|    Aug 18 Fri, 2017 11:52 pm
FLASH NEWS

നിക്ഷേപത്തട്ടിപ്പ്: തുഞ്ചത്ത് ജ്വല്ലേഴ്‌സ് പാര്‍ട്ണര്‍ അറസ്റ്റില്‍

Published : 1st November 2016 | Posted By: SMR

തിരൂര്‍: തിരൂര്‍ തുഞ്ചത്ത് ജ്വല്ലേഴ്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. ചങ്ങരംകുളം മുക്കുതല ഒലിയില്‍ പടിഞ്ഞാറേക്കര ഹരിദേവനെ (41)യാണ് തിരൂര്‍ സിഐ എം കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിനാളുകളില്‍നിന്ന് നിക്ഷേപം സ്വീകരിച്ച് യഥാസമയം തിരിച്ചുനല്‍കാതെ സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയ സംഭവത്തില്‍ ആദ്യമായാണ് ഒരാള്‍ അറസ്റ്റിലാവുന്നത്. ചങ്ങരംകുളം സ്വദേശിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്. 50ലക്ഷത്തിലേറെ രൂപ ഹരിദേവന്‍ മുഖേന തുഞ്ചത്ത് ജ്വല്ലേഴ്‌സില്‍ ആളുകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു പോലിസ് അറിയിച്ചു. സ്ഥാപനത്തിന് ബംഗളൂരുവിലുള്ള ഭൂമി വില്‍ക്കാന്‍ പോയിരുന്ന ഹരിദേവന്‍ തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയതിനിടെ വീട്ടില്‍ നിന്നാണു പിടികൂടിയത്. തുഞ്ചത്ത് ജ്വല്ലേഴ്‌സിന്റെ പേരില്‍ തിരൂരിലുള്ള ഭൂമി കണ്ടുകെട്ടുന്നതിന് കോടതിയെ സമീപിച്ചതായി പോലിസ് അറിയിച്ചു. മറ്റ് ചില കേന്ദ്രങ്ങളില്‍ ഇവര്‍ക്ക് ഭൂമിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇവയും കണ്ടുകെട്ടാന്‍ നടപടിയെടുക്കും. കഴിഞ്ഞ ജൂലൈ പതിനാറിനായിരുന്നു നിക്ഷേപകര്‍ പണം ആവശ്യപ്പെട്ട് എത്തിയതിനെ തുടര്‍ന്ന് തിരൂരിലെ തുഞ്ചത്ത് ജ്വല്ലേഴ്‌സ്,  സഹോദരസ്ഥാപനമായിരുന്ന യൂനിഫോം ടെക്‌സ് എന്നിവ അടച്ചുപൂട്ടിയത്. ഇതിന്റെ ഒരാഴ്ച മുമ്പ് എടപ്പാളിലുണ്ടായിരുന്ന ജ്വല്ലറിയും പൂട്ടിയിരുന്നു. തുടര്‍ന്ന് അയ്യായിരത്തിലേറെ നിക്ഷേപകര്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് കേസെടുത്തിരുന്നില്ല. പണം തിരിച്ചുലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പോലിസ് പരാതിക്കാരെ പിന്തിരിപ്പിക്കുകയായിരുന്നു. തിരൂരില്‍നിന്ന് അടുത്തിടെ സ്ഥലം മാറിപ്പോയ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപകരെ പിന്തിരിപ്പിച്ചിരുന്നത്. ലഭിക്കുന്ന പരാതികള്‍ മാത്രം സ്വീകരിക്കുകയും അവരുടെ വിശദാംശങ്ങള്‍ ജ്വല്ലറിയുടമകള്‍ക്ക് കൈമാറുകയുമാണ് പോലിസ് ചെയ്തിരുന്നത്. ഇതിനിടെ തിരൂരില്‍ സിഐയായി ചുമതലയേറ്റ കെ എം ഷാജി തനിക്കു ലഭിച്ച പരാതിയില്‍ കേസെടുക്കുകയും അന്വേഷണവുമായി മുന്നോട്ടു പോവുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റ്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക