|    Nov 24 Fri, 2017 8:02 pm
FLASH NEWS

നികുതി പിരിവിനെച്ചൊല്ലി സംഘര്‍ഷം ; പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റിനെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ചു

Published : 4th August 2017 | Posted By: fsq

 

ചിങ്ങവനം: നികുതി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയ പൂവന്‍തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ കമ്പനി ഉടമകളെ സന്ദര്‍ശിച്ച പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെയുള്ള ജീവനക്കാരെയും തടഞ്ഞുവച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ ആര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ളവരെയാണ് കമ്പനികളില്‍ പ്രവേശിക്കുന്നതിനെ ഉടമകളും ചില തൊഴിലാളികളും ചേര്‍ന്ന് തടഞ്ഞത്. ഈസ്റ്റ് പോലിസ്, വ്യവസായ കേന്ദ്രം, ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒരുമണിക്കൂറോളം നീണ്ട സംഘര്‍ഷം അവസാനിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. വ്യവസായ കേന്ദ്രത്തില്‍നിന്ന് പിരിക്കേണ്ട കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ ഇവിടുത്തെ 146ഓളം കമ്പനികള്‍ വര്‍ഷങ്ങളായി നല്‍കാത്തതു മൂലം പഞ്ചായത്തിന്റെ ധനകമ്മി കൂടിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ എട്ടു മാസം മുമ്പ് കമ്പനികളുടെ അസോസിയേഷന്‍ ഭാരവാഹികളെ പഞ്ചായത്തില്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് നികുതി അടക്കാമെന്ന് ഉറപ്പുപറഞ്ഞ ഭാരവാഹികള്‍ പിന്നീട് നിലപാട് മാറ്റി.വ്യവസായകേന്ദ്രത്തിന് പഞ്ചായത്തിന്റെ യാതൊരു നികുതിയും ബാധകമല്ലെന്ന് കോടതി ഉത്തരവുണ്ടെന്നും ഇത് ലംഘിച്ച് പിരിവിനെത്തിയാല്‍ തടയുമെന്നും പറഞ്ഞ് ഉടമകള്‍ പഞ്ചായത്ത് നിര്‍ദേശത്തെ അവഗണിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പിരിവ് ഊര്‍ജിതപ്പെടുത്താനും വ്യവസായ കേന്ദ്രത്തില്‍ നിന്ന് നികുതി ഉടന്‍ പിരിക്കണമെന്നും തീരുമാനിച്ചു.എന്തുവില കൊടുത്തും പഞ്ചായത്തിനുള്ള നികുതി പിരിച്ചെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. പഞ്ചായത്തിനു വേണ്ട സംരക്ഷണം നല്‍കുമെന്ന് ഈസ്റ്റ് പോലിസും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക