|    Dec 19 Wed, 2018 3:09 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘നിങ്ങള്‍ ദൈവമിറക്കിയ മാലാഖമാര്‍’

Published : 22nd August 2018 | Posted By: kasim kzm

ആബിദ്

കോഴിക്കോട്: നിങ്ങള്‍ മനുഷ്യരല്ല, ഞങ്ങളെ രക്ഷിക്കാന്‍ ദൈവമിറക്കിയ മാലാഖമാരാണ്. ഞങ്ങളുടെ മക്കളാണു നിങ്ങള്‍. ഇനി മുതല്‍ ഞങ്ങളുടെ പ്രാര്‍ഥനകളില്‍ നിങ്ങളെന്നുമുണ്ടാവും. ആഴക്കയങ്ങളില്‍ നിന്നു കണ്ടെടുത്തു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുമ്പോള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് ഇത്തരത്തില്‍ ഹൃദയംതൊട്ട വാക്കുകളായിരുന്നു. ഹൃദയം പൊട്ടിയൊഴുകിയെത്തിയ പ്രാര്‍ഥനാ നിര്‍ഭരമായ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉറക്കമൊഴിഞ്ഞും ഭക്ഷണം കഴിക്കാതെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഞങ്ങള്‍ സ്വയംമറന്നു പോവും. ക്ഷീണിച്ച് അവശതയുടെ വക്കിലെത്തിയിട്ടും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജമായി മാറിയതു രക്ഷയുടെ കവാടങ്ങളിലേക്കു കൊണ്ടുപോവുമ്പോള്‍ അവര്‍ ഉരുവിട്ട വചനങ്ങളും പകര്‍ന്ന സ്‌നേഹവുമായിരുന്നെന്ന് ചാലിയത്തു നിന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോയ എസ്ഡിപിഐ സംഘത്തിനു നേതൃത്വം നല്‍കിയ ടി കെ സിദ്ദീഖ് പറഞ്ഞു.ലോറിയില്‍ വള്ളങ്ങളുമായി പുലര്‍ച്ചെ യാത്രതിരിക്കുമ്പോള്‍ പറവൂരായിരുന്നു ലക്ഷ്യം. പക്ഷേ, കൊടുങ്ങല്ലൂരിനടുത്ത മൂത്തകുന്നിലെത്തിയപ്പോള്‍ കഴുത്തറ്റം വെള്ളം. ലോറി അവിടെ കുടുങ്ങിക്കിടക്കുന്നതിനിടെ മൂന്ന് പട്ടാളക്കാര്‍ വന്ന് എങ്ങോട്ടാണെന്നു ചോദിച്ചു. പറവൂരിലേക്കു രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടതാണെന്നു പറഞ്ഞപ്പോ ള്‍ ഇവിടെ നടത്തിക്കൂടെയെന്നായി അവര്‍. പറവൂരില്‍ ആളുകുറവാണ്. അവിടെയെത്തണമെന്നു നേതാക്കള്‍ പറഞ്ഞതനുസരിച്ചാണു പുറപ്പെട്ടതെന്നു പറഞ്ഞപ്പോള്‍ ഒരു പട്ടാളക്കാരന്‍ വഴി കാണിച്ചുതരാമെന്നു പറഞ്ഞ് ഒപ്പം വന്നു. ലോറിയില്‍ നിന്നു തോണികളിറക്കി. സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടന്ന കുറച്ചുപേരെ രക്ഷപ്പെടുത്തി. പട്ടാളക്കാരനെയും കൂട്ടി റോഡിലൂടെ തോണിയില്‍ പറവൂരിലേക്ക് തിരിച്ചു. പലയിടത്തും തടസ്സമായി മരങ്ങളും വൈദ്യുതിലൈനുമെല്ലാമുണ്ടായിരുന്നു. യന്ത്രം ഘടിപ്പിച്ച തോണിയില്‍ രണ്ടു മണിക്കൂറോളമെടുത്ത് എത്തിയ ക്യാംപുകള്‍ മിക്കവാറും വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. ചിലര്‍ വീടിന്റെ മുകളിലെ നിലയില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി. വെടിമറയുടെ വടക്കേക്കരയിലേക്ക്് ആ ദിവസങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും എത്തിനോക്കിയില്ല. പോലിസുകാരെ പോലും കണ്ടില്ല.ആ നല്ല സൈനികനും കൂടെയുണ്ടായിരുന്നു. തിരിച്ചുപോരുമ്പോള്‍ വിശന്നുവലഞ്ഞ് ഒരു ഹോട്ടലില്‍ കയറി നന്നായി ഭക്ഷണം കഴിച്ചു. ഹോട്ടലുടമ അവരീ നാടിന്റെ മക്കളാണ്, പണം വാങ്ങരുതെന്ന് പറഞ്ഞാണു യാത്രയാക്കിയത്. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള 18 അംഗ സംഘത്തില്‍ നാലു പേര്‍ പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നില്ല. വാശിപിടിച്ചപ്പോള്‍ പ്രവര്‍ത്തകരെ ഇറക്കി ഒപ്പം കൂട്ടിയതായിരുന്നു. നാട്ടിലെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ സ്വീകരണങ്ങളുടെ തിരക്കിലാണ്. കടലുണ്ടി പഞ്ചായത്തും നാട്ടുകാരുമെല്ലാം പായസവും പൂമാലയുമെല്ലാമായി സ്വീകരണങ്ങളൊരുക്കി.

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss