|    Jan 19 Thu, 2017 3:53 am
FLASH NEWS

നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും വിശദീകരണം നല്‍കണം

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി നോട്ടീസ് അയച്ചു. പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം തേടി മെട്രൊപൊളിറ്റന്‍ മജിസട്രേറ്റ് ലവ്‌ലീനിന്റെതാണ് നടപടി.
സോണിയക്കും രാഹുലിനും പുറമെ കേസില്‍ ആരോപണവിധേയരായ എഐസിസി ഖജാഞ്ചി മോത്തിലാല്‍ വോറ, മുതിര്‍ന്ന നേതാവ് ഒസ്‌കാര്‍ ഫെര്‍ണാണ്ടസ്, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ദുബെ, സാം പിത്രോദ എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നോട്ടീസിലെ ആവശ്യം. കേസ് ഒക്ടോബര്‍ 4നു വീണ്ടും പരിഗണിക്കും.
പത്രത്തിന്റെ ഉടമസ്ഥരായ അസോഷ്യേറ്റ് ജേണല്‍ ലിമിറ്റഡി(എജെഎല്‍)നു കോണ്‍ഗ്രസ് നല്‍കിയ വായ്പയുടെ രേഖകള്‍ ഇതുസംബന്ധിച്ചു നടക്കുന്ന കേസിന്റെ വിചാരണയില്‍ നിര്‍ണായകമാണെന്നും അതിനാല്‍ ഹാജരാക്കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ എജെഎല്‍ സമര്‍പ്പിച്ച രേഖകള്‍, ആദായനികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പത്രത്തിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയങ്ങളില്‍ നിന്നുള്ള രേഖകളും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 2010-11 വര്‍ഷത്തിലെ ബാലന്‍സ് ഷീറ്റും ഹാജരാക്കണമെന്ന വിചാരണ കോടതിയുടെ ഉത്തരവ് കഴിഞ്ഞമാസം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു ചില രേഖകള്‍ ആവശ്യപ്പെട്ട് സ്വാമി കോടതിയെ സമീപിച്ചത്.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ 5,000 കോടി രൂപയുടെ സ്വത്ത് അനധികൃതമായി സ്വന്തമാക്കിയെന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണം. നഷ്ടംമൂലം 2008ല്‍ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചിരുന്നു. കേസില്‍ രാഹുലും സോണിയയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ഡിസംബറില്‍ പാട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക