|    Jan 23 Tue, 2018 10:08 am
Home   >  Todays Paper  >  Page 4  >  

നികുതി വെട്ടിച്ച് കടത്തിയ സ്വര്‍ണം പിടിച്ചെടുത്തു; രാജസ്ഥാന്‍ സ്വദേശികള്‍ കസ്റ്റഡിയില്‍

Published : 12th July 2016 | Posted By: SMR

കൊച്ചി: എറണാകുളത്തെയും കോട്ടയത്തെയും പ്രമുഖ ജ്വല്ലറികളില്‍ വില്‍പനയ്ക്കായി മുബൈയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന 7.729 കിലോ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും എറണാകുളം നോര്‍ത്തിലെ ഫഌറ്റില്‍ നിന്ന് പോലിസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശികളായ കുന്ദന്‍സിങ്, പ്രഹ്ലാദ് എന്നിവരാണ് പിടിയിലായത്.
സ്വര്‍ണവും പണവും പ്രതികളെയും പോലിസ് വാണിജ്യനികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. എറണാകുളം പ്രൊവിഡന്‍സ് റോഡിലെ എസ്‌ഐ ഫഌറ്റില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഷാഡോ എസ്‌ഐ നിത്യാനന്ദ പൈ, സെന്‍ട്രല്‍ എസ്‌ഐ വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പരിശോധന നടത്തിയത്. ഫഌറ്റിലെ സുരക്ഷാ ലോക്കറില്‍ നിന്നാണ് 7.729 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്.
സ്വര്‍ണാഭരണങ്ങള്‍ കടത്തിക്കൊണ്ടുവരുന്നതിന് ഉപയോഗിച്ചിരുന്ന ജാക്കറ്റുകളും ഇവിടെ നിന്ന് കണ്ടെടുത്തു. മൂന്നു താക്കോലുകളുപയോഗിച്ചാല്‍ മാത്രം തുറക്കാന്‍ കഴിയുന്ന സുരക്ഷിതമായ ലോക്കറാണ് ഫഌറ്റിലുണ്ടായിരുന്നത്. ജോര്‍ജ് എന്നയാളില്‍ നിന്ന് എട്ട് മാസം മുമ്പാണ് രാജസ്ഥാന്‍ സ്വദേശികള്‍ ഫഌറ്റ് വാടകക്കെടുത്തിരുന്നത്. എട്ടു മാസമായി ഇവര്‍ നികുതി വെട്ടിച്ച് സ്വര്‍ണാഭരണങ്ങള്‍ എറണാകുളത്ത് എത്തിച്ച് ജ്വല്ലറികള്‍ക്ക് വിതരണം ചെയ്തിരുന്നു.
സ്വര്‍ണവുമായി ഞായറാഴ്ച ട്രെയിന്‍ മാര്‍ഗം ഇവര്‍ നോര്‍ത്തിലെ ഫഌറ്റില്‍ എത്തിയതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അരുള്‍ ആര്‍ ബി കൃഷ്ണയ്ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ ഷാഡോ പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു ഫഌറ്റ്. അതിരാവിലെ ഇവര്‍ പുറത്തുപോവാന്‍ സാധ്യതയുള്ളതിനാല്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ ഷാഡോ പോലിസ് സംഘം ഫഌറ്റില്‍ റെയ്ഡ് നടത്തുകയായിരുന്നു. എറണാകുളത്തെയും കോട്ടയത്തെയും ജ്വല്ലറികള്‍ക്ക് നല്‍കാനുള്ളതാണ് സ്വര്‍ണമെന്ന് പിടിയിലായവര്‍ പോലിസിനോട് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day