|    Dec 10 Mon, 2018 10:19 am
FLASH NEWS

നിപാ വൈറസ്: ജാഗ്രതയോടെ ജില്ല

Published : 22nd May 2018 | Posted By: kasim kzm

മലപ്പുറം: നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയില്‍ രോഗികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലപ്പുറത്തെ മൂന്ന് മരണങ്ങള്‍ നിപ വൈറസ് മൂലമാണെന്ന്് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലെടുക്കാനാണ് അധികൃതരുടെ നിര്‍ദേശം. ഇത് സംബന്ധിച്ച്് ഇന്നലെ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അതേസമയം, പനി അഭ്യൂഹങ്ങള്‍ക്കിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ രക്തസാംപിളുകള്‍ പരിശോധനയ്ക്കയച്ചു. ഒലിങ്കര സ്വദേശികളായ രണ്ടുപേരുടെ രക്തസാംപിളുകളാണ് സംശയ നിവാരണത്തിനായി അയച്ചത്. രണ്ട് രോഗികളും ഡെങ്കിപ്പനി ബാധിച്ചാണ് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഇവരുടെ രക്തം പരിശോധന നടത്താന്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയില്‍ നിപ പനി മൂലം രോഗി മരിച്ചതായി സാമുഹിക മാധ്യമങ്ങളില്‍ അഭ്യുഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍, അത്തരം ഒരു സംഭവം ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃധര്‍ പറഞ്ഞു.
വ്യാജപ്രചാരണം;
കര്‍ശന നടപടി
നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതാ വിരുദ്ധമായ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭരണകൂടത്തേയോ ആരോഗ്യവകുപ്പിനേയോ അറിയിക്കണം. അതേസമയം, പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മെഡിക്കല്‍ ടീം സജ്ജമായി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പത്ത് വീതം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സംഘത്തെ ജില്ലയില്‍ തയ്യാറാക്കി നിര്‍ത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ പരിശീലനം ഈ സംഘത്തിന് നല്‍കും.
പരിശോധന
കര്‍ശനമാക്കും
പഴക്കടകളിലും ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തും. അനധികൃത വില്‍പ്പന കേന്ദ്രങ്ങളും വൃത്തഹീനമായ സാഹചര്യത്തിലുള്ളവയും അടച്ചുപൂട്ടാന്‍ ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
വവ്വാല്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം. മറ്റു പഴങ്ങളും പക്ഷി മൃഗാധികള്‍ ഭക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.
ലക്ഷണമുള്ളവര്‍
വിട്ടുനില്‍ക്കണം
പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇഫ്താര്‍ പാര്‍ട്ടികളിലും ആരാധനാലയങ്ങളിലും ഇവര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാവും. പനി ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കരുത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്.
ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ സുശ്രൂഷിക്കുന്നവരും വേണ്ടതരത്തിലുള്ള മുന്‍കരുതല്‍ എടുക്കണം. വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കൈയ്യുറ ധരിക്കണം. ഉടന്‍ തന്നെ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുകയും ചെയ്യണം.
ചികില്‍സ
കാര്യക്ഷമമാക്കണം
ആശുപത്രികള്‍ ട്രീറ്റ്‌മെന്റ് പ്രോടോകള്‍ നിര്‍ബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകര്‍ച്ചവ്യാധി ചികില്‍സയ്ക്ക് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പനിയുമായി വരുന്ന രോഗികള്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.
ജാഗ്രത വേണം
നിപ വൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ചര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊതുക്, ഈച്ച എന്നിവയ്ക്ക് ഈ രോഗം പകര്‍ത്താന്‍ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പര്‍ക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങൡലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണം കാണാം.
ഇവ ശ്രദ്ധിക്കുക
വ്യക്തി സുരക്ഷ നടപടികള്‍ പുലര്‍ത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകള്‍), ഗൗണ്‍, ചെരിപ്പ് ധരിക്കണം. രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ കൈകള്‍ 20 സെക്കന്റോളം അണുനാശിനിയോ സോപ്പുലായനിയോ ഉപയോഗിച്ച് കഴുകുക, അണുനാശിനിയായി സാവ്‌ലോണ്‍, ക്ലോറോ ഹെക്‌സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം.
ഉപകരണങ്ങള്‍ “ഗ്ലുട്ടറാള്‍ഡിഹൈഡ്’ ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കണം. പരിശോധനയ്ക്കായി രോഗിയുടെ രക്തസാംപിളുകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടേണ്ടതുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss