|    Nov 15 Thu, 2018 4:29 pm
FLASH NEWS

നികുതി വര്‍ധന; കുറച്ച തുക തിരികെ നല്‍കാന്‍ നടപടിയില്ല

Published : 3rd August 2016 | Posted By: SMR

മാനന്തവാടി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിക്കുകയും പിന്നീട് കുറവ് വരുത്തുകയും ചെയ്ത ഭൂമി, കെട്ടിട നികുതികള്‍ തിരിച്ചുനല്‍കാന്‍ നടപടികളായില്ല. ഈ ആവശ്യമുന്നയിച്ച് വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസുകളിലുമെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ പോലും അധികൃതര്‍ക്ക് കഴിയുന്നില്ല.
2014-15 വര്‍ഷത്തെ ബജറ്റിലുള്‍പ്പെടുത്തിയായിരുന്നു സംസ്ഥാനത്ത് ഭൂനികുതി വര്‍ധന വരുത്തിയത്. ഏക്കറിന് 87ല്‍ നിന്ന് 203 രൂപ വരെയായിരുന്നു ഉയര്‍ത്തിയത്. 2013-14 വര്‍ഷത്തെ നികുതി കുടിശ്ശികയുള്ളവരില്‍ നിന്നുള്‍പ്പെടെ പുതുതായി നികുതി സ്വീകരിക്കുമ്പോള്‍ പുതുക്കിയ വര്‍ധന ഈടാക്കുകയും ചെയ്തിരുന്നു.
ഇതോടൊപ്പം തന്നെ റവന്യൂവകുപ്പ് ഈടാക്കിയിരുന്ന ഒറ്റത്തവണ കെട്ടിടനികുതിയിലും ഇരട്ടി വര്‍ധന വരുത്തിയിരുന്നു. പിന്നീട് വ്യാപക പ്രതിഷധമുയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കുകയും വര്‍ധനവില്‍ മാറ്റം വരുത്തുകയും ചെയ്തു.
ഇതു പ്രകാരം ഭൂനികുതി 162 ആക്കി കുറയ്ക്കുകയും വാണിജ്യ സ്ഥാപനങ്ങള്‍ക്കൊഴികെയുള്ള ഒറ്റത്തവണ റവന്യൂ നികുതി വര്‍ധന പിന്‍വലിക്കുകയും ചെയ്തു. വര്‍ധന നടപ്പാക്കിയ കാലയളവില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി നികുതി അടയ്‌ക്കേണ്ടിവന്നവര്‍ക്ക് അധിക തുക അടുത്ത വര്‍ഷത്തെ നികുതി അടയ്ക്കുന്ന സമയത്ത് വരവ് വച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പും പിന്നീടുണ്ടായിട്ടില്ല. പഞ്ചായത്ത് കെട്ടിടനികുതിയിനത്തിലും ഇത്തരത്തില്‍ വര്‍ധനവും പിന്നീട് കുറവ് വരുത്തലും നടത്തുകയുണ്ടായി.
ചില പഞ്ചായത്തുകള്‍ മാത്രമാണ് ഈ തുക ഇപ്പോള്‍ പുതിയ നികുതി അടയ്ക്കുന്നവര്‍ക്ക് കുറവ് വരുത്തി നല്‍കുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഈടാക്കിയ തുക തിരികെ നല്‍കാനും ഭാഗപത്രക്കാരാറിന് ഉയര്‍ത്തിയ ഫീസ് കുറയ്ക്കാനും നടപടി വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോസ് തലച്ചിറ അധികൃതര്‍ക്ക് നിവേദനം നല്‍കി.അറസ്റ്റിലായ വിജയന്‍ നിരപരാധിയെന്നു കുടുംബം
കല്‍പ്പറ്റ: പുല്‍പ്പള്ളി കാപ്പിക്കുന്ന് പ്രദേശത്ത് കാട്ടാന വെടിയേറ്റു ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പത്മനാഭന്‍ എന്ന വിജയന്‍ നിരപരാധിയാണെന്ന് ഭാര്യ ശ്യാമളയും മക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവദിവസം വിജയന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു.
30നാണ് പറമ്പില്‍ പുല്ല് വെട്ടുന്നതിനിടെ വിജയനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ടുപോയത്. കെഎസ്ഇബിയില്‍ വിജയനെതിരേ പരാതിയുണ്ടെന്നും വന്ന് ഒപ്പിട്ട് മടങ്ങാമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ പോലും അനുവദിക്കാതെ കൊണ്ടുപോയത്. പിന്നീടാണ് കാട്ടാനയെ വെടിവച്ച കേസില്‍ അറസ്റ്റ് ചെയ്തതായി അറിയുന്നത്. ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റം വിജയനുമേല്‍ കെട്ടിവച്ചതെന്നു ശ്യാമള പറഞ്ഞു.
ആരൊക്കെയാണ് വനത്തില്‍ വേട്ടയ്ക്ക് പോവാറുള്ളതെന്നു സമീപവാസികളോട് ചോദിച്ചപ്പോള്‍ അവരാണ് വിജയന്റെ പേര് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയന്‍ ശിക്കാറിന് പോയിരുന്നു. 19 വര്‍ഷം മുമ്പ് ലൈസന്‍സുള്ള തോക്കും കൈവശമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ തോക്ക് ഇല്ല. ശിക്കാറിനും പോവാറില്ല. കൃഷിയും കൂലിപ്പണിയുമാണ് കുടുംബത്തിന്റെ വരുമാന മാര്‍ഗം. വിജയന്‍ അറസ്റ്റിലായതോടെ കുടുംബം ദുരിതത്തിലാണ്. ബിഎസ്‌സിക്കും പ്ലസ്ടുവിനും കുട്ടികള്‍ കൂട്ടുകാരുടെ കളിയാക്കല്‍ ഭയന്ന് വിജയന്‍ അറസ്റ്റിലായ ശേഷം ക്ലാസില്‍ പോയിട്ടില്ലെന്നു ശ്യാമള പറഞ്ഞു.
രണ്ടു മാസങ്ങള്‍ക്കു മുമ്പ് സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി സംസ്ഥാന പാതയോരത്ത് ആന വെടിയേറ്റു ചരിഞ്ഞ സംഭവത്തിലും പുല്‍പ്പള്ളി കാപ്പിക്കുന്ന് സംഭവത്തിലും പ്രതികളെ പിടികൂടാനാവാതെ വനംവകുപ്പ് സമ്മര്‍ദ്ദത്തിലായിരുന്നു. യഥാര്‍ഥ പ്രതികളെ കണ്ടെത്താനാവാത്തതിനാലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരപരാധികളുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു. കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും വനംമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും പരാതി നല്‍കുമെന്നും ശ്യാമളയും മക്കളും അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss