|    Dec 10 Mon, 2018 9:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നിധി തട്ടിപ്പ് കേസ്: അജപാലന ശുശ്രൂഷകളില്‍ നിന്നും വൈദികനെ മാറ്റി

Published : 28th November 2018 | Posted By: kasim kzm

താമരശ്ശേരി: നിധി തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ ഫാ. ജോസഫ് പാംപ്ലാനിയെ തള്ളി താമരശ്ശേരി രൂപത രംഗത്ത്. വൈരക്കല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ തിരുവമ്പാടി എംഎല്‍എയുടെ മധ്യസ്ഥതയില്‍ എത്തിയ ഒത്തുതീര്‍പ്പു നടപ്പില്‍വരുത്താന്‍ സഹായിക്കണം എന്ന ആവശ്യപ്പെട്ടാണു പരാതിക്കാരന്‍ രൂപതാധ്യക്ഷനെ സമീപിച്ചത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട പരാതിയും ലഭിച്ചിരുന്നു. പരാതിക്കാരുടെ ആരോപണം യഥാസമയം രൂപതാധ്യക്ഷന്‍ ബന്ധപ്പെട്ട വൈദികനെ അറിയിക്കുകയും പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തിരുവമ്പാടി എംഎല്‍എയുടെ മധ്യസ്ഥതയില്‍ എത്തിയ ഒത്തുതീര്‍പ്പില്‍ നിന്നു പരാതിക്കാരനായ പുല്ലൂരാംപാറ സ്വദേശി ഏകപക്ഷീയമായി പിന്‍മാറിയെന്ന് അറിയുന്നു.
പരാതിക്കാര്‍ രണ്ടു പേരും സഭാവിശ്വാസികളും വൈദികരുടെ ജീവിതശൈലിയുമായി അടുത്ത് പരിചയമുള്ളവരുമാണ്. ഒരു വൈദികന്‍ ഏര്‍പ്പെടേണ്ട കാര്യമല്ലായെന്ന് വ്യക്തമായി അറിയാവുന്നവരാണു രണ്ട് ഇടപാടുകളിലും വൈദികനുമായി സഹകരിച്ച് ലാഭം നേടാന്‍ പരിശ്രമിച്ചത്. ഈ ഘട്ടത്തിലൊന്നും രൂപതയുമായോ രൂപതാധ്യക്ഷനുമായോ പരാതിക്കാര്‍ ഇടപാടുകളെക്കുറിച്ച് ആലോചിച്ചിരുന്നില്ല.
രൂപതയിലെ വൈദികര്‍ തങ്ങള്‍ സേവനം ചെയ്യുന്ന ഇടവകയ്ക്കു വേണ്ടിയോ, സ്ഥാപനങ്ങള്‍ക്കു വേണ്ടിയോ നിയമാനുസൃതമായ ഇടപാടുകള്‍ നടത്തുന്നതു രൂപതാ നിയമാവലി അനുസരിച്ചാണ്. വൈദികര്‍ വ്യക്തിപരമായി നടത്തുന്ന ഇടപാടുകള്‍ക്കൊന്നും രൂപതയോ, രൂപതാധ്യക്ഷനോ ഉത്തരവാദികളായിരിക്കുകയില്ല.
തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളും അതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസും അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫാ. ജോസഫ് പാംപ്ലാനിയുടെ വ്യക്തിപരമായ കാര്യമാണ്. തനിക്കെതിരായ രണ്ട് പരാതികളിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഫാ. ജോസഫ് പാംപ്ലാനി നിയമനടപടികളോടു സഹകരിക്കേണ്ടതാണ്. അതിനാല്‍, അദ്ദേഹത്തെ രൂപതയിലെ അജപാലന ശുശ്രൂഷകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും ഈ കേസുമായി ബന്ധപ്പെട്ടു താമരശ്ശേരി രൂപത അദ്ദേഹത്തെ സംരക്ഷിക്കുകയോ, പിന്തുണയ്ക്കുകയോ ചെയ്യുന്നില്ലെന്നും രൂപതാ അധികൃതര്‍ വ്യക്തമാക്കി.
പരാതിക്കാര്‍ രൂപതാധ്യക്ഷനെയും രൂപതാ സംവിധാനത്തെയും ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ പരിശ്രമിക്കുന്ന നിലപാട് അന്യായവും അസ്വീകാര്യവും പ്രതിഷേധാര്‍ഹവുമാണ്.
നിധി വില്‍പനയ്ക്ക് പങ്കാളിത്തം വാഗ്ദാനം നല്‍കി 87.5 ലക്ഷം രൂപ തട്ടിയ കേസില്‍ വൈദികനെ സംരക്ഷിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് രൂപത വിശദീകരണവുമായി രംഗത്തെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss