|    Nov 16 Fri, 2018 9:36 am
FLASH NEWS

നിയമം നല്‍കുന്ന സംരക്ഷണം പൂര്‍ണമാകുന്നില്ല: മാധ്യമ സെമിനാര്‍

Published : 23rd February 2018 | Posted By: kasim kzm

കൊച്ചി: കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ നിയമസംരക്ഷണം കൊണ്ട് മാത്രം തടയാനാവില്ലെന്നും കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിലെ വ്യക്തികള്‍ ഓരോരുത്തരും ഉത്തരവാദിത്ത്വമുള്ളവരാണെന്നും കൊച്ചിയില്‍ നടന്ന പോക്‌സോ നിയമം മാധ്യമ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
ഈ ഉത്തരവാദിത്വം നിറവേറ്റിയാല്‍ മാത്രമേ കുട്ടികള്‍ക്കെതിരായ അക്രമം തടയാനാകു. നിര്‍ഭയ പോലുള്ള സംരക്ഷണഹോമുകളില്‍ അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.
പ്രതികളെ കാണാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ ഇത്തരം നിയമസംവിധാനങ്ങള്‍ സഹായിക്കുമെന്ന്് നിര്‍ഭയ ലീഗല്‍ അഡൈ്വസര്‍ ടീന ചെറിയാന്‍ പറഞ്ഞു.
സംരക്ഷണ കേന്ദ്രങ്ങളില്‍ കൃത്യമായ കൗണ്‍സിലിംഗ് നല്‍്കി കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം നല്‍കാന്‍  സംവിധാനങ്ങള്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കള്‍ച്ചറല്‍ അക്കാദമി ഓഫ് പീസ് പ്രസിഡന്റ് ബീന സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. പല കേസുകളിലും പീഡകര്‍ അവരുടെ കുട്ടിക്കാലത്ത് പീഡനത്തിനിരയായവരായിരുന്നുവെന്ന് കാണാം. അതിനാല്‍ ഇത്തരക്കാര്‍ക്കിടയിലേക്കും ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും ബീന സെബാസ്റ്റ്യന്‍ പറഞ്ഞു.
സമൂഹത്തില്‍ ആണ്‍കുട്ടികളും സുരക്ഷിതരല്ലെന്ന് ചൈല്‍ഡ്‌ലൈന്‍ കോഓഡിനേറ്റര്‍ നിരീഷ് അന്റണി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ വഴി റിപോര്‍ട്ട് ചെയ്യപ്പെട്ട 94 കേസുകളില്‍ 34 എണ്ണത്തില്‍ ആണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. കുട്ടികള്‍ക്ക് വ്യക്തിത്വമുണ്ടെന്നും അതിനു പ്രാധാന്യമുണ്ടെന്നും മനസ്സിലാക്കുന്നതില്‍ സ്‌കൂളുകള്‍ പരാജയപ്പെടുന്നുവെന്ന് ചര്‍ച്ച നിയന്ത്രിച്ച ഡോക്ടര്‍ പിഎന്‍എന്‍ പിഷാരടി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അവകാശങ്ങളെപ്പറ്റി മനസ്സിലാക്കുന്നതില്‍ അധ്യാപകര്‍ പരാജയപ്പെടുന്നുവെന്നായിരുന്നു ജില്ല ശിശുസംരക്ഷണ  ഓഫീസര്‍ കെ ബി സൈനയുടെ നിലപാട്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം അധ്യാപകര്‍ക്കിടയിലും പൊതുസമൂഹത്തില്‍ മുഴുവനായും ആവശ്യമാണ്. റിപോര്‍ട്ട് ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ വളരെ ചെറിയ ശതമാനമാണെന്ന് ജുവനൈല്‍ പോലീസ് യൂനിറ്റ് അംഗങ്ങളായ പിഎസ് മുഹമ്മദ് അഷ്‌റഫും എംഎന്‍ പോള്‍ എല്‍വിയും  പറഞ്ഞു.
കുറ്റകൃത്യത്തിന് ഇരയായവര്‍ പലപ്പോഴും വീടുകളിലേക്ക് തിരിച്ചു പോവുകയും സ്വാധീനങ്ങളില്‍ പെട്ട് മൊഴിമാറ്റി പറയുകയും ചെയ്യുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവര്‍ക്ക് തുടര്‍ച്ചയായ കൗണ്‍സലിങ് ആവശ്യമാണെന്ന് ശിശുക്ഷേമ സമിതി അംഗം സിസ്റ്റര്‍ പ്രണിത ഷൈനി പറഞ്ഞു.
കുട്ടികളോട്  ഇടപെടേണ്ട രീതിയെകുറിച്ച്  പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് മാധ്യമപ്രവര്‍ത്തക സ്മിത നമ്പൂതിരി അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള അന്തരീക്ഷം വീടുകളില്‍ ഉണ്ടാകണമെന്ന് ഭൂമിക കൗണ്‍സിലര്‍ യു സി മുംതാസ് പറഞ്ഞു. കുട്ടികളോട് ഇടപെടേണ്ട രീതിയെക്കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാകേണ്ടതുണ്ട്.
അഞ്ചു വയസുകാരനെ കൊണ്ട് 50 വയസുകാരന്റെ വര്‍ത്തമാനം പറയിപ്പിക്കുന്ന വീട്ടിലെ സ്വകാര്യ വിവരങ്ങള്‍ പോലും കുട്ടികളെ കൊണ്ട് വിളിച്ചു പറയിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളെയും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി ദിലീപ് പറഞ്ഞു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് പോക്‌സോ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷനുകളിലെ ജനപ്രിയ സീരിയലുകളും ചില പരിപാടികളും മോശമായ ചിന്താഗതികളാണ് പ്രചരിപ്പിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss