|    Dec 15 Sat, 2018 9:44 am
FLASH NEWS
Home   >  Kerala   >  

നിപാ ഭീതി അകലുന്നു: പനി ബാധിതരായി ഇന്നലെ ആരുമെത്തിയില്ല

Published : 9th June 2018 | Posted By: sruthi srt

കോഴിക്കോട്: നിപാ ഭീതി ഒഴിഞ്ഞതിന്റെ സൂചനയായി ഇന്നലെ ആരും പനി ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയില്ല. നിപായുടെ വരവ് സ്ഥിരീകരിച്ചശേഷം ആദ്യമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ അഡ്മിഷന്‍ ഇല്ലാതിരിക്കുന്നത്. കഴിഞ്ഞദിവസം പനിയുമായി എത്തിയ ഏഴുപേര്‍ക്കും വൈറസ് ബാധയില്ല. ഇവര്‍ ഇന്ന്് ആശുപത്രി വിടും. രോഗികളുമായി സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന 2649 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അവസാനമായി നിപാ റിപോര്‍ട്ട് ചെയ്തത് മെയ് 30നാണ്. അന്നുമുതല്‍  21 ദിവസം ജാഗ്രത തുടരാനാണ് തീരുമാനം. കഴിഞ്ഞ എട്ടുദിവസമായി നിപായുടെ സാന്നിധ്യമില്ല. നിപായെ പൂര്‍ണമായും തുടച്ചുനീക്കിയെന്ന ഔദ്യോഗിക പ്രഖ്യാപനം ഈമാസം 30ന്‌ശേഷമാകും .

ഇതുവരെ 295 പേരെ പരിശോധിച്ചതില്‍ 278 പേര്‍ക്കും രോഗബാധയില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍  ഡോ. ആര്‍ എല്‍ സരിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധിക്കപ്പെടാതെ ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് അടക്കം 17 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നേഴ്‌സിങ് വിദ്യാര്‍ഥിനി അജന്യയും മലപ്പുറം സ്വദേശി ഉബീഷും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരും. ഇവര്‍ക്ക് വേണ്ട തുടര്‍ചികിത്സ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിക്കും.  സ്‌കൂളുകള്‍ 12ന് തുറക്കുന്നതില്‍ മാറ്റമില്ലെന്ന് കലക്ടര്‍ യു വി ജോസ് അറിയിച്ചു. അന്നു മുതല്‍ ഒരു പരിപാടിക്കും നിയന്ത്രണമുണ്ടാകില്ല. നാളെ രാവിലെ 11ന് കലക്ടറേറ്റില്‍ ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ആരോഗ്യമന്ത്രിക്കു പുറമേ എംപിമാര്‍,  എംഎല്‍എമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ പങ്കെടുക്കും. വൈറസിന്റെ ഉറവിടം സംബന്ധിച്ചുള്ള പരിശോധന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ്(ഐസിഎംആര്‍) തുടരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ  വിവിധ വകുപ്പുകളുടെ പൂര്‍ണ സഹകരണത്തോടെയാണ് പരിശോധന പുരോഗമിക്കുന്നത്. ആറുമാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി തുടരും. ഇന്നലെ ഒരാളെകൂടി അറസ്റ്റ് ചെയ്തു. ഇതോടെ മൊത്തം അറസ്റ്റ് 23 ആയി. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ സമരം അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss