|    Aug 20 Sun, 2017 1:32 pm
FLASH NEWS

നികത്തിയ വയലിലെ മണ്ണെടുത്തുമാറ്റാന്‍ കലക്ടറുടെ ഉത്തരവ്

Published : 3rd November 2016 | Posted By: SMR

എടപ്പാള്‍: കാലടി പഞ്ചായത്തിലെ കാവില്‍പ്പടിയില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രി അധികൃതര്‍ നടത്തിയ കോള്‍നിലത്തെ മണ്ണെടുത്തുമാറ്റി പൂര്‍വ സ്ഥിതിയിലാക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു. 15 ദിവസത്തിനകം മണ്ണെടുത്തുമാറ്റാന്‍ ഉടമസ്ഥര്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ മണ്ണുമാറ്റാനും അതിനാവശ്യമായ ചെലവ് ആശുപത്രി അധികൃതരില്‍നിന്നും ഈടാക്കാനുമാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.   ഉത്തരവു നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനായി പൊന്നാനി അഡി. തഹസില്‍ദാരെയും തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫിസറേയും കലക്ടര്‍ നിയമിച്ചിട്ടുണ്ട്. പൊന്നാനി കോള്‍ നില വികസന സമിതിക്കു കീഴിലുള്ള മാണൂര്‍ കായലിനോടു ചേര്‍ന്ന പുഞ്ചക്കൃഷിയിറക്കുന്ന 30 സെന്റ് നെല്‍വയലാണ് ആശുപത്രി അധികൃതര്‍ മണ്ണിട്ടു നികത്തിയിട്ടുള്ളത്.   ഈ വയല്‍ തണ്ണീര്‍ത്തട -നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം കൃഷിയിറക്കിക്കൊണ്ടിരുന്ന പുഞ്ച നിലമാണെന്നും ഈ നിലം നികത്തുന്നത് അനുവദിക്കാനാവില്ലെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.മുമ്പ് സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്ന വയല്‍ നികത്താനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ അതിനെതിരെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതാണ്.എന്നാല്‍ അതിനുശേഷം സ്വകാര്യ ആശുപത്രി അധികൃതര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു വാങ്ങി വയല്‍ നികത്തുകയായിരുന്നു. അനധികൃതരുമായുള്ള വയല്‍ നികത്തലിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകൃതി സംരക്ഷണ സേനയുടെയും ആഭിമുഖ്യത്തില്‍ ആശുപത്രിക്കു മുന്നില്‍ ഉപവാസ സമരംവരെ നടത്തിയിരുന്നു. നാട്ടുകാരുടേയും വിവിധ സംഘടനകളുടെയും പരാതിയെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് വയല്‍നികത്തിയതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ ആശുപത്രി അധികൃതരെ കലക്ടറേറ്റിലേയ്ക്കു വിളിച്ചിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വയലിലെ മണ്ണെടുത്ത് മാറ്റി പൂര്‍വ സ്ഥിതിയിലാക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക