|    Nov 15 Thu, 2018 3:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നാസയുടെ സൗര ദൗത്യം പാര്‍ക്കറിന്റെ വിക്ഷേപണം മാറ്റിവച്ചു

Published : 12th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: നാസയുടെ പാര്‍ക്കര്‍ സൗര പര്യവേക്ഷണ പേടകത്തിന്റെ വിക്ഷേപണം സാങ്കേതിക കാരണങ്ങളെത്തുടര്‍ന്ന് മാറ്റിവച്ചു. സൂര്യന്റെ അടുത്തെത്തി ദീര്‍ഘകാല പഠനം നടത്തുന്നതിനാണ് യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പാര്‍ക്കര്‍ പര്യവേക്ഷണ പേടകം വികസിപ്പിച്ചത്.
ഇന്നലെയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയാണെന്ന് നാസ അറിയിച്ചു. പേടകം ഇന്ന് വിക്ഷേപിക്കുമെന്നാണ് കരുതുന്നത്. ഇതിനു മുമ്പും പേടകത്തിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ വ്യോമ കേന്ദ്രത്തില്‍ ഡെല്‍റ്റ ഫോര്‍ ഹെവി റോക്കറ്റിന്റെ സഹായത്തോടെ പാര്‍ക്കര്‍ ഇന്ന് വീണ്ടും വീക്ഷേപിക്കുമെന്നാണ് അനൗദ്യോഗിക വിവരം.
മറ്റു ബഹിരാകാശ വാഹനങ്ങളെ അപേക്ഷിച്ച് ഏറ്റവും വേഗമേറിയതാണ് പാര്‍ക്കറെന്നു നാസ അറിയിച്ചു. 2023ഓടെ പേടകം സൂര്യനോട് അടുത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 7,00,000 കിലോമീറ്ററാണ് വേഗം. ഈ വേഗത്തില്‍ സഞ്ചരിച്ചാല്‍ ലണ്ടനില്‍ നിന്നു ബെര്‍ലിനില്‍ മൂന്ന് സെക്കന്‍ഡ് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
സൂര്യന്റെ അന്തരീക്ഷത്തോട് അടുത്ത് യാത്രചെയ്യാന്‍ പാര്‍ക്കറിനു സാധിക്കും. അതിതീവ്രമായ ചൂടും റേഡിയേഷനും വാഹനത്തിന് ഏല്‍ക്കേണ്ടിവരും. ഇതിനുള്ള പ്രതിരോധ കവചവും വാഹനത്തിനുണ്ട്. ആദ്യം ശുക്രന്റെ അടുത്തേക്കാണ് വാഹനം യാത്രയാവുക. സൂര്യന്റെ പ്രതലത്തില്‍ നിന്ന് 61 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് പാര്‍ക്കര്‍ പര്യവേക്ഷണം നടത്തുക. സൂര്യന്റെ അന്തരീക്ഷമായ കൊറോണയിലൂടെ പാര്‍ക്കര്‍ യാത്രചെയ്യും. ഏഴുവര്‍ഷത്തെ പര്യവേക്ഷണത്തിന്റെ വിവരങ്ങള്‍ മേരിലാന്‍ഡിലെ ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി അപ്ലയ്ഡ് ഫിസിക്‌സ് ലബോറട്ടറിയിലേക്കാണ് അയക്കുക. ജ്യോതിശാസ്ത്രജ്ഞന്‍ യൂജിന്‍ പാര്‍ക്കറിന്റെ പേരാണ് ശൂന്യാകാശ വാഹനത്തിനു നല്‍കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss