|    Oct 18 Wed, 2017 4:28 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

നിങ്ങളുടെ കൈപ്പടയെക്കുറിച്ച് എന്താണഭിപ്രായം?

Published : 2nd October 2017 | Posted By: fsq

ഈ വിജയദശമി നാളില്‍ ‘നല്ല കൈയക്ഷരം’ ഒരു വിഷയമാക്കി ‘വെട്ടുകയും തിരുത്തുകയും’ ചെയ്തുകൂടേ- ഒരു സുഹൃത്ത് പെരുമ്പാവൂരില്‍ നിന്നും ആവശ്യപ്പെടുന്നു. നല്ല കൈയക്ഷരത്തിന്റെ മാനദണ്ഡമെന്ത്? വായിക്കാന്‍ എളുപ്പമാവുക തന്നെയാണ് പ്രഥമ ഗുണം. ഭംഗിയായ മാര്‍ജിന്‍, വാക്കുകള്‍ തമ്മിലുള്ള വിടവ്, ചിഹ്നങ്ങള്‍ യഥാനുസരണം ഉപയോഗിക്കുക തുടങ്ങി നല്ല കൈയക്ഷരത്തിന് ഒട്ടേറെ ചേരുവകള്‍. ടൈപ് ചെയ്യുന്നവരുടെ ശാപം ഏല്‍ക്കാതിരിക്കാനും പരമാവധി ശ്രദ്ധിക്കണം.സമസ്ത കേരള സാഹിത്യ പരിഷത് സമ്മേളനം കാസര്‍കോട് ഉബൈദ് നഗറില്‍ സാഘോഷം കൊണ്ടാടിയപ്പോള്‍ സെക്രട്ടറിമാരില്‍ ഒരാളെന്ന നിലയ്ക്ക് മറ്റൊരു ദൗത്യം കൂടി എന്നില്‍ അര്‍പ്പിതമായി- മലയാളത്തിലെ മുഴുവന്‍ എഴുത്തുകാരുടെയും കൈപ്പടയുടെ ഒരു പ്രദര്‍ശനം. തുടക്കക്കാരന്‍ മാത്രമെങ്കിലും എന്റെ അഭ്യര്‍ഥനയ്ക്ക് എല്ലാ എഴുത്തുകാരും പ്രതികരിച്ചു. അക്കാലം പരിഷത് വാര്‍ത്തകള്‍ക്കൊപ്പം ദിനപത്രങ്ങളില്‍ ‘കൈയക്ഷര പ്രദര്‍ശനം’ പ്രത്യേക സ്റ്റോറിയായിരുന്നു. ഈ പരിഷത് അനുഭവം സൂചിപ്പിക്കാന്‍ ഉദ്ദേശ്യം രണ്ടുണ്ട്: ഒന്ന്, മലയാളത്തില്‍ ജീവിച്ചവരും വേര്‍പിരിഞ്ഞവരുമായ സകല എഴുത്തുകാരുടെയും കൈയക്ഷരങ്ങള്‍ എനിക്കു സുപരിചിതമായി. രണ്ട്, വൈക്കം ചന്ദ്രശേഖരന്‍ നായരുടെ, തപസ്സിരുന്നാല്‍ ദേവേന്ദ്രനു പോലും മനസ്സിലാവാത്ത കടുകുമണി രൂപത്തിലുള്ള ചില വരകളും പൊട്ടുപൊടികളും അനായാസം വായിച്ചെടുക്കാന്‍ എന്‍ വി കൃഷ്ണവാര്യര്‍ പോലും ചിലപ്പോള്‍ വൈക്കത്തിന്റെ മാനുസ്‌ക്രിപ്റ്റുകള്‍ എന്റെ മേശമേലിടും. ഇതൊരു അപൂര്‍വ ഭാഗ്യമല്ലേ. എന്‍വിയുടെ കൈപ്പട പടരുന്ന പൂവള്ളിക്കു സമാനമാണ്. കൈയക്ഷരം സംബന്ധിച്ച അത്യപൂര്‍വ ഫലിതങ്ങളിലൊന്ന് വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. ആര്‍ക്കും എളുപ്പം വായിച്ചെടുക്കാവുന്ന ‘കുനുഷ്ഠുകള്‍’ ഇല്ലാത്ത കൈയക്ഷരമായിരുന്നു ബഷീറിന്റേത്. ”സാഗരഗര്‍ജനമേ,താങ്കളുടെ പോസ്റ്റ് കാര്‍ഡ് കിട്ടിയ ഉടന്‍ മകളുടെ ഉമ്മച്ചി ഞങ്ങളുടെ തൊട്ടടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ കൊടുത്തു, വായിച്ച് അര്‍ഥം പറയാന്‍. അവര്‍ വായിച്ച് വയറിളക്കത്തിനുള്ള ഗുളിക തന്നു. കാര്യം കുശാല്‍”- സുകുമാര്‍ അഴീക്കോടിന്റെ കൈയക്ഷരത്തെ ബഷീര്‍ കളിയാക്കിയതാണ്. ഇപ്പോള്‍ എന്റെ ജോലിസ്ഥലത്ത് ഒരു കൈയക്ഷരം എനിക്ക് ഏറെ ഇഷ്ടമാണ്. ലാളിത്യങ്ങള്‍ വേണ്ടത്ര ഉണ്ടതില്‍. എനിക്ക് ഇഷ്ടമാവാന്‍ കാരണം, കൈക്കുളങ്ങര രാമവാര്യരുടെ കൈയക്ഷരം പരിഷത് പ്രദര്‍ശനകാലത്ത് അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ നിന്നു ശേഖരിച്ചതിന് ഈ കൈയക്ഷരത്തോട് നല്ല സാദൃശ്യം. ഞങ്ങളുടെ മാനേജിങ് എഡിറ്ററുടെ കൈയക്ഷരമാണ് വിവക്ഷിതം. ഞാന്‍ കണ്ടതില്‍ സുന്ദരമായ കൈയക്ഷരം നടനും ചമയകലാകാരനുമായിരുന്ന പെരളശ്ശേരിയിലെ പി കെ രാഘവന്‍ മാസ്റ്ററുടേതാണ്. പയര്‍മണികള്‍ തുല്യ അകലത്തില്‍ കടലാസില്‍ വിരിച്ചിട്ടതുപോലെ. എസ് കെ പൊറ്റെക്കാട്ട് ഏറെ സമയമെടുത്താണ് എഴുതുക. പക്ഷേ, ആയതിന്റെ ഭംഗി ഒന്നു വേറെത്തന്നെ. ചിഹ്നങ്ങളുടെ സ്ഥാനം, ബ്രാക്കറ്റുകള്‍ പോലും കൃത്യമായിരിക്കും.കൈയക്ഷരം വ്യക്തിയുടെ മാനസികനില പറയുമെന്നാണ് വിദഗ്ധമതം. വ്യക്തിയുടെ മനഃശുദ്ധി കൈയക്ഷരത്തില്‍ വെളിവാകുന്നുവെങ്കില്‍ മലയാളത്തില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ആണ് പെട്ടെന്ന് ഓര്‍മ വരുക. ഇളംചൂടുള്ള ഗോക്ഷീരം പോല്‍ ശുദ്ധം. പാല്‍പ്പതയൊക്കെ കൈതപ്രത്തിന്റെ വടിവില്ലാത്ത കൈയക്ഷരത്തില്‍ തിളങ്ങിനില്‍ക്കും. കവി പ്രഭാവര്‍മയുടെ കൈയക്ഷരം ഗുണവും കാമ്പുമുള്ളതാണ്. പടച്ചോനേ, വായിച്ചാല്‍ തിരിയാത്ത, തിരിഞ്ഞാലും മനസ്സിലാവാത്ത അക്ഷരങ്ങളാണ് കുഞ്ഞുണ്ണി മാഷുടേത്. ചെമ്മനം ചാക്കോയുടെ കൈയക്ഷരം ഇന്നോളം ആര്‍ക്കും പിടികിട്ടാത്ത ഒന്നാണ്. സ്‌കെച്ച് പെന്‍ കൊണ്ട് നെയിംബോര്‍ഡ് എഴുതുംപോലെയാണ് ആ അക്ഷരമാല ചിതറിവീണിട്ടുണ്ടാവുക. ഓരോ അക്ഷരത്തിലും പ്രണയം തുടിക്കും കമലാ സുരയ്യയുടെ കൈപ്പടയില്‍. വള്ളത്തോള്‍ നാരായണമേനോന്‍ സര്‍ദാര്‍ കെ എം പണിക്കര്‍ക്ക് മറുകുറിയില്‍ ചില കത്തുകളില്‍ സൂചിപ്പിക്കും; സുഹൃത്തേ, താങ്കള്‍ ഒന്നാംപുറത്ത് വിവരിച്ച ചില കാര്യങ്ങള്‍ എന്റെ ജലദോഷത്തലയ്ക്കു വായിച്ചെടുക്കാനായില്ല. അടുത്ത കത്തില്‍ ആ പേരുകള്‍ തീര്‍ച്ചയായും വ്യക്തമാക്കുമല്ലോ.രാഷ്ട്രീയനേതാക്കളില്‍ നല്ല കൈയക്ഷരക്കാര്‍ അപൂര്‍വം. നേരിട്ടു കൈയക്ഷരം പ്രദര്‍ശിപ്പിച്ചവരും അപൂര്‍വം. സെക്രട്ടറിമാരല്ലേ അവര്‍ക്കു വേണ്ടി എഴുതുക. പി കെ വാസുദേവന്‍ നായര്‍, സി എച്ച് മുഹമ്മദ്‌കോയ എന്നിവര്‍ സ്വന്തം വ്യക്തിത്വം കൈയെഴുത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇപ്പോള്‍ ഈ കൈയക്ഷര മാഹാത്മ്യം വിശദമാക്കുന്നത് എന്തിനെന്നോ? ഇനിയുള്ള കാലം ആരുടെയും കൈയക്ഷരം നമുക്കു കാണാനാവില്ല. വാട്‌സ് ആപ്പും ഇ-മെയിലും അത്രമേല്‍ സ്വാധീനം ചെലുത്തുമ്പോള്‍ നടന്‍ വി കെ ശ്രീരാമന്‍, ആചാര്യന്‍ എന്‍ എന്‍ പിള്ള എന്നിവരുടെ നല്ല വ്യക്തിത്വമുള്ള കൈയക്ഷരങ്ങളെ അനുസ്മരിച്ച് വിടപറയും മുമ്പ് കുട്ടികളുടെ കൈയക്ഷരം പോലെ എം ഗോവിന്ദന്റെ തപാല്‍ കാര്‍ഡുകള്‍ സ്മൃതിയിലെത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക