|    Jan 21 Sat, 2017 1:42 am
FLASH NEWS

നിയമം കര്‍ശനമാക്കുന്നു, ഇനി ചാത്തുവേട്ടനോട് കളിച്ചാല്‍ വിവരമറിയും!

Published : 30th August 2016 | Posted By: frfrlnz

 

Mammootty-indulekhaന്യൂഡല്‍ഹി: ചാത്തുവേട്ടനെ അറിയില്ലേ? പരസ്യം കണ്ട് ഇന്ദുലേഖ സോപ്പ് വാങ്ങി ഉപയോഗിച്ചിട്ടും സൗന്ദര്യം കൂടിയില്ല എന്ന് കാണിച്ച് മമ്മുട്ടിക്കും സോപ്പു കമ്പനിക്കുമെതിരേ കേസ് നല്‍കിയ ചാത്തുവേട്ടന്‍.  ഒടുവില്‍ മമ്മുട്ടിയും പരസ്യകമ്പനിയും കേസ് ഒത്തുതീര്‍പ്പാക്കി ചാത്തുവേട്ടന് 30,000 രൂപ നല്‍കിയതും. എന്നാല്‍ ഇനി ചാത്തുവേട്ടനെപ്പോലുള്ളവര്‍ ഒന്നു മനസുവെച്ചാല്‍ കണ്ണും പൂട്ടി പരസ്യത്തിലഭിനയിക്കുന്ന
പല താരങ്ങളെയും അഴിയെണ്ണിക്കാന്‍ കഴിഞ്ഞേക്കും. ചിലപ്പോള്‍ അഞ്ചു വര്‍ഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാം.
വ്യാജ അവകാശ വാദങ്ങളുന്നയിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമം വരികയാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രമുഖര്‍ക്ക് കര്‍ശനമായ ഉത്തരവാദിത്തം നല്‍കണമെന്ന പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു കഴിഞ്ഞു. തെലുങ്ക്‌ദേശം പാര്‍ട്ടി അംഗം ജെ സി ദിവാകര്‍ റെഡ്ഡിയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
ഉല്‍പന്നങ്ങളുമായി ബന്ധപ്പെടുത്തി തെറ്റായ അവകാശവാദങ്ങള്‍ ശരിവയ്ക്കുന്ന താരങ്ങള്‍ക്ക് അഞ്ച് വര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയുമാണ് നിയമഭേദഗതി നിര്‍ദേശം. വ്യാജ പരസ്യവുമായി ബന്ധപ്പെട്ട് പരാതിയുണ്ടായാല്‍ നിരപരാധിത്തം തെളിയിക്കേണ്ട ഉത്തരവാദിത്തം പരസ്യത്തില്‍ അഭിനയിച്ച താരത്തിനായിരിക്കും.
ആദ്യമായുണ്ടാകുന്ന തെറ്റിന് രണ്ടു വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക. തെറ്റ് ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുതുക്കിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലെ 17ാം വകുപ്പ് അനുസരിച്ച് ശബ്ദരൂപത്തിലോ ചിത്രീകരണ രൂപത്തിലോ മറ്റ് ഏതെങ്കിലും തരത്തിലോ ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രമുഖര്‍ ശിക്ഷയുടെ പരിധിയില്‍ വരും. ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നവര്‍ എന്നതിന്റെ പരിധിയില്‍ വ്യക്തികള്‍, സംഘങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയും ഉള്‍പ്പെടും. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം നിര്‍മാതാവിനും സേവന ദാതാക്കള്‍ക്കുമായിരിക്കുമെന്നും ബില്ലിലെ 75 എ വകുപ്പ് പറയുന്നു. അതോടൊപ്പം, പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റിക്കും ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്കും ബാധ്യതയുണ്ടാവും. ഉപഭോക്തൃ സംരക്ഷണ ബില്ലില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അടുത്താഴ്ച നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം പരിഗണിക്കും.
‘ഇന്ദുലേഖ സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും’ എന്ന പരസ്യവാചകം കേട്ട് സോപ്പ് വാങ്ങി ഉപയോഗിച്ചിട്ടും തന്റെ സൗന്ദര്യം കൂടിയില്ലെന്നാരോപിച്ച് വയനാട് സ്വദേശി ചാത്തു കഴിഞ്ഞ സെപ്തംബറിലാണ് പരസ്യചിത്രത്തിലഭിനയിച്ച മമ്മൂട്ടിക്കും കമ്പനിയ്ക്കും എതിരെ ജില്ലാ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ലഭിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ഒടുവില്‍ 30,000 രൂപ നല്‍കി കമ്പനി കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. കേസ് ഒത്തു തീര്‍ന്നെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരായി ചാത്തുവേട്ടന്‍ നടത്തിയ നിയമയുദ്ധം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.
പുതിയ നിയമം നടപ്പിലാകുന്നതോടെ ചാത്തുവേട്ടനെ മാതൃകയാക്കി ആരെങ്കിലുമൊക്കെ കേസിനു പോയാല്‍ പല സൂപ്പര്‍ താരങ്ങളും വെള്ളം കുടിക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്ന താരങ്ങളുടെ പട്ടികയില്‍ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രിറ്റിസിന്റ, ജനീലിയ ഡിസൂസ, ഹൃത്വിക് റോഷന്‍, പ്രിയങ്കാ ചോപ്ര എന്നിവര്‍ മുതല്‍ കാവ്യാ മാധവന്‍ വരെയുള്‍പ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4,642 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക