|    Dec 12 Wed, 2018 10:46 am
FLASH NEWS
Home   >  National   >  

നിപ വൈറസ്: ആസ്‌ട്രേലിയയില്‍ നിന്ന് മരുന്നെത്തി;ജപ്പാനില്‍ നിന്നും മരുന്നെത്തിക്കും

Published : 2nd June 2018 | Posted By: sruthi srt

കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന പുതിയ മുരുന്ന് ആസ്‌ട്രേലിയയില്‍ നിന്ന് കോഴിക്കോെട്ടത്തിച്ചു. ഹ്യൂമന്‍ മോണോക്‌ളോണല്‍ ആന്റിബോഡി എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിെലത്തിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്ന് വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമേ മരുന്ന് രോഗികള്‍ക്ക് നല്‍കൂ. അതേസമയം, നിപാ വൈറസ് ബാധയെ ചെറുക്കാന്‍ ജപ്പാനില്‍ നിന്നും പുതിയ മരുന്ന് കൊണ്ടുവരാനൊരുങ്ങി ആരോഗ്യവകുപ്പ്. നിപാ ബാധിച്ച് കഴിഞ്ഞദിവസം ഒരാള്‍ കൂടി മരിച്ചതോടെയാണ് ആരോഗ്യവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തി പ്രതിരോധ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.ജപ്പാനില്‍ നിര്‍മിക്കുന്ന മരുന്ന് നിപാ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജപ്പാനില്‍നിന്നു മരുന്ന് കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നത്. ഫാവിപിരാവിര്‍ എന്ന മരുന്നാണ് ജപ്പാനില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുന്നത്.

അതിനിടെ, നിപാ വൈറസ് ബാധ രണ്ടാംഘട്ടം ഉണ്ടാവാനിടയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു.. ആദ്യഘട്ടത്തില്‍ വളരെയേറെ ആളുകളിലേക്ക് നിപാ വൈറസ് പകരാതെ നിയന്ത്രിക്കാന്‍ സാധിച്ചു. എന്നാല്‍ നേരത്തെ നിപാ ബാധിച്ചിരുന്നവരുമായി ഇടപഴകിയ ആള്‍ക്കാര്‍ക്ക് നിപാ പകരാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ രണ്ടാമതും നിപാ വൈറസ് ബാധിക്കാന്‍ സാധ്യതയുള്ള ഇന്‍കുബേഷന്‍ പീരിയഡ് കഴിയുന്നതുവരെ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ നിപാ വൈറസ് ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കണം. നിപ്പയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് പരിശോധിക്കുമ്പോള്‍ മാത്രമേ ഇത് പോസിറ്റീവാണോ എന്ന് അറിയാന്‍ സാധിക്കുകയുള്ളൂ. വൈറസ് ബാധയുടെ രണ്ടാംഘട്ടം ഉണ്ടാവുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ നിപായെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ഇത്തരത്തില്‍ നിപാ ബാധിതരുമായി അടുത്തിടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നതുവരെ കഴിവതും കൂട്ടായ്മകള്‍ ഒഴിവാക്കണം. ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിപാ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണം. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണം. ഇതോടൊപ്പം എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ആശുപത്രിയില്‍ ചികില്‍സ തേടണം. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം ഇപ്പോഴും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അത് പിന്‍വലിച്ചിട്ടില്ല. പൂര്‍ണമായും നിയന്ത്രണവിധേയമാവുംവരെ ഈ സംഘത്തെ നിലനിര്‍ത്തും. 18 പേരിലാണ് നിപാ വൈറസ് ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചത്. അതില്‍ നിന്നു 17 പേരാണു മരണമടഞ്ഞത്. ചികില്‍സയിലുള്ള രണ്ടുപേരുടെ നില മെച്ചപ്പെട്ടുവരുന്നു എന്നത് ആശ്വാസമാണ്. ഈ 18 പേരുമായി ഏതെങ്കിലും വിധത്തില്‍ ഇടപഴകിയ ബാക്കിയുള്ളവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം പരിശോധിച്ച 35 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss