|    Dec 11 Tue, 2018 8:48 am
Home   >  Editpage  >  Editorial  >  

നിപായ്‌ക്കെതിരായ പോരാട്ടം മാതൃകാപരം

Published : 5th June 2018 | Posted By: kasim kzm

മെയ് 20നാണ് കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത സൂപ്പിക്കടയിലെ ഒരു യുവാവ് മരിച്ചത് മാരകമായ നിപാ വൈറസ് മൂലമാണെന്ന വിവരം പൂനെയിലെയും മണിപ്പാലിലെയും വൈറോളജി പഠനകേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുന്നത്. അന്നു മുതല്‍ രണ്ടാഴ്ചയിലേറെയായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ മാരകമായ വൈറസിന്റെ വ്യാപനം തടയാനും ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനുമുള്ള അതിതീവ്രമായ പ്രതിരോധശ്രമങ്ങളാണു നടന്നുവന്നത്. ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരും മൃഗസംരക്ഷണം മുതല്‍ ശുചീകരണം വരെയുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികളോട് പ്രതികരിച്ചത്. രണ്ടാഴ്ചത്തെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി പ്രതിസന്ധിയെ വിജയകരമായിത്തന്നെ നേരിടാന്‍ കഴിഞ്ഞതായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി പുതുതായി രോഗബാധയൊന്നും റിപോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായില്ല. ഇതിനകം 17 പേര്‍ മരിച്ചെങ്കിലും രോഗം നേരത്തേ സ്ഥിരീകരിച്ച രണ്ടുപേരെങ്കിലും കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തിരിക്കുന്നു.
അധികൃതരും ജനങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ വിജയമാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ജനങ്ങള്‍ ഭീതിക്ക് അടിമപ്പെടുന്നതു തടയാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരായ ടി പി രാമകൃഷ്ണനും എ കെ ശശീന്ദ്രനും ഒറ്റക്കെട്ടായി മുന്നില്‍ നിന്നാണു പ്രവര്‍ത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അങ്ങേയറ്റം വിഷമകരമായ സാഹചര്യങ്ങളെയാണ് നെഞ്ചുറപ്പോടെ നേരിട്ടത്. മെയ് 5ന് ആദ്യമായി രോഗത്തിനടിമപ്പെട്ട് സൂപ്പിക്കടയില്‍നിന്നുള്ള യുവാവ് മെഡിക്കല്‍ കോളജില്‍ മരിച്ചപ്പോള്‍ രോഗം തിരിച്ചറിയാതെ പോയതാണ് പിന്നീട് വൈറസ് വ്യാപകമാവുന്നതിനു കാരണമായത്. എന്നാല്‍, മെയ് 18നു കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് നിപാ സംബന്ധിച്ച സംശയം ആദ്യമായി ഉന്നയിച്ചത്. അവരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് രോഗബാധയുടെ കാരണം കണ്ടെത്താന്‍ സഹായകമായതും മലബാറിനെ ആകെ വന്‍ ദുരന്തത്തിലേക്കു നയിക്കാന്‍ ഇടയുണ്ടായിരുന്ന ഒരു മഹാമാരിയെ പ്രതിരോധിക്കാന്‍ അവസരമൊരുക്കിയതും. ഈ ജാഗ്രതയ്ക്കും അര്‍പ്പണബോധത്തിനും സമൂഹം ഇവരോടെല്ലാം കടപ്പെട്ടിരിക്കുന്നു.
എന്നാല്‍, സാമൂഹിക മാധ്യമങ്ങളിലൂടെ കിട്ടിയ അവസരം മുതലാക്കി ദുഷ്പ്രചാരണം അഴിച്ചുവിടാന്‍ ഒരു മനസ്സാക്ഷിക്കുത്തും തോന്നാത്ത ചില ദുഷ്ടബുദ്ധികളും രംഗത്തുവരുകയുണ്ടായി. കോഴിക്കച്ചവടക്കാരെയും പഴക്കച്ചവടക്കാരെയും കുഴപ്പത്തിലാക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണു ചിലര്‍ നടത്തിയത്. റമദാന്‍ കാലത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന കാരക്ക പോലുള്ള ഫലങ്ങള്‍ വരുന്നത് ഗള്‍ഫില്‍നിന്നാണെങ്കിലും അതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിപാ വൈറസ് കാണപ്പെട്ട ബംഗ്ലാദേശില്‍നിന്നാണെന്ന നുണപ്രചാരണം സംഘടിപ്പിക്കാനും ചിലര്‍ കരുക്കള്‍ നീക്കി. ഇത്തരം സാമൂഹികദ്രോഹികള്‍ക്കെതിരേ കടുത്ത നടപടികള്‍ തന്നെയാണു സ്വീകരിക്കേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss