|    May 25 Thu, 2017 12:41 pm
FLASH NEWS

നികുതിവെട്ടിപ്പ്: മാണിക്കെതിരേ എഫ്‌ഐആര്‍

Published : 1st September 2016 | Posted By: SMR

മൂവാറ്റുപുഴ: കോഴിക്കച്ചവടക്കാരുടെയും ആയുര്‍വേദ ഉല്‍പന്ന നിര്‍മാതാക്കളുടെയും നികുതിവെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മാണിയെ കൂടാതെ  മുന്‍ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രന്‍, ആറു കോഴിക്കച്ചവടക്കാര്‍, ആയുര്‍വേദ സൗന്ദര്യവര്‍ധകവസ്തു നിര്‍മാതാക്കള്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13 (1), 13 (2), ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 120 എന്നീ വകുപ്പുകള്‍ ചുമത്തി. ത്വരിതപരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രഥമവിവര റിപോര്‍ട്ട് വിജിലന്‍സ് എറണാകുളം റേഞ്ച് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. അഡ്വ. നോബിള്‍ മാത്യുവിന്റെ  പരാതിയിലാണ് നടപടി.
തൃശൂരിലെ ചിക്കന്‍ മൊത്തവിതരണ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് എഴുതിത്തള്ളിയതിലൂടെ 65 കോടിയും ആയുര്‍വേദ മരുന്നുകമ്പനികള്‍ക്ക് നികുതി കുറച്ചുകൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടം വരുത്തിയതായാണ് ആരോപണം. ഇതുവഴി മാണി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും പറയുന്നു.  കോഴിക്കടത്തിനിടെ 65 കോടിയുടെ നികുതിവെട്ടിപ്പ് പിടികൂടിയിരുന്നു. ഇതിനെതിരേ ഉടമകള്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. എന്നാല്‍, ധനമന്ത്രിയായിരുന്ന കെ എം മാണി നികുതി കുടിശ്ശിക എഴുതിത്തള്ളിയെന്നാണ് ആരോപണം.
ആയുര്‍വേദ ഉല്‍പന്നങ്ങളുടെ വര്‍ധിപ്പിച്ച നികുതി നാലു ശതമാനമായി ഇളവു ചെയ്തത് വാണിജ്യനികുതി വകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണെന്നും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day