മലയാള പെരുമയും ഇല്ലാതായി. ഇതര സംസ്ഥാനക്കാരും ആഫ്രിക്കന്‍ താരങ്ങളുമാണ് ഇപ്പോള്‍ സര്‍ക്കസുകളിലുള്ളത്. സര്‍ക്കസ് കൂടാരങ്ങളിലെ കലാകാരന്‍മാരുടെ ജീവിതം ദുരിതമയമായിട്ട് വര്‍ഷങ്ങളായി. പുതിയ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പല കമ്പനികളും അടച്ചുപൂട്ടി. പഴയ പകിട്ട് നാള്‍ക്കുനാള്‍ സര്‍ക്കസിന് കുറയുകയാണ്. സര്‍ക്കസ് കൂടാരങ്ങളില്‍ ജനിച്ച് അവിടെത്തന്നെ ജീവിച്ച്, ജീവിതം കരുപ്പിടിപ്പിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. ഇവര്‍ക്ക് പുറംലോകവുമായി കാര്യമായ ബന്ധം പോലുമില്ല. നിയമങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും നാട് ചുറ്റിയുള്ള ജീവിതമാണ് സര്‍ക്കസുകാരന്റേത്. ടെലിവിഷന്‍ ചാനലുകളില്‍ കാണുന്ന അഭ്യാസപ്രകടനങ്ങള്‍ക്കപ്പുറമുള്ള കാഴ്ചവിരുന്ന് നല്‍കാനുള്ള യാത്രയില്‍ കാലാവസ്ഥയോ, സ്ഥല സൗകര്യങ്ങളോ ഒന്നും ഇവരെ ബാധിക്കാറില്ല. സര്‍ക്കാരും കോടതികളും സൃഷ്ടിക്കുന്ന പുതിയ നിയമങ്ങള്‍ സര്‍ക്കസിനെ പിന്നോട്ടടുപ്പിക്കുകയാണ്. മൈതാനങ്ങള്‍ കെട്ടുന്നതിനുപോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സര്‍ക്കസ് കൂടാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അധികൃതര്‍ കനിയുന്നില്ലെങ്കില്‍ നൂറുകണക്കിനു പേരുടെ ജീവിതമാണ് നിരാലംബരാവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക