|    Sep 24 Mon, 2018 3:48 am
FLASH NEWS
Home   >  Editpage  >  Editorial  >  

നിഗൂഢ ലക്ഷ്യങ്ങളെക്കുറിച്ച്ചോദ്യം ഉയര്‍ത്താന്‍ സമയമായി

Published : 16th January 2017 | Posted By: fsq

 

രാജ്യത്തിന്റെ കറന്‍സി നയം ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും തത്‌സംബന്ധമായി ഭരണകൂടത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ സെന്‍ട്രല്‍ ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുഖ്യ ചുമതല. 1934ലെ ആര്‍ബിഐ ആക്ട് പ്രകാരം കറന്‍സി നോട്ടുകള്‍ പുറത്തിറക്കുക, വിദേശ വിനിമയ കരുതല്‍ ശേഖരം സൂക്ഷിക്കുക, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുംവിധം പണപ്പെരുപ്പം പോലുള്ള സാമ്പത്തികരംഗത്തെ ക്രമരാഹിത്യങ്ങള്‍ തടയാനുള്ള സാമ്പത്തിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുക എന്നതെല്ലാം റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍ പെടുന്നു. എന്നുവച്ചാല്‍, കറന്‍സി നോട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പൂര്‍ണ നിയന്ത്രണാധികാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കാണ് എന്നര്‍ഥം. ധനകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള രണ്ടു പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഭരണസമിതിക്കു കീഴില്‍ സ്വയംഭരണ സ്ഥാപനമായാണ് ആര്‍ബിഐ പ്രവര്‍ത്തിച്ചുവരുന്നത്. രാജ്യത്തെ നിര്‍ണായകമായ ഒരു അധികാര സ്ഥാപനമെന്ന നിലയില്‍ റിസര്‍വ് ബാങ്ക് അതിന്റെ ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ ഏറക്കുറേ കുറ്റമറ്റ രീതിയില്‍ നിര്‍വഹിച്ചതായാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ഏതാനും നാളുകളായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെക്കുറിച്ച വിവാദങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.  ഏറ്റവും ഒടുവില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സംഘടനകള്‍ ബാങ്ക് ഗവര്‍ണര്‍ക്ക് എഴുതിയ കത്തിലെ ഉള്ളടക്കം ജനങ്ങളുടെ കണ്ണു തുറപ്പിക്കാന്‍ പോന്നതാണ്. പതിറ്റാണ്ടുകളായി ആര്‍ബിഐ രാജ്യത്തു സ്ഥാപിച്ചെടുത്ത അതിന്റെ വിശ്വാസ്യത ഇല്ലാതായെന്നും സ്ഥാപനത്തിന്റെ പ്രതിച്ഛായ അപരിഹാര്യമാംവിധം തകര്‍ക്കപ്പെട്ടുവെന്നുമാണ് കത്തില്‍ ആരോപിക്കുന്നത്. സ്ഥാപനത്തിന്റെ സ്വയംഭരണാധികാരത്തിനു മേല്‍ ഭരണകൂടം നഗ്നമായി ഇടപെടുകയാണെന്നു പരാതിപ്പെടുന്ന കത്തില്‍, ഉദ്യോഗസ്ഥരും ജീവനക്കാരുമെന്ന നിലയില്‍ രാജ്യത്തിനു മുമ്പില്‍ അപമാനിതരായെന്ന തോന്നലാണ് തങ്ങള്‍ക്ക് ഉള്ളതെന്നും വ്യക്തമാക്കുന്നു. നോട്ടു നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ ഇതിനകം വസ്തുതാപരമായിത്തന്നെ ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ സാമ്പത്തികമായ സ്തംഭനാവസ്ഥയിലെത്തിച്ച ഈ നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ കൂടുതല്‍ സംശയാസ്പദമാക്കുന്ന വിധത്തില്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. അസംബന്ധങ്ങള്‍ നിറഞ്ഞ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണ് ഭരണകേന്ദ്രങ്ങളില്‍ നിന്നു പുറത്തുവരുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയും രാജ്യത്തിന്റെ വ്യവസ്ഥാപിത തത്ത്വങ്ങളെ അട്ടിമറിച്ചും ഭരണകൂട തിട്ടൂരങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അപ്രഖ്യാപിതമായ ലക്ഷ്യങ്ങള്‍ ഉണ്ടാകാം. പക്ഷേ, അത്തരം നിഗൂഢ ലക്ഷ്യങ്ങള്‍ ഈ രാജ്യത്തിന്റെയും 130 കോടി ജനങ്ങളുടെയും ജീവിതഗതിയെ ഏതു വിധത്തിലാണ് നിര്‍ണയിക്കാന്‍ പോകുന്നതെന്ന ചോദ്യം ഉയര്‍ന്നുവരേണ്ട സമയമായിരിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss