|    Apr 19 Thu, 2018 11:18 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

നാവിനെ പിടിച്ചുകെട്ടുന്ന മന്ത്രിസഭ

Published : 24th June 2016 | Posted By: mi.ptk

മധ്യമാര്‍ഗം
പരമു
കേരള മന്ത്രിസഭായോഗദിവസം മാധ്യമപ്രവര്‍ത്തകരുടെ ഉല്‍സവദിനമായിരുന്നു. ഇഷ്ടംപോലെ വാര്‍ത്തകള്‍. ചാനലുകള്‍ക്കാണെങ്കില്‍ രാത്രി പതിവു ചര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍. വായനക്കാര്‍ക്കും കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും രസിക്കാനും ആഹ്ലാദിക്കാനും നാണിക്കാനും കഴിയുന്ന അവസരങ്ങള്‍. ഒരു മന്ത്രിസഭായോഗാനന്തരം നടക്കുന്ന വിശദീകരണങ്ങളും ഉപവാര്‍ത്തകളും കമന്റുകളും എത്രയോ കാലം ചൂടേറിയ ചര്‍ച്ചകള്‍ക്കുള്ള ഇനങ്ങളായിരിക്കും. മന്ത്രിസഭായോഗം കഴിഞ്ഞ ഉടനെ മുഖ്യമന്ത്രി ഓടിക്കിതച്ചെത്തി മൈക്കിനു മുമ്പില്‍, അല്ല മൈക്കുകള്‍ക്കു മുമ്പില്‍ ഇരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ കാലേക്കൂട്ടി തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഉപവിഷ്ടരായിരിക്കും. മുതിര്‍ന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ചില കസേരകളില്‍ തന്നെ ഇരിക്കാന്‍ താല്‍പര്യവും കാണിക്കും. മന്ത്രിസഭായോഗം കൂടുന്നതു തന്നെ മുഖ്യമന്ത്രിയുടെ ഇങ്ങനെയൊരു ചടങ്ങിനുവേണ്ടിയാണെന്നു തോന്നിപ്പോവും. എഴുതിക്കൊണ്ടുവന്ന തീരുമാനങ്ങള്‍ തുടക്കത്തില്‍ വായിച്ചു കഴിഞ്ഞാല്‍ പിന്നെയാണ് യഥാര്‍ഥ സമ്മേളനം. രാഷ്ട്രീയചര്‍ച്ചകളും വിവാദങ്ങളും കേസുകളും ചര്‍ച്ചകളാവും. ഈ ചടങ്ങ് രാവിലെ 10 മണിക്കു മുമ്പ് നടക്കുന്നതുകൊണ്ട് മാധ്യമങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ ആവശ്യംപോലെ സമയവും ലഭിക്കും. കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും മന്ത്രിസഭായോഗങ്ങള്‍ പതിവായി ചേരാറുണ്ടെങ്കിലും കൃത്യമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ബ്രീഫിങില്‍ പങ്കെടുക്കാറില്ല. കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കുന്നത് ഏതെങ്കിലുമൊരു സഹമന്ത്രിയായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഏതെങ്കിലും മന്ത്രിമാര്‍ അവരവരുടെ വകുപ്പുകളിലുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ വരും. വളരെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാത്രമേ മുഖ്യമന്ത്രിമാര്‍ പ്രത്യക്ഷപ്പെടാറുള്ളൂ. തമിഴ്‌നാട്ടിലാണെങ്കില്‍ മുഖ്യമന്ത്രി ജയലളിത പ്രധാനപ്പെട്ട വിഷയങ്ങളിലും മാധ്യമങ്ങളെ മുഖംകാണിക്കാറില്ല. കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അപൂര്‍വമായേ എത്താറുണ്ടായിരുന്നുള്ളൂ. കെ കരുണാകരന്‍ മുഖ്യമന്ത്രിയായതു മുതല്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കല്‍ മന്ത്രിസഭയുടെ പ്രധാന ചടങ്ങായി മാറി. മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ കെ നായനാരാണ് ഇതൊരു ഉല്‍സവംപോലെ നടത്തിയത്. അദ്ദേഹത്തിനു തമാശകള്‍ പൊട്ടിക്കാനുള്ള അവസരമായി ഇതിനെ വിനിയോഗിക്കുകയും ചെയ്തു. പിന്നീടു വന്ന മുഖ്യമന്ത്രിമാരൊന്നും പതിവു രീതിയില്‍ മാറ്റം വരുത്തിയില്ല. സദാ തിരക്കില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബ്രീഫിങിന് അദ്ദേഹം പതിവായി എത്തി. മാധ്യമങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴാണ് എല്ലാം തകിടംമറിഞ്ഞത്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കല്‍ എന്ന ഔദ്യോഗിക ചടങ്ങു തന്നെ ഒഴിവാക്കി. മന്ത്രിസഭായോഗം കഴിഞ്ഞ് ചായകുടിച്ചു പിരിഞ്ഞാല്‍ മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക പരിപാടികളില്‍ ആണ്ടുമുങ്ങി. മാധ്യമങ്ങളുമായി മുഖംതിരിഞ്ഞുനിന്നു. മന്ത്രിസഭയുടെ യോഗതീരുമാനങ്ങള്‍ ചൂടോടെ കിട്ടിയിരുന്ന മാധ്യമങ്ങള്‍ വല്ലാത്ത കഷ്ടത്തിലായി. പബ്ലിക് റിലേഷന്‍സ് വകുപ്പ് വൈകുന്നേരം പുറത്തിറക്കുന്ന പ്രസ് റിലീസില്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ ഒതുങ്ങി. ഏറിയാല്‍ രണ്ട് പാരഗ്രാഫ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മാധ്യമങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തേടിനടക്കണം. അവരാണെങ്കില്‍ പണ്ടത്തെപ്പോലെ ചങ്ങാത്തമില്ല. സിഎമ്മിനോടു ചോദിക്കൂ എന്നു പറഞ്ഞ് ഒഴിയും. പിന്നെ, ആകെയുള്ള ഒരു രക്ഷ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കലാണ്. അതിനാണെങ്കില്‍ 30 ദിവസം കാത്തിരിക്കണം. മന്ത്രിസഭായോഗ തീരുമാനത്തിന്റെ പകര്‍പ്പും വിശദവിവരങ്ങളും കിട്ടണമെങ്കില്‍ ഒരുമാസം കഴിയണമെന്നു മനസ്സിലാക്കുക. പുതിയ മന്ത്രിസഭയുടെ മുഖ്യമായ ലക്ഷ്യം മിണ്ടാട്ടം ഒഴിവാക്കുകയാണ്. മാധ്യമങ്ങളെ കഴിവതും ഒഴിച്ചുനിര്‍ത്തുക. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ അറിയിക്കാന്‍ മന്ത്രിസഭയ്ക്കും പാര്‍ട്ടിക്കും പ്രത്യേക സംവിധാനങ്ങളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss