|    Dec 18 Tue, 2018 1:21 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നിപാ വൈറസ്: സമാന ലക്ഷണങ്ങളുമായി നഴ്‌സുമാരടക്കം 9 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രതാ നിര്‍ദേശം

Published : 22nd May 2018 | Posted By: kasim kzm

തിരുവനന്തപുരം/കോഴിക്കോട്: നിപാ വൈറസ്ബാധയെ തുടര്‍ന്നുണ്ടായ മരണങ്ങള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് മാത്രമാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെങ്കിലും സംസ്ഥാനമാകെ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയും തൊഴില്‍ മന്ത്രിയും കോഴിക്കോട്ട് ക്യാംപ് ചെയ്ത് വൈറസ്ബാധ നേരിടുന്നതിനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്കയച്ചതില്‍ നാലുപേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള മറ്റുള്ളവരുടെയും സാംപിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. അതിന്റെ റിപോര്‍ട്ട് ലഭിച്ചിട്ടില്ല. 19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണം ആയതുകൊണ്ട് അന്നുതന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ മെഡിക്കല്‍ സംഘം കോഴിക്കോട്ട് എത്തിയിട്ടുണ്ട്. കേന്ദ്രസംഘവുമായി യോജിച്ചും അവരുടെ മാര്‍ഗനിര്‍ദേശമനുസരിച്ചും നിപാ വൈറസ് അമര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യും. പനി ബാധിച്ച് എത്തുന്ന ആര്‍ക്കും ചികില്‍സ നിഷേധിക്കരുതെന്ന് സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും അവിടെ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കഴിഞ്ഞദിവസം മരണം നടന്ന പേരാമ്പ്ര ചങ്ങരോത്ത് മൂസയുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി. വൈറസ് പടര്‍ന്നതു കിണറ്റിലെ വെള്ളത്തിലൂടെ ആവാമെന്നാണു നിഗമനം. തുടര്‍ന്ന് ആരോഗ്യസംഘം കിണര്‍ മൂടി.നിപാ വൈറസ് ബാധയേറ്റു മരിച്ചവരെ പരിചരിച്ച മൂന്ന് നഴ്‌സുമാരെ കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സുമാരായ പെരുവണ്ണാമൂഴി കല്ലൂരി ഷാനി (30), ചേനോളി ആയടത്ത് മീത്തല്‍ ഷിജിത്ത് ജോസ്, പെരുവണ്ണാമൂഴി പൂവത്താന്‍ വീട്ടില്‍ ജിസ്‌ന (25) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ചികില്‍സ തേടിയത്. പനി കുറയാത്ത സാഹചര്യത്തിലാണ് ഇവര്‍ വിദഗ്ധ ചികില്‍സ തേടിയത്.
അതേസമയം, പേരാമ്പ്ര ഉള്‍പ്പെടെയുള്ള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രിയും സന്ദര്‍ശിച്ചു. മലപ്പുറത്തും സംഘം സന്ദര്‍ശനം നടത്തി. എയിംസിലെ ഡോക്ടര്‍മാരുടെ സംഘവും കേന്ദ്രമൃഗപരിപാലന സംഘവും ഇന്നെത്തും. വായുവിലൂടെ രോഗം പകരാം. എന്നാല്‍ വൈറസ് ദീര്‍ഘദൂരം സഞ്ചരിക്കില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി. പ്രദേശത്തെ കിണറുകള്‍ മൂടാനും കേന്ദസംഘം നിര്‍ദേശിച്ചു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ചു പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
കോഴിക്കോട്ട് മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. മലപ്പുറത്ത് മരിച്ച നാലുപേരുടെ സ്രവങ്ങള്‍ കൂടി വിദഗ്ധ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss