|    Apr 22 Sun, 2018 8:34 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നിയംഗിരി കുന്നുകള്‍ക്ക് തീപ്പിടിക്കുന്നു

Published : 28th May 2016 | Posted By: SMR

റെനി ഐലിന്‍

പേരില്‍ത്തന്നെ ഒരു ബ്രാഹ്മണിക്കല്‍ ഗന്ധമുള്ള കുത്തകഭീമനാണ് വേദാന്ത. ഭുവനേശ്വറില്‍ നിന്ന് ഒരു രാത്രി ട്രെയിനില്‍ യാത്ര ചെയ്താല്‍ മാത്രമേ വേദാന്ത ഭൂമിക്ക് സമീപമെത്തുകയുള്ളു. മുനിഗുഡ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിന്നെയും ഒരുമണിക്കൂറിലധികം റോഡ് മാര്‍ഗം യാത്രചെയ്യണം. ലാന്‍ജിഗഡ് എന്ന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍ ഉയര്‍ന്ന പുകക്കുഴലുകളും വേദാന്തയുടെ കൂറ്റന്‍ ബോര്‍ഡുകളും സ്വാഗതം ചെയ്യുന്നു. ബോക്‌സൈറ്റ് ഖനനം മാത്രമാണ് കമ്പനിക്കുള്ളത് എന്നു കരുതിയെങ്കില്‍ തെറ്റി. ചെമ്മണ്ണ് സംസ്‌കരിച്ചെടുക്കുന്ന ഒരു ഫാക്ടറി വേറെയുമുണ്ട്. പ്രസ്തുത പ്രദേശത്തെ അന്തരീക്ഷം മുഴുവന്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം മനസ്സിലാക്കിത്തരുന്ന അടയാളമാണ്. വായുവിലും പരിസരത്തും നിറഞ്ഞുനില്‍ക്കുന്ന ചുവന്ന പൊടി. പച്ചിലകള്‍ക്കു പകരം അവിടം മുഴുവന്‍ ചുവന്ന ഇലകളാണ്. ഫാക്ടറിയുടെ സമീപത്തു നിന്നു വരുന്ന വ്യക്തികളെയോ വാഹനങ്ങളെയോ ഏതൊരാള്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു. കാരണം, വാഹനങ്ങളുടെ ചില്ലുകളിലും ആളുകളുടെ ശരീരത്തിലും വേദാന്തയുടെ ഈ ‘ചുവന്ന അടയാളം’ തീര്‍ച്ചയായും ഉണ്ടാവും.

ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി പളനിവേല്‍ ചിദംബരം ഉന്നതസ്ഥാനം വഹിക്കുന്ന വേദാന്തകമ്പനിയുടെ ചുവരെഴുത്താണ് ഏറ്റവും വലിയ തമാശ- ‘ഗോ ഗ്രീന്‍.’ എല്ലാകാലത്തും ഏതൊരു അന്താരാഷ്ട്ര കുത്തകഭീമന്റെയും തന്ത്രം അതാണല്ലോ. ജലമൂറ്റുന്ന കോലക്കമ്പനികള്‍ സാധാരണക്കാരന്റെ ദാഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന കച്ചവടതന്ത്രം. അഥവാ കൊള്ളലാഭത്തിന്റെ നിശ്ചിത ശതമാനം സ്വന്തം കൈകളാല്‍ ചാവുനിലങ്ങളിലേക്ക് ആനയിക്കപ്പെടുന്ന പാവങ്ങളുടെ ‘ഉന്നമനത്തിന് ചെലവഴിക്കുന്ന ദീനാനുകമ്പ.’ ഇപ്പറഞ്ഞ കാര്യത്തില്‍ ബില്‍ഗേറ്റ്‌സ് മുതല്‍ കേരളത്തിലെ കിറ്റെക്‌സ് ഗ്രൂപ്പ് വരെ ഒരേ നിരയില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍, ഇത്തരം തട്ടിപ്പുപരിപാടികളൊന്നും ആദിവാസി ജനതയുടെ അടുത്ത് ചെലവായില്ലെന്നത് വേറെ കാര്യം. വേദാന്ത അലൂമിനിയം റിഫൈനറി, ബോക്‌സൈറ്റ് സംസ്‌കരണം അങ്ങനെ വിവിധ മേഖലകളില്‍ 5,000 കോടി രൂപയാണു നിക്ഷേപിച്ചിരിക്കുന്നത്. ഒറീസ മൈനിങ് കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം വേദാന്തയോടൊപ്പം പദ്ധതിയില്‍ പങ്കാളിയാണ്. ഏകദേശം 250 ചതുരശ്ര കിലോമീറ്റര്‍ കാടിനെയും അതിലെ ആദിവാസി ജനതയെയും അക്ഷരാര്‍ഥത്തില്‍ 5,000 കോടി കൊടുത്ത് വിലയ്‌ക്കെടുത്തെന്നു പറഞ്ഞാല്‍ തെറ്റില്ല. റായ്ഗഡ്, കലഹണ്ടി എന്നീ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന വനവിഭവങ്ങളടങ്ങിയ നിയംഗിരി കുന്ന് തകര്‍ന്നാല്‍ കാലാവസ്ഥ മാത്രമല്ല, ആദിവാസി ജനതയുടെ ജീവന്‍തന്നെയും അപകടത്തിലാവും.
ദോംഗ്രിയ ഖോണ്ട് എന്ന ആദിവാസി ജനതയാണ് വേദാന്തയുടെ പ്രഥമ ഇര. നിയംഗിരി സുരക്ഷാസമിതിയുടെ പ്രവര്‍ത്തകന്‍ ലിംഗരാജ് ആസാദ് പറഞ്ഞു: ”ഞങ്ങളെ മാവോവാദികളാക്കി മുദ്രകുത്തി സമരം അടിച്ചമര്‍ത്താനാണു ശ്രമം. അതു നടക്കില്ല.” കാട്ടിലൂടെ ആദ്യ ദിവസം ഏകദേശം 12 കിലോമീറ്ററോളം വഴിതെറ്റി യാത്രചെയ്ത ഞങ്ങളെ പിന്നീട് നയിച്ചത് ഒരു ആദിവാസി ബാലനാണ്. കുന്നുകളില്‍ വിവിധയിടങ്ങളിലായി ഗ്രാമങ്ങളുണ്ട്. ഒരു ഗ്രാമത്തില്‍ അഞ്ചു മുതല്‍ 10 വരെ കുടുംബങ്ങള്‍. ചിലയിടങ്ങളില്‍ അതില്‍ കൂടുതലും ഉണ്ട്. ഗ്രാമങ്ങളെല്ലാം ഭീതിയിലാണ്. അര്‍ധ സൈനികരും പോലിസും ഏതുസമയത്തും കടന്നുവന്ന് ആരെയും വെടിവച്ചുകൊല്ലാം. അല്ലെങ്കില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോവാം. ബോക്കോമാജി എന്ന ഗ്രാമത്തലവനെ ഒരു വെളുപ്പാന്‍കാലത്ത് കുന്ന് കയറിവന്ന് അര്‍ധ സൈനികര്‍ കൊണ്ടുപോയതാണ്. പിന്നീട് ഒരു വിവരവുമില്ല. അതോടൊപ്പം ഒരു പച്ച യൂനിഫോം അവിടെ ഉപേക്ഷിച്ചുപോവുകയും ചെയ്തു. നാളെ ബോക്കോമാജി എന്ന നാലു മക്കളുടെ പിതാവായ ആ മനുഷ്യന്‍ ഇന്ത്യയിലെ ഏറ്റവും തലയ്ക്ക് വിലയുള്ള മാവോവാദിയായാല്‍ അതിശയിക്കാനില്ല. കാരണം, ട്രൈബല്‍ സ്‌കൂളിലെ ഒരു ഒമ്പതാം ക്ലാസുകാരനെ മാവോവാദിയെന്ന പേരില്‍ വെടിവച്ചുകൊന്നത് സമീപകാലത്താണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തെക്കുറിച്ച് റായ്ഗഡ് എസ്പിയോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, കൊല്ലപ്പെട്ട മന്ദ കര്‍ട്രാക കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയും മാവോവാദി ക്യാംപില്‍ പങ്കെടുത്തയാളുമാണ് എന്നാണ്. ബോക്കോമാജിയെ എന്തിന് കസ്റ്റഡിയിലെടുത്തു എന്നു ചോദിച്ചപ്പോള്‍, സംഭവം തന്നെ അറിയില്ലെന്നു പറഞ്ഞു. നിയംഗിരി കുന്നിന്റെ താഴ്‌വരയില്‍ ഇരുനൂറിനും മുന്നൂറിനും ഇടയ്ക്ക് സിആര്‍പിഎഫ് ഭടന്മാരുടെ ക്യാംപ് ഉണ്ട്. ഭൂമിയുടെ അവകാശികളായ ഒരു ജനതയെ ഉന്മൂലനം ചെയ്ത് അധിനിവേശക്കാരന് താവളം ഒരുക്കാനാണ് സര്‍ക്കാര്‍ സേനയെ സജ്ജമാക്കിനിര്‍ത്തിയിരിക്കുന്നത്. ഛത്തീസ്ഗഡില്‍ കൊലയും ബലാല്‍സംഗവും നടത്തുന്ന സല്‍വാജുദൂമിന്റെ ജോലി ഇവിടെ യൂനിഫോമിട്ട സേന നടത്തുന്നു, അത്രയേയുള്ളു വ്യത്യാസം. വേദാന്തയെ സംരക്ഷിക്കാന്‍ വേണ്ടി മാവോവാദത്തിന്റെ പേരില്‍ മലനിരകളിലെ ഗോത്രവര്‍ഗത്തെ ശത്രുക്കളായി പ്രഖ്യാപിച്ച് കൊന്നുതള്ളുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അര്‍ധസൈനികര്‍ കൊലപ്പെടുത്തിയ മന്ദ കര്‍ട്രാകയുടെ മൃതദേഹത്തില്‍നിന്ന് 450ലധികം ബുള്ളറ്റുകള്‍ കണ്ടെടുത്തു എന്ന് പറയുമ്പോള്‍ ‘സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ്’ എന്ന കാക്കിസേനയുടെ ഭീകരത ഊഹിക്കാവുന്നതിലുമപ്പുറമാണ്.
കേരളത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പ് സമയത്താണ് 42 ഡിഗ്രി ചൂടില്‍ ഒറീസ ചുട്ടുപൊള്ളുമ്പോള്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി അംഗങ്ങള്‍ നിയംഗിരി കുന്ന് കയറുന്നത്. ആദിവാസിമേഖലയില്‍ അടിസ്ഥാന സൗകര്യം യാതൊന്നും തന്നെയില്ല. വൈദ്യുതി, കുടിവെള്ളം, സ്‌കൂള്‍ അങ്ങനെ ഒന്നുമില്ല. കൈയിലിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബംഗാളിലെ അഡ്വ. മൊമിന്‍ കുടിലില്‍നിന്ന് അല്‍പം വെള്ളം വാങ്ങി കുടിച്ചു. വല്ലാത്ത ചവര്‍പ്പുകാരണം അദ്ദേഹം തുപ്പിക്കളഞ്ഞു. ആദിവാസികളുടെ തോളില്‍ ചെറിയൊരു കോടാലി സദാസമയവും കാണും. ദിനംപ്രതി ശേഖരിക്കുന്ന വനവിഭവങ്ങള്‍ ചന്തയില്‍ കൊണ്ടുപോയി വിറ്റാണ് ഉപജീവനം കഴിക്കുന്നത്. ഒരുസ്ഥലത്ത് കൃഷിചെയ്തുകഴിഞ്ഞ് രണ്ടുമൂന്നു കൊല്ലം കഴിഞ്ഞാല്‍ അടുത്ത കുന്നിന്‍ചരുവില്‍ പോവും. ‘നിയം രാജ’ എന്ന ദൈവത്തിന്റെ കുന്നായതിനാലാണ് നിയംഗിരി എന്നു വിളിക്കുന്നത്. മലനിരകളോട് ഗോത്രജനതയ്ക്കു സാംസ്‌കാരികപരമായി മാത്രമല്ല, ആത്മീയമായ ഹൃദയബന്ധംകൂടിയുണ്ട്. കുന്നിറങ്ങി തിരിച്ചുവരുമ്പോള്‍ ചില സ്ത്രീകള്‍ വന്ന് ഗോത്രഭാഷയില്‍ രോഷാകുലരായി എന്തൊക്കെയോ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന നിയംഗിരി സുരക്ഷാസമിതിയുടെ പ്രവര്‍ത്തകന്‍ മറുപടി പറഞ്ഞപ്പോള്‍ ശാന്തരായി തിരികെ പോയി. പക്ഷേ, മൂന്നു വാക്കുകള്‍ എനിക്കു മനസ്സിലായി- വേദാന്ത, സുപ്രിംകോടതി, ജന്‍പഥ്. ഞങ്ങള്‍ വേദാന്തയുടെ ആളുകളോ മറ്റോ ആണോ എന്നാണു ചോദിച്ചത്. അവരെ കാലുകുത്താന്‍ അനുവദിക്കുകയില്ലെന്നും സുപ്രിംകോടതിയില്‍ കേസ് നടത്തുമെന്നും ജന്‍പഥില്‍ സമരം നടത്തുമെന്നുമാണ് അവര്‍ പറഞ്ഞതെന്ന് സുഹൃത്ത് വിവരിച്ചുതന്നു. പാവങ്ങള്‍ അറിഞ്ഞില്ലല്ലോ നഗരത്തിലെ ജനാധിപത്യത്തിന്റെ ‘മഹത്തായ മാറ്റങ്ങള്‍.’ ജന്‍പഥില്‍നിന്നു നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തിലേക്ക് ഭരണം പറിച്ചുനട്ട കഥ.
ഖനന നിയമം, പരിസ്ഥിതിനയം, ആദിവാസി പരിരക്ഷ ഇതിനെയെല്ലാം നോക്കുകുത്തിയാക്കിയാണ് വേദാന്ത ഖനനം നടത്തുന്നത്. സുപ്രിംകോടതി പ്രതികൂലമായ വിധി കമ്പനിക്കെതിരേ പുറപ്പെടുവിച്ചു. അതായത്, ഗ്രാമസഭകളുടെ തീരുമാനപ്രകാരം മാത്രമേ ഖനനം നടത്താവൂ എന്ന്. 112 ഗ്രാമങ്ങളില്‍ ഖനനം നേരിട്ട് ബാധിക്കുന്ന 12 ഗ്രാമങ്ങളെ മാത്രം സര്‍ക്കാര്‍ തിരഞ്ഞെടുത്തുകൊണ്ട് അഭിപ്രായം ആരാഞ്ഞു. 12 ഗ്രാമസഭകളും ഒറ്റക്കെട്ടായി വേദാന്തക്ക് എതിരായി നിലകൊണ്ടു.
ആദിവാസി, ദലിത് ജനതയുടെ മുഴുവന്‍ ജീവിതരീതികളെയും തകര്‍ത്തുകൊണ്ട് കെട്ടിപ്പൊക്കിയ ഫാക്ടറിക്കു വേണ്ടി ഭരണകൂടം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് ഞാന്‍ നേരിട്ടുകണ്ട മറ്റൊരു ഉദാഹരണം പറയാം. വ്യാജ ഏറ്റുമുട്ടല്‍, അറസ്റ്റ് എന്നിവയുടെ വിശദാംശങ്ങള്‍ ആരായാന്‍ സ്ഥലത്തെ പോലിസ് സ്റ്റേഷനില്‍ പോയി. യാദൃച്ഛികമായി ദസ്രു കദ്രക എന്ന 25കാരനായ ആദിവാസി യുവനേതാവിനെ കണ്ടു. മൂന്നുദിവസം ആ യുവാവ് എസ്പിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം കസ്റ്റഡിയിലായിരുന്നു. ഉരുളന്‍ തടിക്കഷണം ഉപയോഗിച്ച് അരയ്ക്കു താഴെ കടുത്ത മര്‍ദ്ദനം നടത്തി. ഒരൊറ്റ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു- വേദാന്തക്കെതിരേ സമരം ചെയ്യരുത്. മൂന്നുദിവസത്തെ കൊടിയ പീഡനത്തിന് ശേഷം ദസ്രു മൃതപ്രായനായി ജീവിക്കുന്നു.
കാടിനെ തകര്‍ത്തുകൊണ്ട് ജനതയുടെ ‘ഉന്നമനത്തിനായി’ വേദാന്ത ഒരു ടൗണ്‍ഷിപ്പ് നിര്‍മിച്ചിട്ടുണ്ട്. ജയിലുകളുടേതിനെക്കാള്‍ ഉയരമുള്ള മതില്‍ക്കെട്ടിനുള്ളില്‍ ആരും പ്രവേശിക്കാതിരിക്കാന്‍ സദാ ജാഗരൂകരായ സ്വകാര്യ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഇതുകൊണ്ട് എന്താണ് ഉപയോഗം എന്ന് തദ്ദേശവാസികളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്: ”ഞങ്ങള്‍ക്കെന്ത് ഉപയോഗം. കമ്പനിയുടെ ആളുകള്‍ക്കു മാത്രമാണ് അതിനുള്ളില്‍ പ്രവേശനം തന്നെയുള്ളത്.” വേദാന്ത ആശുപത്രിയുടെ രീതിയും ഇതുതന്നെയാണ്. ഏറ്റവുമധികം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വിഭാഗമാണ് പ്രദേശത്തെ ആദിവാസിജനത. എന്നാല്‍, യാതൊരുതരത്തിലുള്ള വൈദ്യസഹായവും പ്രദേശത്തില്ല. കമ്പനി നടത്തുന്ന ‘പരിസ്ഥിതി പ്രവര്‍ത്തനം’ ആണ് മറ്റൊരു തമാശ. കുറേ അരളിചെടി റോഡില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ ഏകോപനസമിതി ഖജാഞ്ചിയും ഒറീസ സ്വദേശിയുമായ മൊഹന്തി പറഞ്ഞു: ”ഇത് ഞങ്ങളുടെ നാട്ടില്‍ വൃക്തികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ആത്മഹത്യചെയ്യാന്‍ ഉപയോഗിക്കുന്ന കായാണ്.” എത്ര ബുദ്ധിപൂര്‍വമാണ് വേദാന്ത അങ്ങനെയൊരു മരം തന്നെ വച്ചുപിടിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരു ഗ്രാമത്തില്‍ പോയപ്പോള്‍ ആഘോഷത്തിന്റെ പ്രതീതിയായിരുന്നു. പന്തലൊക്കെ കെട്ടി വലിയ ചെമ്പുപാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നു. കല്യാണമോ മറ്റേതെങ്കിലും മതപരമായ ചടങ്ങോ അല്ല. കമ്പനി നടത്തുന്ന സദ്യയാണത്രെ. ഇടയ്ക്കിടെ ഇങ്ങനെ ചില ‘എച്ചില്‍സദ്യകള്‍’ വേദാന്ത നടത്താറുണ്ട്.
ഒരിക്കല്‍ ഒരു വിദേശ പത്രപ്രതിനിധി നിയംഗിരിയിലെ പോരാട്ടത്തെക്കുറിച്ച് എഴുതാന്‍ വന്നു. ഗോത്രവര്‍ഗക്കാരോട് സര്‍ക്കാരില്‍ നിന്നുള്ള തൊഴില്‍സാധ്യതകളെ ഉപയോഗപ്പെടുത്തി ജോലി നേടുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു, ഒപ്പം ജീവിതനിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചും. അപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു: ”ഇവിടെ ഞങ്ങളോട് ആകെ പറയുന്നത് പട്ടാളത്തിലോ പോലിസിലോ ചേരാനാണ്. ഞങ്ങളുടെ മക്കള്‍ എന്തിന് അതില്‍ ചേരണം. ഞങ്ങളെത്തന്നെ വെടിവച്ചുകൊല്ലാനോ!” ഇതിനു സമാനമായ മറ്റൊരു വാചകം എനിക്ക് നേരിട്ട് കേള്‍ക്കേണ്ടി വന്നു. ഇവിടെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് എന്തുകൊണ്ട് നിങ്ങള്‍ പരാതിപ്പെട്ടില്ലെന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്: ”ഞങ്ങളെ കൊല്ലുന്നവരോടു പോയി എങ്ങനെയാണ് ഞങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിക്കുന്നത്.”
ഒരുഭാഗത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സകലവിധ അധികാരങ്ങളും സേനാ സന്നാഹങ്ങളും. മറുഭാഗത്ത് കമ്പനിയുടെ വമ്പന്‍ പ്രലോഭനങ്ങള്‍. ഇതിനു നടുവില്‍നിന്നാണ് നിരായുധരായ ആദിവാസി ജനത പോരാടുന്നത്. ”ഈ ഭൂമിയുടെയും ഞങ്ങളുടെയും നിലനില്‍പിനു വേണ്ടിയാണ് ഈ പോരാട്ടം. എന്തൊക്കെ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായാലും ഞങ്ങള്‍ മുന്നോട്ടുതന്നെ പോവും”- തിരികെ പുറപ്പെടാനൊരുങ്ങുമ്പോള്‍ നിയംഗിരി സുരക്ഷാസമിതി നേതാവ് ലിംഗരാജ് ആസാദിന്റെ ഉറച്ച വാക്കുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss