|    Jun 21 Thu, 2018 12:34 am
FLASH NEWS

നിയന്ത്രണങ്ങള്‍ കടലാസില്‍; ലക്കിടിയില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം തുടരുന്നു

Published : 5th November 2015 | Posted By: SMR

വൈത്തിരി: ജില്ലയിലെ പരിസ്ഥിതി ലോല മേഖലകളിലെ പ്രദേശങ്ങളില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മിച്ച ആഡംബര ഫഌറ്റുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുമ്പോഴും വീണ്ടും ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതിനുള്ള നീക്കം ഊര്‍ജിതം. സ്വഭാവിക നീരുറവകള്‍ ഗതിമാറ്റി നിര്‍മിച്ച വന്‍കിട കെട്ടിടങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത് സാധാരണ ജനവിഭാഗങ്ങളുടെ ജീവിതം തകര്‍ത്താണ്.
ഃറിസോര്‍ട്ട് മാഫിയകളുടെ കടന്നുകയറ്റത്തില്‍ അതീവ ലോലമേഖലയായ ലക്കിടിയിലെ ഒരുപ്രദേശം തന്നെയാണ് ഇല്ലാതായത്. ദേശീയപാതയുടെ അരികിലായി 13 നിലകളുള്ള ഫഌറ്റില്‍ 73 മുറികളാണുള്ളത്. എന്നാല്‍, ഇതില്‍ 50 മുറികളുടെ വില്‍പന നടക്കാത്തതിനാല്‍ റിസോട്ടുകളായി പ്രവര്‍ത്തിക്കുകയാണ്. തൊട്ടടുത്തായി നിര്‍മിച്ച അഞ്ചു നില കെട്ടിടവും സമാനരീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഫഌറ്റുകള്‍ റിസോര്‍ട്ടായി പ്രവര്‍ത്തിച്ച് വന്‍ വൈദ്യുതി തട്ടിപ്പാണ് നടത്തിയത്. വൈദ്യുതി ബോഡിലെ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തി ആറര ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. വളരെ മര്‍മ പ്രധാനവും അതീവ ജൈവവൈവിധ്യ പ്രാധാന്യമുള്ളതുമായ പ്രദേശങ്ങളില്‍ അനിയന്ത്രിതവും അശാസ്ത്രീയവുമായി ഉയര്‍ന്ന ഇത്തരം ബഹുനില കെട്ടിടങ്ങള്‍ വയനാടിന്റെ കാലാവസ്ഥയെ തന്നെ തകിടംമറിച്ചു.
കെട്ടിട നിര്‍മാണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം വയനാടന്‍ ചരിത്രത്തില്‍ ഇടമുള്ള ലക്കിടിയില്‍ അവശേഷിക്കുന്ന പച്ചപ്പെങ്കിലും നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷകള്‍ നിലനിക്കുമ്പോഴാണ് നിയന്ത്രണം പിന്‍വലിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. കേരളത്തിലെ ചിറാപ്പുഞ്ചിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലക്കിടിയില്‍ 2002 മുതല്‍ മഴയുടെ അളവില്‍ ഗണ്യമായി കുറവ് അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു. നിത്യഹരിതവനങ്ങള്‍ നശിപ്പിച്ചും ചോലവനങ്ങളും സ്വഭാവിക മഴക്കാടുകളും ഇല്ലാതാക്കി മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ പരിണിതഫലമാണ് കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് കാരണം. ടൂറിസത്തിന്റെ സാധ്യതകള്‍ തേടി ചുരം കയറിയ റിയല്‍ എസ്‌റ്റേറ്റ് ലോബികള്‍ക്ക് വികസനത്തിലുപരി കച്ചവടതാല്‍പര്യം മാത്രമായിരുന്നു ലക്ഷ്യം. വൈത്തിരി പഞ്ചായത്തിലെ വിവിധ മേഖലയില്‍ ഏക്കര്‍കണക്കിന് ഭൂമിയാണ് ഇത്തരക്കാര്‍ വാങ്ങിക്കൂട്ടിയത്.
ഓടയും കൈതയും വെട്ടിമാറ്റി കോണ്‍ക്രീറ്റ് സൗധങ്ങള്‍ ഉയര്‍ന്നപ്പോള്‍ കബനിയുടെ ഉല്‍ഭവ കേന്ദ്രമായ മണ്ടമലയിലെയും അരുണഗിരി പുഴയിലെയും സ്വഭാവിക നിരുറവകള്‍ അടഞ്ഞുപോയി. റിസോര്‍ട്ടുകളില്‍ നിന്ന് ഒഴുക്കിവിടുന്ന അവശിഷ്ടങ്ങള്‍ സാധാരണക്കാരുടെ കുടിവെള്ളം മലിനമാക്കി. വ്യാപാര ആവശ്യത്തിനോ സര്‍ക്കാര്‍ ഓഫിസുകള്‍ക്കോ മൂന്നാം നിലയ്ക്കു മുകളില്‍ ഉപയോഗം നടക്കുന്നില്ലെന്ന വസ്തുത മറന്നാണ് അംബരചുംബികളായ കെട്ടിടങ്ങള്‍ ജില്ലയില്‍ ഉയര്‍ന്നുപൊങ്ങിയത്.
കാലാവസ്ഥാ വ്യതിയാനവും അടിക്കടിയുണ്ടാവുന്ന മണ്ണിടിച്ചിലും വര്‍ധിച്ചതിനെ തുടര്‍ന്ന് അശാസ്ത്രീയമായി നടക്കുന്ന നിര്‍മാണങ്ങള്‍ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അതീവലോല മേഖലകളില്‍ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് 2009ല്‍ ഡോ. ജി ശങ്കറിന്റെ നേതൃത്വത്തില്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് ആന്‍ഡ് സ്റ്റഡീസ് നടത്തിയ പഠന റിപോട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത്തരം ബെല്‍റ്റ് ഏരിയകളില്‍ മഴക്കുഴി പോലും എടുക്കുന്നതു കനത്ത ആഘാതത്തിന് കാരണമാവുമെന്നും കണ്ടെത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss