|    Jul 24 Mon, 2017 10:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നികുതി വീതംവയ്പില്‍ കേരളവും ബംഗാളും എതിര്‍പ്പ് അറിയിച്ചു

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യസഭ പാസാക്കിയ ചരക്കു സേവന നികുതി (ജിഎസ്ടി) ബില്ലിലെ അന്തര്‍ സംസ്ഥാന നികുതി വീതംവയ്പ് വ്യവസ്ഥയില്‍ കേരളവും പശ്ചിമബംഗാളും എതിര്‍പ്പ് അറിയിച്ചു. ജിഎസ്ടി സംബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന ധനകാര്യമന്ത്രിമാരുടെ യോഗത്തിലെ ധാരണയ്ക്ക് വിരുദ്ധമായ വകുപ്പുകളാണ് രാജ്യസഭ പാസാക്കിയ ബില്ലില്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, പശ്ചിമബംഗാള്‍ ധന—മന്ത്രിയും ജിഎസ്ടി സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ ചെയര്‍മാനുമായ അമിത് മിത്ര എന്നിവര്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തെഴുതിയിരിക്കുന്നത്.
ചരക്കുസേവന നികുതി നടപ്പില്‍വരുമ്പോള്‍ അന്തര്‍സംസ്ഥാന നികുതി പിരിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. പിരിക്കുന്ന നികുതി കേന്ദ്രവും സംസ്ഥാനങ്ങളും വീതംവയ്ക്കും. ഇങ്ങനെ വീതംവച്ചാലും കുറച്ചു പണം ബാക്കിയാവും. വ്യാപാരികള്‍ ഇന്‍പുട്ട് ടാക്‌സ് തിരിച്ചുവാങ്ങാതെ വരുമ്പോഴും സര്‍ക്കാരുകള്‍ തമ്മിലുള്ള വ്യാപാരത്തില്‍ ചില സര്‍ക്കാരുകള്‍ ഇന്‍പുട്ട് ടാക്‌സ് വാങ്ങാതെ വരുമ്പോഴും മിച്ചമാവുന്ന പണമാണിത്. ഈ തുകയും സംസ്ഥാനങ്ങളുമായി വീതംവയ്ക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ. എന്നാല്‍, രാജ്യസഭയില്‍ അവതരിപ്പിച്ച ജിഎസ്ടി ബില്ലില്‍ ഈ വ്യവസ്ഥ ഉള്‍പ്പെട്ടില്ല. ഇതില്‍ അതൃപ്തി അറിയിച്ചാണ് ധനമന്ത്രിമാര്‍ കേന്ദ്രത്തിന് കത്തയച്ചത്. ജിഎസ്ടിയെ പൂര്‍ണമായി എതിര്‍ക്കുന്നില്ല. എന്നാല്‍, നികുതി വരുമാനം തുല്യമായി പങ്കുവയ്ക്കാമെന്ന ഉറപ്പ് കേന്ദ്രം ലംഘിച്ചിരിക്കുകയാണെന്ന് ഐസക് പറഞ്ഞു. പലകാര്യങ്ങളിലും കേന്ദ്രവുമായി ഒത്തുതീര്‍പ്പ് ധാരണയിലെത്തിയതാണ്. ഈ വ്യസ്ഥകളില്‍ മാറ്റംവരുത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. വരുമാനം വീതം വയ്ക്കുന്നത് സംബന്ധിച്ച ബില്ലിലെ വ്യവസ്ഥകളിലാണ് അമിത് മിത്രയും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
അതേസമയം, ജിഎസ്ടി പരിധി സംബന്ധിച്ച് സിപിഎമ്മില്‍ ഭിന്നത ഉടലെടുത്തു. നികുതി പരിധി 22 ശതമാനമായെങ്കിലും നിശ്ചയിക്കണമെന്ന് തോമസ് ഐസക് പറയുമ്പോ ള്‍ നികുതി 18 ശതമാനത്തില്‍ കൂടരുതെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. നികുതി കുറയ്ക്കുന്നത് സംസ്ഥാന താ ല്‍പര്യത്തിന് വിരുദ്ധമാണെന്ന് ഐസക് പറയുന്നു. 22 ശതമാനമെങ്കിലുമായി നികുതി നിശ്ചയിക്കണം. തീരുമാനം മറിച്ചായാല്‍ അത് വിഭവ സമാഹരണത്തെ ബാധിക്കും. എന്നാല്‍, നികുതി വര്‍ധിപ്പിക്കുന്നത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. രാജ്യസഭയിലും ഇതേ നിലപാടാണ് സിപിഎം സ്വീകരിച്ചത്. പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും യെച്ചൂരി ഈ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍, നികുതി പരിധി കുറയ്ക്കണമെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക