|    Jan 24 Tue, 2017 11:00 pm
FLASH NEWS
Home   >  Life  >  Family  >  

നിങ്ങളീ ഡോക്ടറെ അറിയില്ലേ….?

Published : 1st July 2016 | Posted By: G.A.G

Dr-KP-Ramamoorthy-Calicut

pam-haneef

പിഎഎം ഹനീഫ്

ഇന്ന് ഡോക്ടേഴ്‌സ് ദിനം…..
ജീവിതത്തില്‍ ധാരാളം ഡോക്ടര്‍മാര്‍ എന്റെ ദേഹത്ത് തൊട്ടു. ഒരു പനി, ചുമ, എന്നൊക്കെ ചിന്തിച്ചാലേ സംഘര്‍ഷം അനുഭവിക്കുന്ന മാനസിക സ്ഥിതി എന്നും ഇന്നും എന്നെ വിടാതെ പിന്തുടരുന്നു. ബാല്യകാലം ചിലവഴിച്ച ചങ്ങനാശ്ശേരി തൊട്ട് ഏറെ നാള്‍ ജീവിച്ച ഓരോ പ്രദേശത്തും, ഇന്ന് കോഴിക്കോട്ടും എനിക്കൊരു ഡോക്ടറുണ്ട്
ഇന്ന്; അറുപതാം വയസില്‍ ഞാന്‍ ആശ്രയമായിക്കാണുന്ന ഡോക്ടറെ ഈ ‘ദിന’ത്തില്‍ അനുസ്മരിക്കട്ടെ.

55 ാം വയസിലാണ് പ്രമേഹം എന്നെ അലട്ടി തുടങ്ങിയത്. ഞാനൊരു സ്ഥിരം ഡോക്ടറെ കോഴിക്കോട്ട് അന്വേഷിച്ചു. കവിയും സുഹൃത്തുമായ പൂനൂര്‍ കരുണാകരനാണ് ഡോക്ടറെ നിര്‍ദ്ദേശിച്ചത്. പരിചയപ്പെടുത്താന്‍ കരുണാകരനെ ഞാന്‍ ക്ഷണിച്ചു. അതിന്റെ ആവശ്യമില്ലെന്നും, നിങ്ങളുടെ പേര് പറഞ്ഞാല്‍ അദ്ദേഹം മനസിലാക്കുമെന്നും കരുണാകരന്‍ വ്യക്തമാക്കി.
ഞാന്‍ ചെന്നു. കനത്ത ഇരുമ്പുഗേറ്റ്… മുറ്റത്ത് തുളസിത്തറ… ഒരു മാമ്പഴക്കാലമായിരുന്നു അത്. മുറ്റത്ത് അവിടവിടെ കൊഴിഞ്ഞു വീണ രസികന്‍ മാമ്പഴങ്ങള്‍… രോഗികള്‍ കാത്തിരിക്കേണ്ടുന്ന സ്ഥലത്ത് അത്ര ശുദ്ധമല്ലാത്ത മലയാളത്തില്‍ ധാരാളം അറിയിപ്പുകള്‍…. ഞാന്‍ അതിന്റെയൊക്കെ പ്രൂഫ് മനസില്‍ തിരുത്തി. വിളി വന്നു
‘ഹനീഫ വെള്ളിമാടുകുന്ന്: തൊഴില്‍സ്ഥലത്തെ വിലാസമാണ് ഞാന്‍ വെയിറ്റേഴ്‌സ് ലിസ്റ്റില്‍ കുറിച്ചത്. രോഗവിവരം പറയാന്‍ ഡോക്ടര്‍ അനുവദിക്കുന്നില്ല. ജേര്‍ണലിസം, നാടകലോകം തുടങ്ങി എനിക്കറിയുന്നതും അറിയാത്തതും അദ്ദേഹം വിശദീകരിക്കുന്നു. ഡോക്ടര്‍ അറിയാത്ത ഒരു കാര്യവുമില്ല. എന്തിന്, ആദ്യ കാഴ്ചയില്‍ പോത്തന്‍ ജോസഫും ടിജെഎസ് ജോര്‍ജുമൊക്കെ ഡോക്ടറുടെ സംസാരത്തില്‍ വന്നു. പുറത്തു ധാരാളം രോഗികളുണ്ട്. മെഡിക്കല്‍ റപ്പുകളുണ്ട്. ഇടയ്‌ക്കെപ്പഴോ ഡോക്ടര്‍ എന്റെ നാഡി പിടിച്ചു. സത്യം! ഒരു ദൈവീക സ്പര്‍ശം പോലെ…. ടേബിള്‍ ചൂണ്ടി കിടക്കാന്‍ പറഞ്ഞു. വയറൊന്നുഴിഞ്ഞു. സ്റ്റെത്ത് നെഞ്ചത്തൊന്നമര്‍ത്തി….
‘ഒരു കുഴപ്പവുമില്ല…
രണ്ടു മരുന്നെഴുതി… കുറേ സാംപിള്‍ മരുന്നുകളും..
‘ഒരു മാസം കഴിഞ്ഞ് വരണം.
17 വര്‍ഷമായി ഈ പ്രക്രിയ തുടരുന്നു. അതിനിടെ ഞാന്‍ എന്റെ പ്രിയപ്പെട്ട ഡോക്ടറില്‍ നിന്നും പലപ്പോഴായി ഗ്രഹിച്ചത്..
തികച്ചും ദരിദ്രമായ ചുറ്റുപാടില്‍ പാലക്കാടന്‍ ബ്രാഹ്മിന്‍ കുടുംബത്തില്‍ ജനിച്ചു. അധ്യാപകനായ അച്ഛന്റെ ശമ്പളം മാത്രമാണ് വരുമാനം. അഞ്ചു മക്കള്‍.. വയറ് മുറുക്കി തന്നെയാണ് ജീവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശനം  കിട്ടിയപ്പോള്‍ അച്ഛന്‍ അനുഗ്രഹിച്ചു. ഒറ്റ നിര്‍ദേശം മാത്രം.
‘ഡോക്ടറായിക്കഴിഞ്ഞാല്‍ സാധുക്കളെ ആദ്യം പരിഗണിക്കണം. അധ്യാപകരോട് കാശു വാങ്ങരുത്….’  ഡോക്ടര്‍ പരീക്ഷ ഉന്നത മാര്‍ക്കോടെ കടന്നു. ഡോ. സിബിസി വാര്യരടക്കം ആരോഗ്യരംഗത്തെ ഗുരുക്കന്‍മാരെ ഡോക്ടര്‍ ആരാധനയോടെ  വാഴ്ത്തുന്നു. എം ഡി പരീക്ഷ എഴുതി. ജനറല്‍ മെഡിസിനിലായിരുന്നു പരീക്ഷണങ്ങള്‍ മുഴുവന്‍… പ്രമേഹ ചികിത്സയില്‍ കേരളത്തില്‍ ഇത്രയേറെ അനുഭവസമ്പത്തുള്ള മറ്റൊരു ഡോക്ടറില്ല. കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷകര്‍ക്ക് ഗൈഡാണ.് പ്രഫസര്‍ തസ്തികയിലാണ് പിരിഞ്ഞത്. വന്‍കിട ആശുപത്രികള്‍ പലതും മലബാര്‍ മേഖലയിലും കോയമ്പത്തൂരും ഈ ഡോക്ടറെ റാഞ്ചാന്‍ ശ്രമിച്ചു.
‘കാശ്… ഒരു പ്രശ്‌നമല്ല. അതുകൊണ്ട് എവിടെയും ബന്ധനസ്ഥനായില്ല’. രോഗി നല്‍കുന്നതേ വാങ്ങൂ… മരുന്നു കമ്പനികളുടെ ഉപഹാരം ചോദിച്ചു വാങ്ങില്ല. ഐഎംഎ പോലുള്ള ഡോക്ടേഴ്‌സ് അധോലോകങ്ങളില്‍ സജീവാംഗമല്ല… തികച്ചും മതേതരന്‍. നെറ്റിയില്‍ ഇത്തിരി ചന്ദനം. പ്രമേഹ രോഗികള്‍ ഈ ഡോക്ടറെ അന്വേഷിച്ച് ഏതൊക്കെയോ നാട്ടു മൂലകളില്‍ നിന്നെത്തുന്നു. എല്ലാവരും ഒറ്റ ശ്വാസത്തില്‍ പറയും.
‘എന്തിനാ മരുന്ന്…. ഡോക്ടറൊന്നു സംസാരിച്ച്, ദേഹത്തൊന്നു തൊട്ടാല്‍ പോരേ….
ശരി; ഭാര്യയും  മക്കളും ഉണ്ട്. ആരും ചികിത്സാ നേരത്ത് ശല്യം ചെയ്യില്ല. (ചില ഡോക്ടറന്‍മാരുടെ ഭാര്യമാര്‍ ഓരോ മണിക്കൂറിലും വന്ന് കറന്‍സി സഞ്ചിയിലാക്കി പോകാറുണ്ട്)
എന്റെ ദീര്‍ഘകാലത്തെ ബന്ധത്തിനിടയില്‍ ഒരിക്കലും ഡോക്ടര്‍ മറ്റു പരിശോധനകള്‍ക്ക് ചീട്ടെഴുതിയിട്ടില്ല. ഞാന്‍ രക്തം പരിശോധിച്ചു റിസല്‍ട്ട് കാണിച്ചാല്‍ വാങ്ങി കണ്ണിനോടടുപ്പിച്ചു നോക്കും. മിക്കപ്പോഴും പറയുക
‘അവര്‍ക്ക് തെറ്റിയിട്ടുണ്ട്….
മറ്റൊരു ലാബില്‍ പരിശോധിക്കുമ്പോള്‍ വ്യത്യാസം ഉണ്ടാവും. സ്‌കാനിങും എക്‌സറേയുമൊന്നും ഡോക്ടറുടെ നിഘണ്ടുവിലില്ല. വീട്ടില്‍ ഒരു അറിയിപ്പുണ്ട്
‘ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഇവിടെ സൗകര്യങ്ങളില്ല. ഉടനെ ബന്ധപ്പെട്ട ആശുപത്രികളില്‍ എത്തിക്കുക….
കേരളത്തിന്റെ രാഷ്ട്രീയ -സാംസ്‌കാരിക മേഖലകളിലെ  ഓരോ ‘വില്ലന്‍മാരെയും’ ഡോക്ടര്‍ക്കറിയാം. സിഎച്ച് മുഹമ്മദ് കോയയെയും കെ കരുണാകരനെയും ഇ കെ നായനാരെയും ഏറെ ഇഷ്ടമാണ്. അമ്പതിലേറെ വര്‍ഷത്തെ ചികില്‍സാപരിചയമാണ്. ഒരിഞ്ചിന് പിഴച്ചിട്ടില്ല. ആരും കലഹിച്ചിട്ടില്ല. ഒരു രോഗിയും ഡോക്ടര്‍ ‘പിഴിഞ്ഞതായി’ പരാതിപ്പെടില്ല… എന്നോട് പല കുറി പറഞ്ഞു.
‘ഹനീഫ്; എനിക്ക് കുറച്ചു കാര്യങ്ങള്‍ എഴുതാനുണ്ട്. ഞാന്‍ വിളിക്കാം. സമയമില്ല. അത്രമാത്രം. ഏറ്റവും ജനകീയനായ ഈ നല്ല ഡോക്ടറെ തേടി അവാര്‍ഡുകളും പൊന്നാടകളും വരാറില്ല. കാരണം; ഡോക്ടര്‍ എല്ലാ ബഹുമതികള്‍ക്കും അപ്പുറത്താണ്.. ആര്‍ക്കും വിലയ്‌ക്കെടുക്കാനാവാത്ത അപൂര്‍വ്വ വ്യക്തിത്വം.
ഡോക്ടര്‍ ആരാണെന്നല്ലേ….

കോഴിക്കോട് നടക്കാവില്‍ ആ ചെറിയ ബോര്‍ഡു കാണാം
‘ഡോ. കെ പി രാമമൂര്‍ത്തി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 314 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക