|    Nov 17 Sat, 2018 8:29 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നിയമം നടപ്പാക്കാത്തതാണ് പ്രശ്‌നം

Published : 1st July 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – കെ എ മുഹമ്മദ് ഷമീര്‍, എടവനക്കാട്
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്ല് സര്‍ക്കാര്‍ പാസാക്കിയിരിക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും ലഘൂകരിക്കാന്‍ ശ്രമം നടക്കുന്ന നിയമമാണ് ഇത്. വനമേഖലകള്‍ സംരക്ഷിക്കാന്‍ കൊടുക്കുന്ന പ്രാധാന്യം പോലെത്തന്നെ അനിവാര്യമാണ് നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണവും. കേരളത്തില്‍ 13 ലക്ഷം ഹെക്റ്റര്‍ കൃഷിക്ക് അനുയോജ്യമായ നിലം 1,96,870 ഹെക്റ്ററായി ചുരുങ്ങി. തരിശായി കിടക്കുന്ന വയലുകള്‍ ഉടമകള്‍ നികത്തുന്നത് വ്യാപകമായി. കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും നിയമപരമല്ലാത്ത പരിവര്‍ത്തനങ്ങളില്‍ നിന്നു സംരക്ഷിക്കുകയാണ് നിയമത്തിന്റെ ഉദ്ദേശ്യം. 2008 ആഗസ്ത് 12നാണ് ഈ നിയമം നിലവില്‍ വന്നത്.  ‘സര്‍ക്കാരിന്റെ അംഗീകാരമുള്ള പദ്ധതികള്‍ക്കു വേണ്ടി നെല്‍വയല്‍ നികത്താം’ എന്നതാണ് ഇപ്പോള്‍ വന്നിട്ടുള്ള ഭേദഗതിയുടെ കേന്ദ്രബിന്ദു. 2008നു മുമ്പ് നികത്തിയ ഭൂമിക്ക് ഈടാക്കുന്ന 50 ശതമാനം പിഴയില്‍ കുറവു വരുത്താനും ഭേദഗതിയില്‍ തീരുമാനമുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള പദ്ധതികള്‍ എന്ന പ്രയോഗമാണ് ഈ ഭേദഗതിയിലെ പ്രധാന പ്രശ്‌നവും. 2008ലെ നിയമത്തിലെ 10ാം വകുപ്പില്‍ ‘പ്രാദേശിക സമിതികളുടെ റിപോര്‍ട്ട് പരിഗണിച്ച് സംസ്ഥാന സമിതിക്ക് പൊതു ആവശ്യത്തിന് വയല്‍ നികത്താന്‍ അനുവദിക്കാ’മെന്നുണ്ട്. ഇപ്പോള്‍ പ്രാദേശിക സമിതിയുടെ അനുമതി വേണ്ട. അതിനര്‍ഥം, ഗെയില്‍ പോലുള്ള പദ്ധതികള്‍ ജനവിരുദ്ധമായാല്‍ പോലും ഈ ഭേദഗതിയിലൂടെ സര്‍ക്കാരിന് എളുപ്പത്തില്‍ നടപ്പാക്കാം. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്ക് പ്രാദേശിക സമിതികളുടെ പ്രതികൂല റിപോര്‍ട്ട് പദ്ധതി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ സര്‍ക്കാരിനു തടസ്സം സൃഷ്ടിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ഹൈവേ കൊണ്ടുവരുന്നതിനെതിരായിരുന്നു പ്രാദേശിക സമിതി.  നിയമസഭയില്‍ എതിര്‍ക്കുകയും ബില്ല് കീറിയെറിഞ്ഞു പ്രതിഷേധിക്കുകയുമൊക്കെ ചെയ്ത പ്രതിപക്ഷത്തിന്റെ നിലപാടില്‍ ആത്മാര്‍ഥതയുണ്ടെന്നു കരുതാന്‍ പ്രയാസമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഈ നിയമത്തോട് കൈക്കൊണ്ട സമീപനം ഒട്ടും വ്യത്യസ്തമായിരുന്നില്ല. 10 ഏക്കര്‍ വരെയുള്ള നിലം സ്വകാര്യ വ്യക്തികള്‍ക്ക് അനുവദിച്ചുനല്‍കാനും 2005 വരെ സര്‍ക്കാര്‍ ഭൂമി കൈയേറിയവര്‍ക്ക് ഭൂമി പതിച്ചുകൊടുക്കാനും യുഡിഎഫ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ പാര്‍ലമെന്റ് കമ്മിറ്റിയിലോ നിയമസഭയിലോ സബ്ജക്റ്റ് കമ്മിറ്റിയിലോ ചര്‍ച്ച ചെയ്യാതെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തെ ഭേദഗതി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല, അവര്‍ തന്നെയാണ് ന്യായവിലയുടെ 25 ശതമാനം അടച്ച് തണ്ണീര്‍ത്തടം നികത്താമെന്ന ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, ഇവിടെ ഒരു സര്‍ക്കാരും പരിഗണിക്കാതെ വിടുന്ന വിഭാഗമുണ്ട്. 2008ലെ നിയമത്തിന്റെ ഭാഗമായ ഡാറ്റാ ബാങ്ക് പൂര്‍ത്തിയാവാത്തതുകൊണ്ട് പ്രയാസപ്പെടുന്ന സാധുക്കള്‍. 2016ല്‍ മാത്രം സംസ്ഥാനത്ത് നിലം നികത്തി വീടു വയ്ക്കാന്‍ അപേക്ഷ നല്‍കിയവരോ, നിര്‍മിച്ച വീടിനു പഞ്ചായത്തില്‍ നിന്ന് അനുമതിക്കായി കാത്തുനില്‍ക്കുന്നവരോ ആയ 93,000 പേരുണ്ട്. ഇപ്പോള്‍ അത് ഒരു ലക്ഷം കവിഞ്ഞിട്ടുണ്ടാവും. അപേക്ഷകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. സമാനമായ പ്രതിസന്ധിയിലാണ് റീസര്‍വേ പൂര്‍ത്തിയാക്കാത്ത പ്രദേശങ്ങളിലെ ജനങ്ങള്‍. വീടു വയ്ക്കാനും വീട് പുതുക്കിപ്പണിയാനും പഞ്ചായത്തില്‍ നിന്ന് അനുവാദം കിട്ടാത്ത അവസ്ഥയാണ്. 2008ലെ നിയമത്തിന്റെ ഭാഗമായിരുന്നു കൃഷിയോഗ്യമായ നെല്‍വയലുകളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കുമെന്നത്. അത് അടിസ്ഥാനമാക്കിയാണ് ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലം പുരയിടമാണോ നിലമാണോ എന്ന് വേര്‍തിരിക്കാനാവുക. മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിരുന്ന രേഖ പക്ഷേ, നിയമം പ്രാബല്യത്തില്‍ വന്നു 10 വര്‍ഷം തികയുമ്പോഴും പൂര്‍ത്തിയായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss