|    Apr 21 Sat, 2018 3:23 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നികുതിപ്പണം ജനക്ഷേമത്തിനാവണം

Published : 30th November 2015 | Posted By: SMR

മോദി സര്‍ക്കാരിന് അനുകൂലമായി വാര്‍ത്തയെഴുതാന്‍ സര്‍ക്കാരിനു വേണ്ടി സ്വകാര്യ കമ്പനികള്‍ തങ്ങളെ സമീപിച്ചെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ആഴത്തിലുള്ള വിചിന്തനങ്ങളും ചര്‍ച്ചകളും ആവശ്യപ്പെടുന്നതാണ്. അമേരിക്കയില്‍നിന്നിറങ്ങുന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യയിലെ ബ്യൂറോ ചീഫ് ആനി ഗോെവന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സ്വകാര്യ പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ തങ്ങളെ രണ്ടുതവണ ബന്ധപ്പെട്ടെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ ഫണ്ടുകളുടെ നേര്‍വഴിക്കുള്ള വിനിയോഗമാണോ ഇതെന്ന് അവര്‍ അദ്ഭുതംകൂറുന്നുമുണ്ട്.
പ്രധാനമന്ത്രിയുടെയും ഭരണകൂടത്തിന്റെയും പ്രതിച്ഛായാനിര്‍മിതിയെക്കുറിച്ച് നിലനില്‍ക്കുന്ന പൊതുധാരണകളെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നിരന്തരം ഉയര്‍ന്നുകേള്‍ക്കുന്ന വിമര്‍ശനങ്ങളെയും ശരിവയ്ക്കുന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ ഇൗ വെളിപ്പെടുത്തല്‍. അമേരിക്കയും ഇസ്രായേലും ആസ്ഥാനമായുള്ള പബ്ലിക് റിലേഷന്‍സ് കമ്പനികളും പരസ്യസ്ഥാപനങ്ങളുമാണ് മോദിയുടെയും ബിജെപിയുടെയും പ്രചാരണപരമായ പദ്ധതികള്‍ക്ക് ചുക്കാന്‍പിടിക്കുന്നതെന്ന ആക്ഷേപം വളരെ നേരത്തേ തന്നെയുണ്ട്. കോടികള്‍ മുടക്കിയുള്ള പ്രചാരണ പെരുമഴകളില്‍ ജനങ്ങളെ ശ്വാസംമുട്ടിച്ച് നേടിയെടുക്കുന്ന തിരഞ്ഞെടുപ്പ് വിജയങ്ങള്‍ എത്രകണ്ട് ജനാധിപത്യത്തിന്റെ അന്തസ്സത്തയോടും ധാര്‍മികതയോടും നീതിപുലര്‍ത്തുന്നതാണെന്ന ചോദ്യം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
യഥാര്‍ഥ മഹത്ത്വമുള്ളവര്‍ക്ക് ഒരിക്കലും തങ്ങളുടെ അപദാനങ്ങള്‍ പരസ്യപ്പലകകളില്‍ പ്രദര്‍ശിപ്പിക്കേണ്ടിവരുകയോ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതുപോലെ കമ്പോളങ്ങളില്‍ നിരത്തേണ്ടിവരുകയോ ഇല്ല. കാലം ആ ദൗത്യം ഏറ്റെടുക്കും. ജനഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്ക് പ്രസരിക്കുന്ന ജീവത്തായ സന്ദേശങ്ങളായി ആ മഹദ് ജീവിതങ്ങള്‍ ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. നമ്മുടെ രാജ്യത്തു തന്നെ അതിന് ഉദാഹരണങ്ങള്‍ എത്രയെങ്കിലുമുണ്ട്. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു തൊട്ട് ഇൗയിടെ അന്തരിച്ച മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം വരെ ആ പട്ടിക നീളുന്നു. പക്ഷേ, ജീവിതമഹത്ത്വത്തിന്റെ ഇത്തരം ഉയരങ്ങള്‍ കര്‍മസാധനയിലൂടെ എത്തിപ്പിടിക്കാന്‍ കഴിയാത്ത പിഗ്മികള്‍ക്ക് പരസ്യങ്ങളിലും പെയ്ഡ് ന്യൂസുകളിലും അഭയംതേടേണ്ടിവരുന്നത് സ്വാഭാവികം.
മഹത്തായ ഒരു രാജ്യത്തിന്റെ ജനാധിപത്യസൗധത്തില്‍ കയറിയിരിക്കുന്നവര്‍ ഉത്തരവാദിത്തബോധത്തിന്റെ ഗരിമയിലാണ് ജനമനസ്സുകളില്‍ സ്ഥാനമുറപ്പിക്കേണ്ടത്. അതിശയോക്തികളും അര്‍ധസത്യങ്ങളും നിറഞ്ഞ പരസ്യവാചകങ്ങള്‍കൊണ്ട് തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെയും രാജ്യത്തെയും യാഥാര്‍ഥ്യങ്ങളില്‍നിന്ന് അകറ്റി ഏതോ മോഹവലയത്തില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നത് കടുത്ത ജനവഞ്ചനയാണ്. ഭരണഘടനയെ പിടിച്ച് ആണയിടുന്നവര്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണെന്നു തെളിയിക്കേണ്ടത് കര്‍മസാക്ഷ്യങ്ങളിലൂടെയാവണം. നികുതിപ്പണം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉപയോഗിക്കാനുള്ളതാണ്. ആരുടെയെങ്കിലും മുഖവൈകൃതം മിനുസപ്പെടുത്താനുള്ള സ്വകാര്യ സമ്പാദ്യമല്ല അതെന്ന മിനിമം ധാര്‍മികതയെങ്കിലും ഭരണാധികാരികള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss