|    May 29 Mon, 2017 5:10 pm
FLASH NEWS

നികുതി കുടിശ്ശിക അടയ്ക്കാത്തവര്‍ക്ക് ഇളവ്; പഴയ വാഹനങ്ങള്‍ക്ക് ഹരിതനികുതി

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: പഴയ വാഹനങ്ങളില്‍നിന്നുള്ള വായുമലിനീകരണം കണക്കിലെടുത്ത് ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവയ്ക്ക് ഹരിതനികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള സ്വകാര്യ വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലും അതില്‍ കൂടുതലും ചക്രങ്ങളുള്ള വാഹനങ്ങള്‍ക്കുമാണ് ഹരിതനികുതി ഏര്‍പ്പെടുത്തുന്നത്. ഇതുവഴി പ്രതിവര്‍ഷം ഏഴുകോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
വര്‍ഷങ്ങളായി നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകളില്‍നിന്ന് കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ നികുതിയിളവ് പദ്ധതി തുടരും.
2016 ജൂണ്‍ 30ന് അഞ്ചുവര്‍ഷമോ അതില്‍ കൂടുതല്‍ കാലയളവിലോ കുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങള്‍ക്കാണ് ഈ സൗജന്യം. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നികുതി കുടിശ്ശികയുള്ള സ്വകാര്യവാഹനങ്ങള്‍ അവസാനത്തെ അഞ്ചുവര്‍ഷത്തെ കുടിശ്ശികയുടെ 30 ശതമാനം മാത്രം അടച്ചാല്‍ മതി. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്ക് നികുതി കുടിശ്ശികയുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ അവസാനത്തെ അഞ്ചുവര്‍ഷത്തെ കുടിശ്ശികയുടെ 20 ശതമാനം നല്‍കിയാല്‍ മതി.
ആറുമാസത്തിനകം നികുതി കുടിശ്ശിക അടയ്ക്കാത്തവരുടെ വാഹനം സര്‍ക്കാര്‍ കണ്ടുകെട്ടുകയും വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്യും. ഓടാത്ത വാഹനങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. ഇതിനായി ടാക്‌സേഷന്‍ നിയമത്തിലെ അഞ്ചാംവകുപ്പ് ഭേദഗതി ചെയ്യുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day