|    Mar 21 Wed, 2018 6:26 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നിയന്ത്രണം ഘോഷയാത്രക്ക് മാത്രം പോരാ

Published : 15th January 2016 | Posted By: SMR

കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇതനുസരിച്ച് ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു ജില്ലാ കലക്ടറുടെയും ജില്ലാ പോലിസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ.
വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ ഘോഷയാത്രകള്‍ സംഘടിപ്പിക്കാറുണ്ട്. കുട്ടികള്‍ക്ക് സാമൂഹികാവബോധം പകരുന്നതിനും കൂടുതല്‍ ഇടപഴകുന്നതിനും ഇത്തരം പരിപാടികള്‍ അവസരമൊരുക്കുമെന്നത് ശരിയാണ്. നമ്മുടെ വിദ്യാലയങ്ങളിലും തെരുവുകളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് വിവിധ പരിപാടികള്‍ക്കു വര്‍ണശബളിമ കൂട്ടുന്നതിനു കുട്ടികളെ അണിനിരത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടക്കി സദസ്സു നിറയ്ക്കാനും തെരുവില്‍ അണിനിരത്താനുമുള്ള നീക്കങ്ങള്‍ക്ക് പുതിയ നിയന്ത്രണം തടസ്സമാകുമെങ്കില്‍ ശ്ലാഘനീയമാണ്.
പഠനം മുടക്കി 14 വയസ്സിനു താഴെയുള്ള കുട്ടികളെ ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നത് സര്‍ക്കുലര്‍ തടയുന്നു. ഘോഷയാത്രയില്‍ കുട്ടികളെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കരുത്, മൂന്നു മണിക്കൂറില്‍ കൂടുതല്‍ സമയം പാടില്ല, പ്രവൃത്തിദിവസങ്ങളില്‍ രാവിലെ ഒമ്പതരയ്ക്കും വൈകുന്നേരം നാലരയ്ക്കുമിടയില്‍ ഘോഷയാത്രകള്‍ ഒഴിവാക്കണം, അവധിദിനങ്ങളില്‍ രാവിലെ പത്തിനും ഉച്ചക്ക് മൂന്നിനുമിടയില്‍ പാടില്ല, കുട്ടികളുടെ സുരക്ഷ സംഘാടകര്‍ ഉറപ്പുവരുത്തണം, വൈദ്യസഹായം ലഭ്യമാക്കുന്നതിന് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിക്കണം തുടങ്ങിയ വ്യവസ്ഥകളും പുതിയ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നു.
കുട്ടികളെ നിര്‍ബന്ധപൂര്‍വം ഘോഷയാത്രകളില്‍ പങ്കെടുപ്പിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മേലധികാരികളുടെ ഉത്തരവ് പ്രകാരം കുട്ടികളെ റാലികള്‍ക്കായി നയിക്കേണ്ടിവരുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ മാര്‍ഗരേഖ സന്തോഷകരമാണ്.
ഘോഷയാത്രകളില്‍ മാത്രമല്ല കുട്ടികള്‍ക്കു പീഡനം നേരിടുന്നത് എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. പൊരിവെയിലത്തു നടക്കുന്ന സ്‌കൂള്‍ അസംബ്ലികള്‍ക്കും നിയന്ത്രണം വേണം. വിവിധ ചടങ്ങുകളില്‍ സ്‌കൂളുകളില്‍ നിന്നു മുഖ്യാതിഥികളെ വരവേല്‍ക്കുന്നതിനും മറ്റുമായി കുട്ടികളെ ഒരുക്കിനിര്‍ത്താറുണ്ട്. വൈകിയെത്തുന്നത് ശീലമായ മുഖ്യാതിഥികളെ കാത്ത് കുടിവെള്ളം പോലും ലഭിക്കാതെ തളര്‍ന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പലപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങുകളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറെയും. കുട്ടികളും അവരോടൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന അധ്യാപകരും നേരിടുന്ന ഈ പീഡനത്തിനുകൂടി നിയന്ത്രണം വേണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss