|    Mar 30 Thu, 2017 12:17 pm
FLASH NEWS

നികുതി പിരിവിന് ഒമ്പതിന കര്‍മപരിപാടി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: വാണിജ്യ നികുതി പിരിവ് ഊര്‍ജിതപ്പെടുത്താന്‍ ഒമ്പതിന കര്‍മപദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. അഴിമതി നിര്‍മാര്‍ജനം, കൂടുതല്‍ വ്യാപാരികളെ നികുതി വലയത്തില്‍ കൊണ്ടുവരിക, യുക്തിസഹമായ നികുതി നിരക്ക്, സാങ്കേതിക നവീകരണം, ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം, ഇന്റേണല്‍ ഓഡിറ്റ് ശക്തിപ്പെടുത്തുക, നിയമനടപടികള്‍, റവന്യൂ റിക്കവറി വേഗത വര്‍ധിപ്പിക്കല്‍, വ്യാപാരി സൗഹൃദ സമീപനം, ഉപഭോക്തൃ- വ്യാപാരി ബോധവല്‍ക്കരണം എന്നിവയാണവ. നികുതി ചോര്‍ച്ച തടയുന്നതിന് വാണിജ്യ നികുതി വകുപ്പില്‍ മൂന്നുമാസത്തിനുള്ളില്‍ ആവശ്യമായ കപ്പാസിറ്റിയുടെ പുതിയ സര്‍വര്‍ സ്ഥാപിക്കും. സോഫ്റ്റ് വെയറും സമഗ്രമായി പരിഷ്‌കരിക്കും. വ്യാപാര വാണിജ്യമേഖലയ്ക്ക് സഹായകരമായ ഒരു ഇന്ററാക്ടീവ് വെബ് പോര്‍ട്ടലായി വകുപ്പിന്റെ വെബ്‌സൈറ്റിനെ പുനര്‍നിര്‍മിക്കും. ഒരുവര്‍ഷത്തിനകം വകുപ്പില്‍ ഒരു സൈബര്‍ ഫോറന്‍സിക് യൂനിറ്റ് രൂപീകരിക്കും. തന്നിഷ്ടപ്രകാരമുള്ള കട സന്ദര്‍ശനങ്ങളും തിരച്ചിലുകളും അവസാനിപ്പിക്കും. കംപ്യൂട്ടറില്‍ത്തന്നെ പുതിയ സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ഓരോ റിട്ടേണും സമഗ്രപരിശോധനയ്ക്ക് വിധേയമാക്കും.
ഓഡിറ്റ് വിസിറ്റ് വിഭാഗത്തെ ഉള്‍പ്പെടുത്തി ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തും. വാണിജ്യ നികുതി ഓഫിസുകളിലെ പഴയ രേഖകള്‍ ആര്‍ക്കൈവ്‌സ് ചെയ്യും.
നികുതിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം അറിയിക്കുന്നതിന് ഇ-ന്യൂസ് ലെറ്റര്‍ ആരംഭിക്കും. നികുതിഭരണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനത്തും ടാക്‌സ് കോര്‍ണറുകള്‍ സ്ഥാപിക്കും. വ്യാപാരികളുടെ പരാതികള്‍ അറിയിക്കാന്‍ നികുതി വകുപ്പ് ആധുനിക പരാതി പരിഹാര കോള്‍ സെന്ററും മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങും.
ലക്കി വാറ്റ് സമ്പ്രദായം തിരിച്ചുകൊണ്ടുവരും. അഞ്ചുകോടിക്ക് മുകളില്‍ വിറ്റുവരവുള്ള വ്യാപാരികളുടെ ബില്ല്, ഇന്‍വോയ്‌സ് എന്നിവ അവര്‍ ബില്ല് ചെയ്യുന്ന സമയത്തുതന്നെ അപ് ലോഡ് ചെയ്യുന്നതിന് കംപ്യൂട്ടര്‍ അധിഷ്ടിത സംവിധാനം കൊണ്ടുവരും. വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തും. നികുതി സംബന്ധിച്ച് ഉപദേശക സേവനങ്ങള്‍ നല്‍കും. ചെക്‌പോസ്റ്റുകളിലെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കും. വാറ്റ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി, വ്യാപാരി ക്ഷേമനിധി എന്നിവ ഏര്‍പ്പെടുത്തും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day