|    Oct 21 Sun, 2018 6:55 am
FLASH NEWS

നികുതിപ്പിരിവില്‍നിന്ന് 660 ചതുരശ്ര അടി വരെയുള്ള വീടുകള്‍ ഒഴിവാക്കണമെന്ന്

Published : 26th January 2017 | Posted By: fsq

 

കൊച്ചി: വസ്തു നികുതിപ്പിരിവില്‍നിന്ന് 660 ചതുരശ്ര അടി വരെയുള്ള വീടുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഒഴിവാക്കണമെന്ന് കാണിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ കൊച്ചി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നഗരസഭാ വരുമാനത്തെ ബാധിക്കുമെന്നും ഒമ്പതു കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് ഇന്നലെ കൂടിയ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചു. പുതിയ നികുതിയിളവ് നടപ്പാക്കുന്നത് വന്‍ നഷ്ടമായിരിക്കും വരുത്തിവെക്കുക. നഗരസഭക്ക് വരുമാനം നഷ്ടപ്പെടുത്താനേ ഈ നീക്കം ഉപകരിക്കൂ. ആനുവല്‍ റെന്റല്‍ വാല്യൂ രീതിക്ക് പകരം നടപ്പാക്കുന്ന പുതിയ പ്ലിന്തേരിയ (തറവിസ്തീര്‍ണം) അടിസ്ഥാനമാക്കിയുള്ള നികുതി നടപ്പാക്കുന്നത് ഏകീകരണത്തിന് നല്ലതാണ്. എന്നാല്‍ നഗരസഭയെ സംബന്ധിച്ചിടത്തോളം ഇതില്‍ നല്‍കുന്ന നികുതിയിളവ് ദോഷംചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 2015 ഏപ്രില്‍ 27ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 660 ചതുരശ്ര അടി വരെയുള്ള വീടുകളെ വസ്തു നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ നിശ്ചയിച്ചിരുന്നു. അതോടൊപ്പം 2000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് നികുതി വര്‍ധനവ് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനു പകരമായി 330ന് താഴെയുള്ള വീടുകള്‍ക്കും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്കും നികുതി വേണ്ടെന്നും 2000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് നികുതി വര്‍ധനവ് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും കാണിച്ച് സര്‍ക്കാരിന് അപേക്ഷ സമര്‍പിക്കാനാണ് തീരുമാനം. 660 ചതുരശ്ര അടിയെന്ന കണക്ക് 330ലേക്ക് ചുരുക്കുന്നത് പാവപ്പെട്ടവര്‍ക്ക് തിരിച്ചടിയാവുമെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ചൂണ്ടിക്കാട്ടി. നികുതി വര്‍ധനവിന് തങ്ങള്‍ എതിരല്ല. എന്നാല്‍ നികുതി വര്‍ധനവിലൂടെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. പിഴവുകള്‍ പരിശോധിച്ചു വേണം ഇക്കാര്യത്തില്‍ നഗരസഭ മുന്നോട്ടു നീങ്ങാന്‍. പാവപ്പെട്ടവര്‍ എന്ന നിര്‍വചനത്തില്‍ ഗൗരവകരമായ പഠനം നടക്കേണ്ടതുണ്ട്. സാമ്പത്തിക സ്ഥിതിയും വരുമാനും എല്ലാം കണക്കില്‍ എടുത്തുവേണം പഠനം നടത്തി സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പിക്കേണ്ടത്. ഫഌറ്റുകള്‍ക്ക് സാധാരണ വീടുകളുടെ കെട്ടിട നികുതി എന്ന വ്യവസ്ഥ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത് പുനപരിശോധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മികച്ച സാമ്പത്തിക അടിത്തറയുള്ളവര്‍ക്കും 660 ചതുരശ്ര അടിയില്‍ താഴെയുള്ള വീടുകള്‍ ഉണ്ടെന്ന് പള്ളുരുത്തി കൗ ണ്‍സിലര്‍ തമ്പി സുബ്രഹമ്ണ്യ ന്‍ വിശദീകരിച്ചു. തന്റെ ഡിവിഷനില്‍ 600 ചതുരശ്ര അടിയില്‍ താഴെയുള്ള 36 വീടുകള്‍ സ്വന്തമായുള്ള ആളുകളുണ്ട്. ഇവര്‍ സാമ്പത്തികമായി മികച്ച നിലവാരത്തില്‍ ഉള്ളവരാണ്. ഇവര്‍ക്കുള്‍പടെ ഇത്തരത്തില്‍ നികുതി ഇളവ് ലഭിക്കുന്നത് അംഗീകരിക്കാ ന്‍ സാധിക്കില്ല. ആഡംബര ഫഌറ്റിന്റെ നികുതി നിര്‍ണയം വേണ്ടതാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും സര്‍ക്കാരിന് നല്‍കുന്ന അപേക്ഷയില്‍ ആഡംബര ഫഌറ്റിന്റെ നികുതി നിര്‍ണയം നടത്തണമെന്ന ആവശ്യം ഉന്നയിക്കണമെന്നും അദ്ദേഹം മേയറോട് ആവശ്യപ്പെട്ടു. ഉത്തരവ് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്നും നഗരസഭയുടെ നിലപാട് വ്യക്തമാക്കി സര്‍ക്കാരിനെ സമീപിക്കാമെന്നും മേയര്‍ സൗമിനി ജെയിന്‍ കൗണ്‍സിലിനെ അറിയിച്ചു. നികുതി പിരിവ് പഴയ കണക്കില്‍ തന്നെ പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും. ഇതില്‍നിന്ന് വ്യത്യസ്ഥമായിട്ടുള്ളവര്‍ക്ക് അത് വ്യക്തമാക്കി ഉത്തരവ് നല്‍കണം. നികുതി വേണ്ടെന്ന സര്‍ട്ടിഫിക്കറ്റ് നഗരസഭയില്‍നിന്നു നല്‍കുന്ന കാര്യവും പരിഗണിക്കും. ആഡംബര ഫഌറ്റുകളുടെ നികുതി സംബന്ധിച്ച് വ്യക്തത നല്‍കണമെന്ന് കാണിച്ച് സര്‍ക്കാരിന് കത്തുനല്‍കും. 660 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ക്ക് നികുതി വേണ്ടെന്ന വ്യവസ്ഥ ചെറുതല്ലെന്നും ഏതാണ് 94,000 കുടുബങ്ങള്‍ ഈ കണക്കില്‍ ഉള്‍പെടുമെന്നും മേയര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss