|    Jul 23 Sun, 2017 10:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ്സിടിച്ച് വിദ്യാര്‍ഥിനി മരിച്ചു

Published : 1st October 2016 | Posted By: SMR

മലപ്പുറം: സ്‌കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് വിദ്യാര്‍ഥികളെ ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും രക്ഷിതാക്കളടക്കം 40ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സ്‌കൂള്‍ ബസ്സാണ് അപകടത്തിനിടയാക്കിയത്.
മലപ്പുറം ഇത്തിള്‍പറമ്പ് നായംവീട്ടില്‍ അമീറിന്റെ മകളും ഒമ്പതാംതരം വിദ്യാര്‍ഥിനിയുമായ സിത്താര പര്‍വിന്‍ (14) ആണു മരണപ്പെട്ടത്. അപകടത്തില്‍ സിത്താര പര്‍വിന്റെ മാതാവ് ഷാനിബയ്ക്കും പരിക്കേറ്റു. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം.
സ്‌കൂള്‍ കോപൗണ്ടില്‍ നിന്നു വിദ്യാര്‍ഥികളെ കയറ്റി 100 മീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. സ്‌കൂളില്‍ നിന്നു നടന്ന് പുറത്തുപോവുകയായിരുന്ന വിദ്യാര്‍ഥികളെ ഇടിച്ചു തെറിപ്പിച്ചശേഷം ബസ് കോംപൗണ്ടിനകത്തുതന്നെയുള്ള മരത്തില്‍ ചെന്നിടിച്ചാണു നിന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ഡ്രൈവര്‍ ബസ് മരത്തിലിടിപ്പിക്കുകയായിരുന്നു.
ഇന്നലെ സ്‌കൂളില്‍ രക്ഷിതാക്കളുടെ യോഗമായിരുന്നു. യോഗം കഴിഞ്ഞ് വിദ്യാര്‍ഥികളും രക്ഷിതാക്കളും വീട്ടിലേക്കു പോകവെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസ്സിനുള്ളിലുള്ള കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. എയര്‍ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് ആര്‍ടിഒ കെ എം ഷാജി പറഞ്ഞു.
ഹുസ്‌ന ഫര്‍സാന, റസ്‌ന ഫര്‍സാന, അതുല്യ, മീനു, ഫാത്തിമ ഷാജിയ, ജംഷിദ, ഹിഷാന ജാസ്മിന്‍, നാജിയ, നിഷ്‌ന, നിയ നൗറിന്‍, ആയിഷാന (15),  ആയിഷ, ഫാത്തിമ ഷാഹിന്‍, ഫാത്തിമ ഷഹദിയ, ഷഹ്‌ല, ഹിസാന, മരിച്ച സിത്താര പര്‍വീണിന്റെ മാതാവ് ഷാനിബ, രക്ഷിതാക്കളായ സൈഫുന്നീസ (34), റസിയ (41), റഹ്മത്തുന്നീസ (34),  ബുഷ്‌റ (40), ജാസ്മിന്‍ (32), നൂഷിബ (35),  സാജിത (31), ആമിന, മൈമൂന (36) എന്നിവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരില്‍ അതുല്യ, ഹിബ ഫാത്തിമ, റിഷാദ, ഫിദ (12) എന്നിവര്‍ മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
മരിച്ച സിത്താരയുടെ മാതാവ്: ഷാനിബ. സഹോദരങ്ങള്‍: മുഹമ്മദ് മുന്നാസ്, ജിമില്‍ പര്‍വീന്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് രാവിലെ 11.30ന് മലപ്പുറം ചെത്തുപ്പാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക