|    Oct 24 Wed, 2018 4:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിയമം കൈയിലെടുത്താല്‍ കര്‍ശന നടപടി വേണമെന്ന് സുപ്രിംകോടതി : ഗോരക്ഷകര്‍ക്ക് താക്കീത്‌

Published : 23rd September 2017 | Posted By: fsq

 

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: പശുസംരക്ഷണത്തിന്റെ പേരു പറഞ്ഞ് നിയമം കൈയിലെടുക്കുന്ന ഗോരക്ഷകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രിംകോടതി. ഗോരക്ഷകരുടെ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കി. ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് എല്ലാ സംസ്ഥാനങ്ങളും അറിയിക്കണം. അടുത്തമാസം 31നകം ചീഫ് സെക്രട്ടറിമാര്‍ ഇതുസംബന്ധിച്ച് വിശദ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അക്രമത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധ്യതയുണ്ട്. ക്രമസമാധാനം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. പശുസംരക്ഷണത്തിന്റെ മറവില്‍ ആക്രമണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. പശുസംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത് സംഘപരിവാരം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ ഇക്കാര്യം തടയണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ ഗാന്ധി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനേവാല എന്നിവര്‍ നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി നിര്‍ദേശം. അതേസമയം, ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, ഹരിയാനയിലെ മെവാത്തില്‍ ഗോരക്ഷാ അക്രമികള്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ പെഹ്‌ലൂഖാന്റെയും ട്രെയിനില്‍ വച്ച് മര്‍ദിച്ചുകൊലപ്പെടുത്തിയ ജുനൈദ് എന്ന മതവിദ്യാര്‍ഥിയുടെയും കേസുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പെഹ്‌ലൂഖാന്റെയും ജുനൈദിന്റെയും ബന്ധുക്കള്‍ക്കെതിരേ പ്രതികാരനടപടിയുടെ ഭാഗമായി പ്രതികള്‍ കേസ് നല്‍കിയതും സിബല്‍ കോടതിയില്‍ ഉന്നയിച്ചു. പെഹ്‌ലൂഖാനെ ആക്രമിച്ചവര്‍ക്ക് വേണ്ട ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലും പ്രോസിക്യൂഷന് സാധിച്ചില്ലെന്നും സിബല്‍ ആരോപിച്ചു. ജുനൈദിന് നഷ്ടപരിഹാരം ലഭിച്ചില്ലെന്നും അദ്ദേഹത്തിന്റെ പിതാവിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നിഷേധിച്ചെന്നും ഇന്ദിരാ ജയ്‌സിങും ചൂണ്ടിക്കാട്ടി. എന്നാല്‍, ജുനൈദിന്റെ കേസിലെ വിശദാംശങ്ങളിലേക്കു കടക്കാതിരുന്ന ചീഫ് ജസ്റ്റിസ്, അതു മറ്റൊരു സംഭവമാണെന്ന് അഭിപ്രായപ്പെട്ടു. തുഷാര്‍ ഗാന്ധിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്, ഗോരക്ഷാ സേനകളെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനോട് പ്രതികരിച്ച ചീഫ് ജസ്റ്റിസ്, ഗോരക്ഷയുടെ പേരിലുള്ള ആക്രമണം തടയാന്‍ നിയമമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്നും യാതൊരു കാരണവശാലും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് അവര്‍ അറിയിച്ചതായും പറഞ്ഞു. തങ്ങള്‍ ഗോരക്ഷകരെ പിന്തുണയ്ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഇതിനിടെയെല്ലാം ഗോരക്ഷകര്‍ അഴിഞ്ഞാടുകയാണ്.  ഈ ആക്രമണങ്ങള്‍ അവസാനിപ്പിച്ചേ തീരൂ- ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. എന്നാല്‍, ക്രമസമാധാന പാലനത്തിന്റെ ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന മുന്‍ നിലപാട് ആവര്‍ത്തിക്കുകയാണ് ഇന്നലെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ചെയ്തത്. അക്രമികള്‍ക്കെതിരേ കടുത്ത നടപടിയെടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍ക്കാരും കോടതിയെ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss