|    Jul 25 Tue, 2017 10:24 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നിത്വാഖാത്: പണം നല്‍കി പച്ചയിലേക്കു മാറാം

Published : 30th August 2016 | Posted By: SMR

ജിദ്ദ: സൗദിയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ നിത്വാഖാത് പദ്ധതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സ്വദേശി ജോലിക്കാരുടെ എണ്ണം കുറവുള്ള ചുവപ്പ് വിഭാഗത്തില്‍ പെടുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍ മന്ത്രാലയത്തിനു പണം നല്‍കി പച്ചയിലേക്കു മാറാനും മന്ത്രാലയത്തിന്റെ സേവനങ്ങള്‍ റദ്ദാക്കിയത് പുനസ്ഥാപിക്കാനും അവസരം നല്‍കി തൊഴില്‍-സാമൂഹികക്ഷേമ മന്ത്രി ഡോ. മുഫ്‌രിജ് അല്‍ഹഖ്ബാനി ഉത്തരവ് പുറപ്പെടുവിച്ചു.
വിവിധ സേവനങ്ങള്‍ക്കു തുക നല്‍കുന്നതനുസരിച്ചു നിത്വാഖാത്തില്‍ പോയിന്റ് കണക്കാക്കിയായിരിക്കും സേവനങ്ങള്‍ ലഭിക്കുക. ഇതുപ്രകാരം ചുവപ്പ് വിഭാഗത്തില്‍ പെടുന്ന കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കു തൊഴില്‍ പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയും പുതുക്കാനും നിയമപരമായി രാജ്യത്ത് തുടരാനും സാധിക്കും.
പുതിയ പരിഷ്‌കാരം വഴി ലഭിക്കുന്ന പണം സ്വദേശി യുവതി-യുവാക്കളെ തൊഴില്‍ മേഖലയില്‍ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികള്‍ക്കു മാറ്റിവയ്ക്കും. സൗദി വിഷന്‍-2030, സൗദി പരിവര്‍ത്തന പദ്ധതി-2020 എന്നിവ നടപ്പാക്കുന്നതിനുള്ള സാമ്പത്തിക മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനു പുറമേ പുതുതായി സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിനും സഹായിക്കുക കൂടിയാണ് ഈ പരിഷ്‌കാരം വഴി ലക്ഷ്യമാക്കുന്നത്. ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും സ്വദേശികള്‍ക്കു കൂടുതല്‍ ജോലി സാധ്യതകള്‍ക്കും വഴിയൊരുക്കും.
സ്ഥാപനങ്ങളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്നതിനുള്ള പുതിയ സേവനം കൂടിയാണിതെന്നും നേരത്തെ പുറപ്പെടുവിച്ച ചില ഉത്തരവുകള്‍ ഇതോടെ റദ്ദു ചെയ്തതായും ഉത്തരവില്‍ പറയുന്നു. അടുത്ത ഹിജ്‌റ വര്‍ഷാരംഭമായ ഒക്ടോബര്‍ രണ്ടു മുതലാണു പുതിയ നിയമം പ്രാബല്യത്തില്‍ വരുക.ഓരോ സേവനങ്ങള്‍ക്കും എത്ര തുക നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
പുതിയ നിയമം നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കു ഗുണകരമാവും. സ്വദേശികളുടെ അനുപാതം അനുസരിച്ച് സ്ഥാപനങ്ങളേയും കമ്പനികളേയും ചുവപ്പ്, മഞ്ഞ, പച്ച, എക്‌സലന്റ് എന്നിങ്ങനെ തരംതിരിക്കുന്ന നിത്വാഖാത് 2011ലാണ് നടപ്പിലാക്കിയത്.
ചുവപ്പില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും റദ്ദാക്കുന്നതോടെ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. മഞ്ഞ വിഭാഗങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ ഏതാനും സേവനങ്ങള്‍ ലഭിക്കില്ല. പച്ച ഗണത്തിലുള്ള സ്ഥാപനങ്ങള്‍ സുരക്ഷിത വിഭാഗത്തിലായിരിക്കും. എക്‌സലന്റില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്കു മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും വേഗത്തില്‍ ലഭിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക