|    Oct 16 Tue, 2018 11:54 pm
FLASH NEWS

നികുതി വര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു : കാനം രാജേന്ദ്രന്‍

Published : 19th September 2017 | Posted By: fsq

 

കൊല്ലം: നികുതി വര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൃഷിയും വ്യവസായവും സംരക്ഷിക്കാനാണ് നികുതി വര്‍ദ്ധിപ്പിക്കുന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം തനിതട്ടിപ്പാണ്. കൃഷിക്കാരും തൊഴിലാളികളും ഈ തട്ടിപ്പ് മനസിലാക്കി വരികയാണെന്നും അതുകൊണ്ടാണ് വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. നികുതി വര്‍ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെ സംയുക്ത പ്രക്ഷോഭം വളര്‍ത്താന്‍ ജനങ്ങള്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സിപിഐ കൊല്ലം ജില്ലാകൗണ്‍സിലിന്റെ നേതൃത്വത്തില്‍ കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ നടന്ന വെളിയം ഭാര്‍ഗ്ഗവന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനെ പുതിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ന്യായീകരിക്കുന്നതുകേട്ടു.ലോകകമ്പോളത്തില്‍ ക്രൂഡ്ഓയില്‍ വില കുറഞ്ഞാലും കൂടിയാലും രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കൂടിക്കൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്തുകൊണ്ടുവന്ന വിലനിയന്ത്രണം എടുത്തുകളഞ്ഞതിന്റെ അനന്തര ഫലങ്ങളാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത്. മുന്നണിയിലെ എല്ലാ കക്ഷികളേയും ഒരുമിച്ച് നിര്‍ത്തുന്നതിനും ആ മുന്നണി ഭരണത്തെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും വെളിയം ഭാര്‍ഗ്ഗവന്‍ ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാസെക്രട്ടറി എന്‍ അനിരുദ്ധന്‍ അദ്ധ്യക്ഷത വഹിച്ചു. കെ ശിവശങ്കരന്‍നായര്‍, ആര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓടനാവട്ടത്ത് നടന്ന അനുസ്മരണ സമ്മേളനം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss