|    Oct 21 Sat, 2017 2:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നിതീഷിനെതിരായ ഹരജി : സുപ്രിംകോടതി വാദം കേള്‍ക്കും

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി സമ്മതിച്ചു. ബിഹാര്‍ വിദാന്‍ പരിഷത്തിലേക്കുള്ള നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ നിതീഷ് കുമാര്‍ തനിക്കെതിരായ ക്രിമിനല്‍ കേസ് മറച്ചുവച്ചെന്നും അതിനാല്‍ അദ്ദേഹത്തിന്റെ കൗണ്‍സില്‍ അംഗത്വം റദ്ദാക്കണമെന്നുമാണ് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്. അഭിഭാഷകനായ എം എല്‍ ശര്‍മയാണു ഹരജിക്കാരന്‍. തന്റെ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ റോയ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ വാദം കേള്‍ക്കാമെന്നു കോടതി വ്യക്തമാക്കി. 1991ല്‍ ബര്‍ഹ് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായിരുന്ന സീതാറാം സിങിനെ കൊലപ്പെടുത്തുകയും മറ്റു നാലു പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിയായ നിതീഷ് കുമാര്‍ അക്കാര്യം മറച്ചുവച്ചാണ് സത്യവാങ്മൂലം നല്‍കിയതെന്നാണ് ഹരജിയില്‍ പറയുന്നത്. ഈ കേസില്‍ നിതീഷ് കുമാറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐക്ക് നിര്‍ദേശം   നല്‍കണം. നിതീഷ് കുമാറിനെതിരായ ക്രമിനല്‍ കേസിനെ കുറിച്ച് അറിയാമായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന്റെ കൗണ്‍സില്‍ അംഗത്വം റദ്ദാക്കിയിട്ടില്ലെന്നും കുമാര്‍ ഇപ്പോഴും ഭരണഘടനാപദവി ആസ്വദിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ ആ വിവരം അവരുടെ നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കണമെന്ന് 2002ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിതീഷ്‌കുമാറിന്റെ അംഗത്വം റദ്ദാക്കണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക