|    Jun 25 Mon, 2018 2:15 am
FLASH NEWS
Home   >  Editpage  >  Lead Article  >  

നിങ്ങള്‍ എന്നെ കോവര്‍കഴുതയാക്കി

Published : 19th November 2016 | Posted By: SMR

slug-a-bഒരാഴ്ച കഴിഞ്ഞു, ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യം സാമ്പത്തികാര്‍ഥത്തില്‍ പച്ചയായ അലമ്പായിട്ട്. യുദ്ധമോ കലാപമോ മറ്റേതെങ്കിലും അശനിപാതങ്ങളോ സൃഷ്ടിച്ച സ്ഥിതിവിശേഷമല്ലിത്. രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ ബോധപൂര്‍വം അവലംബിച്ച ഒരു നടപടിയുടെ സത്വരഫലമാണ്. കള്ളനോട്ടും കള്ളപ്പണവും തടയാന്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു മേല്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തുന്നുവെന്നാണ് ഭരണകൂടം പറഞ്ഞ ന്യായം. ആയതിനാല്‍ പൊതുനന്മയെക്കരുതി പൗരാവലി മൂന്നുദിവസം ലേശം സഹനം നടത്തണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. ധനമന്ത്രി അതു പിന്നെ മൂന്നാഴ്ച എന്നാക്കി. പ്രധാനമന്ത്രി സംഗതി 50 ദിവസമാക്കി നീട്ടി. ഇതേനേരം ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ഗോള്‍ പോസ്റ്റ് മാറ്റി മാറ്റി നാട്ടാരെ പമ്പരംകറക്കുന്നു. കാര്യബോധമുള്ള സാമ്പത്തികവിദഗ്ധരാവട്ടെ, ഈ പോക്ക് അടുത്ത മാര്‍ച്ച് 31 വരെ (സാമ്പത്തികവര്‍ഷാവസാനം) തുടരുമെന്നും രാജ്യം ഒരു സാമ്പത്തികമാന്ദ്യം ക്ഷണിച്ചുവരുത്തുകയാണെന്നും മുന്നറിയിപ്പു തരുന്നു.
നാനാവഴിക്കുമിരുന്ന് തലകള്‍ പുകയുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയവര്‍ക്ക് ഭവിഷ്യത്തുകള്‍ മാത്രമല്ല, ഇപ്പറയുന്ന സ്‌ട്രൈക്കിന്റെ പ്രക്രിയകള്‍ തന്നെ വേണ്ടത്ര നിശ്ചയമില്ല. രാഷ്ട്രീയനേതൃത്വങ്ങള്‍ പോംവഴി തിരിയാതെ പല നാവാല്‍ ഓരോന്നു വിളിച്ചുപറയുന്നു. ഫലിതമെന്തെന്നാല്‍, ഇത്രകണ്ട് കൂലങ്കഷ പര്യാലോചനയും തര്‍ക്കവിതര്‍ക്കങ്ങളും ആവശ്യമില്ലാത്തത്ര ലളിതമാണ് പ്രശ്‌നം. നിങ്ങളുടെ പക്കല്‍ 100 രൂപയ്ക്കുള്ള നോട്ടുകളുണ്ടെന്നു കരുതുക. അതില്‍ 86 രൂപയ്ക്കുള്ള നോട്ടുകള്‍ ഒരു സുപ്രഭാതത്തിലങ്ങ് കീറിക്കളയുന്നു. ശിഷ്ടം 14 രൂപ. നൂറു രൂപയ്ക്ക് നിങ്ങള്‍ നടത്തിപ്പോന്ന ക്രയവിക്രയങ്ങള്‍ ഇനി ഈ പതിനാലു വച്ച് നടത്തണമെന്നു വരുമ്പോള്‍ എന്തുണ്ടാവുമോ അതാണ് ഇന്ത്യാമഹാരാജ്യം അനുഭവിക്കുന്ന നടപ്പു ദുരന്തം. പഴയ 86 രൂപ കീറിക്കളയും മുമ്പ് തത്തുല്യമായ പുതിയ വക കരുതാതിരുന്നതിന്റെ സരളമായ ചേതം.
ഇവിടെ വച്ചു നമുക്ക് പ്രതിയെ പിടികിട്ടുന്നു- ഭരണകൂടം. കറന്‍സിയും സാമ്പത്തികവശങ്ങളും മാറ്റിവയ്ക്കുക. ഈ ഭരണകൂടം പൗരാവലിയെ കണക്കാക്കുന്നത് കഴുതക്കൂട്ടങ്ങളായാണെന്നല്ലേ കഴിഞ്ഞ ഒരാഴ്ചത്തെ ചെയ്തികള്‍ വ്യക്തമാക്കുന്നത്? ആരോടും കമാന്നു മിണ്ടാതെ നാട്ടിലെ ധനവിനിമയോപാധിയുടെ 86 ശതമാനവും അസാധുവാക്കുന്നു. ടി നോട്ട് മാറ്റിവാങ്ങാന്‍ ആദ്യം ഒരാഴ്ച സമയം കല്‍പിക്കുന്നു. മാറ്റിക്കൊടുക്കാന്‍ ബാങ്കില്‍ നോട്ട് എത്തിക്കാത്തതുകൊണ്ട് സമയപരിധി ലേശംകൂടി നീട്ടുന്നു. അതൊരു വശം.
മറുവശത്ത് നാട്ടാരുടെ സ്വന്തം കാശ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു. ആദ്യം പറഞ്ഞു, നാലായിരം രൂപ മാത്രമേ തരൂ; ആഴ്ചയില്‍ പരമാവധി പതിനായിരവും. പിന്നെ പറയുന്നു ആഴ്ചയില്‍ 24000 എടുക്കാമെന്ന്. അപ്പോഴും ഒരു ദിവസം 10,000ല്‍ കൂടുതല്‍ പറ്റില്ല. ഇനി എടിഎമ്മുകളുടെ കഥ. രണ്ടേകാല്‍ ലക്ഷം എടിഎമ്മുകള്‍ ഉള്ളതില്‍ പാതിയും നേരത്തേ തന്നെ ഷട്ടറിട്ടിരുന്നു. പ്രവര്‍ത്തനശേഷിയുള്ള ബാക്കിയെണ്ണമാവട്ടെ, നോട്ട് നിറച്ച് രണ്ടുമണിക്കൂറിനകം കാലിയാവുന്നു. കള്ളപ്പണം ഒറ്റയടിക്ക് ഉന്മൂലനം ചെയ്യാനെന്നു പറഞ്ഞ് നടത്തിയ വെടിക്കെട്ട് ഒരാഴ്ച തികയും മുമ്പേ കള്ളപ്പണത്തിന്റെ പുതിയ ലാത്തിരിക്കഥ അവതരിപ്പിക്കുകയായി- ജന്‍ധന്‍ അക്കൗണ്ടുകാരെയും മറ്റു ബിനാമികളെയും വച്ച് നോട്ട് വെളുപ്പിക്കുന്നെന്ന്. അതിനുള്ള പോംവഴിയായി വിരലില്‍ മഷി പുരട്ടി നാട്ടാര്‍ക്ക് അക്കമിടുന്ന കലാപരിപാടി വരുന്നു. ചുരുക്കത്തില്‍, നടക്കാന്‍ പറഞ്ഞാല്‍ നടക്കുകയും നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുകയും ചെയ്യുന്ന കഴുതക്കൂട്ടമായി പൗരാവലിയെ കണക്കാക്കുന്ന ഏര്‍പ്പാട്. ഇതാണ് എക്കാലത്തും എവിടെയും ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്ന ലളിതസമീപനം. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നവര്‍ സ്വയമറിയാതെ സ്വപ്രകൃതം വെളിവാക്കുകയാണെന്നു പറയേണ്ടിവരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സര്‍ക്കാര്‍ എന്നത് അതിനു തോന്നിയപടി എന്തും കല്‍പിക്കാനുള്ള അധീശസ്തംഭമല്ല. സര്‍ക്കാര്‍ കല്‍പിച്ചു എന്നതുകൊണ്ട് എന്തും ചുമലിലേറ്റേണ്ട ബാധ്യത പൗരനില്ലതാനും.
രാജ്യനന്മയോര്‍ത്ത് ഈ അടിമത്തം ബഹുമാന്യ കഴുതകള്‍ സഹിക്കണമെന്നാണ് ഭരണകൂടവും കിങ്കരന്മാരായ ബിജെപിയും പറയുന്നത്. ഈ സഹനം കല്‍പിക്കാന്‍ ഒരു പ്രധാനമന്ത്രിക്കുമില്ല അവകാശം. മോദിയെയാവട്ടെ വിശ്വാസത്തിലെടുക്കാന്‍ ചരിത്രപരമായിത്തന്നെ നിവൃത്തിയില്ല. ട്രാക്ക് റിക്കാര്‍ഡ് മറന്നുകളഞ്ഞാല്‍ തന്നെ അതിനുള്ള യുക്തിസഹമായ തെളിവൊന്നുമില്ല. ഒന്നാമത്, ഇമ്മാതിരി അലമ്പുണ്ടാക്കാനും അതിന്റെ മേല്‍ സഹനം നടത്താനും തക്ക സാമ്പത്തിക അടിയന്തരാവസ്ഥയൊന്നും രാജ്യത്തുണ്ടായിരുന്നില്ല. ഇനി ഇപ്പോഴത്തെ അലമ്പ് മാറ്റിവച്ച് ഭരണകക്ഷിക്കാര്‍ പറയുന്ന ന്യായങ്ങള്‍ മാത്രമെടുത്താലും കഥ മറിച്ചാവുന്നില്ല.
വലിയ നോട്ടുകള്‍ ഒറ്റയടിക്കു പിന്‍വലിച്ചാല്‍ കള്ളപ്പണത്തിന്റെ വിഹാരത്തിനു വേണ്ട കാശിന്റെ ലിക്വിഡിറ്റി തകരുമെന്ന പ്രചാരണമെടുക്കുക. പലതരം കള്ളക്കടത്തുകള്‍, മയക്കുമരുന്ന്-ആയുധ ഇടപാടുകള്‍ എന്നിവയിലുള്ള ലിക്വിഡ് കാഷ് രാജ്യത്തെ മൊത്തം കള്ളപ്പണത്തിന്റെ ചെറിയൊരു ഘടകം മാത്രമാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥതലത്തിലെ അഴിമതിപ്പണവും നികുതിവെട്ടിപ്പും ചേര്‍ന്നതാണ് കള്ളപ്പണത്തിന്റെ 85 ശതമാനവും. ഈ മാമലയെ നോട്ട്‌റദ്ദാക്കല്‍ വഴി ഇടിച്ചുനിരത്തുമെന്ന് സാമാന്യബോധമുള്ള ഒരാളും പറയില്ല. കാരണം, ഇപ്പറഞ്ഞ കള്ളപ്പണം ഭരണകക്ഷി പ്രചരിപ്പിക്കുന്നതുപോലെ ഒരു സ്‌റ്റോക്കല്ല; മറിച്ച്, അതൊരു ഒഴുക്കാണ്. ടി പണം പറ്റുന്നവന്‍ ഒന്നുകില്‍ അതുവച്ച് മേല്‍ത്തരം ഉപഭോഗം ചെയ്യും. അല്ലെങ്കില്‍ ഭാവി ഉപഭോഗങ്ങള്‍ക്കായി നിക്ഷേപിക്കും.  ഉദാഹരണത്തിന്, സര്‍ക്കാരിനു മുമ്പില്‍ കാണിക്കാത്ത കാശു വച്ച്  ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങുന്നു. സ്വര്‍ണക്കടക്കാരന് ടി കാഷ് കൈപ്പറ്റില്ലെന്നു പറയാന്‍ പറ്റില്ല. അങ്ങനെ നിഷേധിക്കുന്നതാണ് നിയമവിരുദ്ധമാവുക. കാരണം, സര്‍ക്കാര്‍ അംഗീകരിച്ച കറന്‍സി കൈപ്പറ്റാതിരിക്കാന്‍ വകുപ്പില്ല. ഈ പണം ജ്വല്ലറിക്കാരന്‍ സ്വന്തം കണക്കില്‍പ്പെടുത്താതിരിക്കെ അത് കള്ളപ്പണമായി തുടരുന്നു. ആഭരണം വാങ്ങിയവന്‍ സ്വന്തം കള്ളപ്പണം വെളുപ്പിച്ചെങ്കിലും വിറ്റയാള്‍ അത് വീണ്ടും കള്ളപ്പണമാക്കി മാറ്റുന്നു.
നോട്ടിനായുള്ള പൗരാവലിയുടെ നെട്ടോട്ടവും ബാങ്കിങ് തൊന്തരവുകളും പ്രശ്‌നത്തിന്റെ തൊലിപ്പുറം മാത്രമാണ്. അനൗപചാരിക ധനമേഖലയാണ് സാമ്പത്തിക തകര്‍ച്ച ഏറ്റുവാങ്ങാന്‍ പോവുന്ന പ്രധാന മണ്ഡലം. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ 45 ശതമാനവും തൊഴില്‍മേഖലയുടെ 80 ശതമാനവും കൈയാളുന്ന ഈ മേഖലയിലെ വിനിമയം ബഹുഭൂരിപക്ഷവും പച്ചനോട്ടിന്മേലാണ്. വാസ്തവത്തില്‍ ഔപചാരിക മേഖലയും ഈ മേഖലയും തമ്മിലുള്ള വിനിമയത്തിനു വേണ്ട കാഷ് ലിക്വിഡിറ്റിയും (കാശിന്റെ ദ്രവ്യാവസ്ഥ) ഈ മേഖലയില്‍നിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ തളര്‍ച്ച ജിഡിപി മുരടിപ്പിക്കുകയും കാര്യങ്ങള്‍ മൊത്തത്തില്‍ ക്ഷയോന്മുഖമാക്കുകയും ചെയ്യും. സാമ്പത്തിക മാന്ദ്യമുണ്ടാവും എന്ന് കാര്യവിവരമുള്ളവര്‍ പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല. അനൗപചാരിക മേഖലയിലെ ഫണ്ടുകള്‍ പലതും കോടിക്കണക്കായ സാധാരണക്കാര്‍ കഷ്ടപ്പെട്ട് മിച്ചംവയ്ക്കുന്ന ചെറുസമ്പാദ്യങ്ങളുടെ ശേഖരങ്ങളാണെന്നു കൂടി തിരിച്ചറിയണം.
അപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്തൊക്കെ സാധിച്ചു? ഒന്ന്, ഭീകരപ്രവര്‍ത്തന ഫണ്ടിന്റെ ഒഴുക്കിന് തല്‍ക്കാലം തടയിടാനായി- വിദേശ കമ്മട്ടങ്ങള്‍ പുതിയ അച്ച് നിരത്തുംവരെ. രണ്ട്, കീശക്കാശായി കള്ളപ്പണം സൂക്ഷിച്ച ചെറിയൊരു ശതമാനം (രണ്ടുശതമാനം എന്നാണ് ആര്‍ബിഐ കണക്ക്) മണ്ടന്മാര്‍ക്ക് ഒരാഘാതമുണ്ടാക്കാനായി. മൂന്ന്, നിര്‍ണായകമായ അനൗപചാരിക സാമ്പത്തികമേഖലയെ കഠിനമായി ശിക്ഷിച്ചു; ഫലം വഴിയേയറിയാം. നാല്, അഴിമതിയോ നികുതിവെട്ടിപ്പോ തടയാന്‍ ഈ നടപടി വഴി ഒരു ചുക്കും ചെയ്യാനാവില്ലെന്ന് തെളിയിച്ചു. അഞ്ച്, പൗരാവലിയെ ലക്ഷണമൊത്ത കഴുതകളാക്കി നടത്താന്‍ പറ്റുമെന്നു തെളിയിച്ചു. ടി ഗര്‍ദഭപരിപാലനത്തിനു വേണ്ടിവരുന്ന ചെലവുകാശും പൊതു ഖജാനയ്ക്കു മേല്‍ കെട്ടിവച്ചു- പുതിയ നോട്ടടിക്കാന്‍ വേണ്ട 12,000 കോടി ഉറുപ്പികയുടെ ഫണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss