|    Dec 17 Sun, 2017 1:32 pm
FLASH NEWS

നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

Published : 21st March 2017 | Posted By: fsq

ചവറ: നിയന്ത്രണംതെറ്റിയ കെഎസ്ആര്‍ടിസി ബസ് റോഡരുകിലെ വ്യാപാര സ്ഥാപനത്തില്‍ ഇടിച്ചു നിന്നു.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ടൈറ്റാനിയം- ഭരണിക്കാവ് സംസ്ഥാന പാതയില്‍ തേവലക്കര കടപ്പായില്‍ ജങ്ഷന് സമീപമാണ് ഇന്നലെ രാവിലെ 8.40ന് അപകടം നടന്നത്. കൊല്ലത്ത് നിന്നും പത്തനംതിട്ടയക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി വേണാട് ബസാണ് നിയന്ത്രണംതെറ്റിയതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ ഷെയ്ഡില്‍ ഇടിച്ചു നിന്നത്. മാസങ്ങള്‍ക്ക് മുമ്പ് റോഡ് പൊളിച്ച് ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്തെ വളവിലെത്തിയപ്പോഴാണ്  ബസ് നിയന്ത്രണം വിട്ടത്. കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിനിടയില്‍ ഇരുപതിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറുകോടിയിലധികം രൂപ ചില ചെലവഴിച്ച് ആധുനിക രീതിയില്‍ ടാര്‍ ചെയ്ത റോഡ് മാസങ്ങള്‍ക്ക് മുമ്പാണ് കുത്തിപ്പൊളിച്ച് ഒരടിയോളം പൊക്കി ഇന്റര്‍ലോക്കിങ് കട്ടകള്‍ നിരത്തിയത്. വലിയ വളവുള്ള ഭാഗത്ത് ടാറിങ് ഒഴിവാക്കിയതിനെതിരേ അന്നു മുതലേ പരാതികള്‍ ഉയര്‍ന്നതാണ്. രണ്ട് മാസത്തിന് മുമ്പ് നിര്‍മിച്ച ഇന്റര്‍ലോക്ക് പാതയില്‍ ദിവസേന അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധത്തിലാണ്.
പതിവിന് വിരുദ്ധമായി മിനുസമുള്ള ലോക്കിങ് കട്ടകളാണ് ഇവിടെ നിരത്തിയിരിക്കുന്നത്. ഇത് കാരണം അപകടമുണ്ടാകുന്ന റോഡില്‍ ചെറിയ മഴയില്‍ മിക്ക വാഹനങ്ങളും തെന്നി വീഴുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ബസ് തെന്നി വന്നിടിച്ചതോടെ  വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ ഭയപ്പാടിലാണ്. ഇതിനിടയില്‍ ഇതുവഴി പോവുകയായിരുന്ന എന്‍ വിജയന്‍ പിള്ള എംഎല്‍എ അപകടം കണ്ട് സ്ഥലത്തിറങ്ങി വിവരങ്ങള്‍ ആരാഞ്ഞു. നിരന്തരമായി നടക്കുന്ന അപകടങ്ങള്‍ക്ക് റോഡിലെ അശാസ്ത്രീയ ഇന്റര്‍ലോക്കിങ്ങാണ് കാരണമെന്നും ഇതിന് പരിഹാരം കാണണമെന്നും നാട്ടുകാര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടു. അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇന്റര്‍ലോക്കിങ് കട്ടകള്‍ ഇളക്കി മാറ്റി പഴയ രീതിയില്‍ ടാറിങ് നടത്തണമെന്ന ആവശ്യത്തിലാണ് നാട്ടുകാരും യാത്രക്കാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss