|    Sep 24 Sun, 2017 12:14 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നികുതിവരുമാനം: വിവിധ ഇനങ്ങളിലായി പിരിച്ചെടുക്കാനുള്ളത് 8,825 കോടി

Published : 1st August 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴും വിവിധ നികുതി ഇനങ്ങളിലായി പിരിഞ്ഞുകിട്ടാനുള്ളത് 8,825 കോടിയിലേറെ രൂപ. ഇത്രയും വലിയ തുക പിരിച്ചെടുക്കാനുള്ള സാഹചര്യം നിലനില്‍ക്കെയാണ്  എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യബജറ്റില്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചത്.
നികുതിവരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതാണു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം. കഴിഞ്ഞ മാര്‍ച്ച് വരെ വാണിജ്യനികുതി വകുപ്പില്‍ നിന്നു മാത്രം 6883.98 കോടി രൂപയുടെ നികുതിയാണു പിരിഞ്ഞുകിട്ടാനുള്ളത്. ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ കഴിഞ്ഞ മെയ്മാസം വരെ ലഭിക്കാനുള്ളതാവട്ടെ 186.96 കോടിയും.
മോട്ടോര്‍ വാഹനവകുപ്പില്‍ പിരിച്ചെടുക്കാനുള്ളത് (2015 ഡിസംബര്‍ വരെ) 1477.64 കോടിയും രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുള്ളത് (കഴിഞ്ഞ മെയ് വരെ) 30.30 കോടിയുമാണ്. എക്‌സൈസ് വകുപ്പിലെ അബ്കാരി കുടിശ്ശിക ഇനത്തില്‍ കഴിഞ്ഞ മാര്‍ച്ച് വരെ 246.02 കോടി രൂപ ലഭിക്കാനുണ്ട്. അതേസമയം, 2016 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം പെന്‍ഷന്‍, ബില്ലുകള്‍, കരാറുകാര്‍ തുടങ്ങിയ ഇനത്തിലായി കഴിഞ്ഞ സര്‍ക്കാര്‍ 6,302 കോടി രൂപ കൊടുത്തുതീര്‍ക്കാനുള്ളതായി ധനവകുപ്പ് വിശദീകരിക്കുന്നു. ലഭിക്കാനുള്ള നികുതി അടിയന്തരമായി പിരിച്ചെടുത്താല്‍ തന്നെ ഈ കടം തീര്‍ക്കാമെന്നിരിക്കെ വീണ്ടും ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണു പുതിയ സര്‍ക്കാര്‍ ചെയ്തതെന്നാണു വിലയിരുത്തല്‍. ബജറ്റിലെ നികുതിവര്‍ധനവിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സമരത്തിലാണ്.
കുടുംബങ്ങള്‍ തമ്മിലെ ഭാഗപത്രം, ഒഴിമുറി, ദാനം എന്നിവയുടെ മുദ്രവിലയിലും രജിസ്‌ട്രേഷന്‍ ഫീസിലും വര്‍ധന വരുത്തുന്നതിനെതിരേ  പ്രതിഷേധമുയര്‍ന്നിരുന്നു. വെളിച്ചെണ്ണ, ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ  നികുതി കൂട്ടിയതും പ്രതിഷേധത്തിന് ഇടയാക്കി. നിലവിലെ സാഹചര്യത്തില്‍നിന്ന്  കരകയറാന്‍ ബജറ്റിലെ നികുതിവര്‍ധന അനിവാര്യമാണെന്നാണു ധനവകുപ്പിന്റെ നിലപാട്. അതോടൊപ്പം നികുതിപ്പണം പിരിച്ചെടുക്കാന്‍ നടപടി ത്വരിതപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക