|    Jan 17 Tue, 2017 6:34 pm
FLASH NEWS

നാഷനല്‍ ഹെറാള്‍ഡ് കേസ്പ്രതിഷേധം മാധ്യമങ്ങള്‍ തെറ്റായി അവതരിപ്പിച്ചെന്ന് ഗുലാംനബി ആസാദ്‌

Published : 12th December 2015 | Posted By: G.A.G

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിഷേധം മാധ്യമങ്ങള്‍ തെറ്റായി അവതരിപ്പിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഇന്നലെ ഉച്ചയ്ക്ക് രാജ്യസഭയിലാണ് ഗുലാംനബി ഇക്കാര്യം ആരോപിച്ചത്. കോടതിയുമായി ബന്ധപ്പെട്ട വിഷയത്തിലല്ല കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രതിപക്ഷ കക്ഷികളെ ഉന്നംവച്ച് ആക്രമിക്കുന്ന ഭരണപക്ഷ നടപടിക്കെതിരേയായിരുന്നു പ്രതിഷേധം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളും സഭയില്‍ ചര്‍ച്ചചെയ്യണം. എന്നാല്‍, കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം മുഴുവന്‍ നാഷനല്‍ ഹെറാള്‍ഡ് കേസിനെ പറ്റിയാണെന്ന ധാരണയാണ് പുറത്തുണ്ടായതെന്നും ഗുലാംനബി പറഞ്ഞു.

എന്നാല്‍, മാധ്യമങ്ങള്‍ കോണ്‍ഗ്രസ്സിനെ തെറ്റിദ്ധരിച്ചെങ്കില്‍ അതിനു സര്‍ക്കാരിനെ കുറ്റംപറയേണ്ട കാര്യമില്ലെന്ന് പാര്‍ലമെന്ററികാര്യസഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസ് ഇന്നലെയും പ്രതിഷേധം തുടര്‍ന്നു. കോ ണ്‍ഗ്രസ് എംപിമാര്‍ നടുത്തളത്തിലിറങ്ങി നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ തുടര്‍ച്ചയായ നാലാം ദിവസവും സ്തംഭിച്ചു. രാവിലെ സഭ ചേര്‍ന്നതു മുതല്‍ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് രാജ്യസഭയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുത്തി.പ്രതിഷേധങ്ങള്‍ അതിരുകടക്കുകയാണെന്ന് അധ്യക്ഷന്‍ ഡോ. ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടി. ഇതിനിടെ അഴിമതി നിരോധന നിയമം രാജ്യസഭ സെലക്റ്റ് കമ്മിറ്റിക്ക് വിട്ടു. ലോക്‌സഭയി ല്‍ ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബിജെപി എംപി വീരേന്ദ ര്‍സിങ് മാപ്പുപറയാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ്സിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, ആ ര്‍ജെഡി അംഗങ്ങളും ബിജെപി എംപി മാപ്പുപറയണമെന്നാവശ്യപ്പെട്ടു. സഭ ചേര്‍ന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വീരേന്ദര്‍സിങ് മാപ്പുപറയാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. മാപ്പുപറയാത്ത സിങിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണെന്നാണു കരുതേണ്ടത്. എന്നാല്‍, ഖാര്‍ഗെ സംസാരം തുടരവെ ഒരേ വിഷയം തന്നെ വീണ്ടും ഉന്നയിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സ്പീക്കര്‍ തടഞ്ഞു. സഭ തടസ്സപ്പെടുത്താന്‍ കോ ണ്‍ഗ്രസ് ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് സഭയില്‍നിന്നു വാക്കൗട്ട് നടത്തി. അതിനിടെ, ലോക്‌സഭയില്‍ ബഹളങ്ങള്‍ക്കിടെ ചെക്ക് കേസുകളില്‍ ഭേദഗതി വരുത്തുന്ന നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് അമെന്റ്‌മെന്റ് ബില്ല് ചര്‍ച്ചയില്ലാതെ പാസാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക