നാവിക സേനയുടെ യുദ്ധകപ്പല്‍ കാണാന്‍ കൊല്ലം തീരത്തെത്തിയത് ആയിരങ്ങള്‍
Published : 25th November 2015 | Posted By: SMR
കൊല്ലം: നാവിക ദിനം പ്രമാണിച്ച് കൊല്ലം തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ കാണാന്‍ എത്തിയത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍. നാവിക സേനയുടെ പടകപ്പലായ ഐഎന്‍എസ് കാബ്രയും ഐഎന്‍എസ് കല്പ്പേനിയുമാണ് കൊച്ചി നേവല്‍ ബേസില്‍ നിന്ന് കൊല്ലം തീരത്ത് എത്തിയത്. നാവികദിനാഘോഷത്തിന്റെ ഭാഗമായി തീരസുരക്ഷ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുദ്ധകപ്പലുകള്‍ എത്തിയത്. ഇന്നലെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് മൂന്നുവരയായിരുന്നു കപ്പലിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളും അധ്യാപകരും കപ്പല്‍ കാണാന്‍ എത്തി. പൊരിവെയിലത്ത് മണിക്കൂറുകള്‍ ക്യൂ നിന്നാണ് പലരും കപ്പല്‍ കണ്ട് മടങ്ങിയത്. കപ്പലിനുള്ളില്‍ കയറിയവര്‍ക്ക് യുദ്ധോപകരണങ്ങളെക്കുറിച്ചും കപ്പലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും നാവികര്‍ വിശദീകരിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് 4.30ഓടെയാണ് കപ്പല്‍ കൊല്ലം തീരത്ത് എത്തിയത്.
35 നോട്ടിക്കല്‍ മൈല്‍ (മണിക്കൂറില്‍ ഏകദേശം 60 കിലോമീറ്റര്‍) വേഗത്തില്‍ ശത്രുസൈന്യത്തെ പിന്തുടരാന് കഴിവുള്ള യുദ്ധക്കപ്പലാണ് ‘ഐഎന്‍എസ് കാബ്ര’. അത്യാധുനിക സംവിധാനങ്ങളോടെ കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് കപ്പല്‍ശാലയിലാണ് ഇത് നിര്‍മിച്ചത്. ആഴക്കടലിനുപുറമെ ആഴംകുറഞ്ഞ കടലിലൂടെയും ജലാശയത്തിലൂടെയും നീങ്ങാന്‍ കഴിയുംവിധമാണ് ഇതിന്റെ നിര്‍മാണം. സാധാരണ കപ്പലുകളില്‍ മുന്നോട്ടുപോകാന്‍ വാട്ടര്‍ പ്രൊപ്പല്ലറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ മുന്‍വശത്തുനിന്ന് വെള്ളം വലിച്ചെടുത്ത് പിന്നോട്ടുതള്ളിയാണ് വാട്ടര്‍ജെറ്റ് ഇനത്തില്‍പ്പെട്ട ‘ഐഎന്‍എസ് കാബ്ര’യുടെ കുതിപ്പ്. 2011 ജൂണിലാണ് കാബ്ര നീറ്റിലിറക്കിയത്. ഇന്ത്യയില്‍ ആദ്യമായാണ് വാട്ടര്‍ജെറ്റോടുകൂടിയ ഇത്തരം യുദ്ധക്കപ്പല്‍ നിര്‍മിച്ചതെന്ന് ഐഎന്‍എസ് കാബ്ര കാപ്റ്റന്‍ വരുണ്‍ ഗുപ്ത പറഞ്ഞു.
കടല്‍ക്കൊള്ളക്കാരില്‍നിന്നും തീവ്രവാദികളില്‍നിന്നും ജലയാനങ്ങളെയും തീരത്തെയും സംരക്ഷിക്കുകയാണ് ഐഎന്‍എസ് കാബ്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശത്രുസൈന്യങ്ങളുടെ സാന്നിധ്യം കണ്ടെത്താനുള്ള കഴിവും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന 30 എംഎം സിആര്‍എന്‍ 91 തോക്കും കപ്പലിലുണ്ട്. മേഡക്കിലും ഭാരത് ഇലക്ട്രോണിക്സിലും നിര്‍മിക്കപ്പെട്ടവയാണിത്. 11,000 കുതിരശക്തിയുള്ള എംടിയു. 16 വി 4000 എം 90 എന്‍ജിനുകളാണ് കപ്പലിലുള്ളത്. മാലിന്യ നിര്‍മാര്‍ജനത്തിനായി അന്താരാഷ്ട്ര മറൈന്‍ ഓര്‍ഗനൈസേഷന്റെ മലിനീകരണ നിയന്ത്രണ നിബന്ധനയില്‍ പ്രവര്‍ത്തിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആന്‍ഡമാനിലെ ഒരു ദ്വീപിന്റെ പേരാണ് കാബ്ര. ലക്ഷദ്വീപില്‍ ഉള്‍പ്പെടുന്ന കല്േപനി എന്ന ദ്വീപിന്റെ പേരുള്ളതാണ് യുദ്ധക്കപ്പലായ ഐഎന്‍എസ് കല്പേനി. ഇന്ത്യന്‍ നാവിക സേനയുടെ അത്യാധുനിക ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ഐഎന്‍എസ് കല്പേനി 2010ലാണ് കമ്മീഷന് ചെയ്തത്. കള്ളക്കടത്ത് തടയുന്നതിനും തിരച്ചില്‍ രക്ഷാ പ്രവര്ത്തനങ്ങള്ക്കുള്പ്പെടെയുള്ള കാര്യങ്ങള്‍ക്കുമാണ് ഐ എന്‍ എസ് കല്‍പ്പേനി ഉപയോഗിക്കുക . 52 മീറ്റര്‍ നീളമുള്ള കപ്പലിന്റെ ഭാരം 320 ടണ്ണാണ്. കര്നിക്കോബാര് ക്ലാസ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകളുടെ വിഭാഗത്തിലെ ഏഴാം കപ്പലാണിത്. നാല് ഓഫിസര്‍മാരും 40 സെയിലര്‍മാരുമാണ് കല്‍പ്പേനിയിലെ ഔദ്യോഗിക ജീവനക്കാര്‍.
രണ്ട് കപ്പലുകളും കൊച്ചി നേവല്‍ ബേസ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. 52 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും 320 ടണ്‍ കേവുഭാരവുമാണ് ഐഎന്‍എസ് കാബ്രയ്ക്കുള്ളത്. ഐഎന്‍എസ് കല്പേനിക്കൊപ്പം 2012 നവംബറിലും ഐഎന്‍എസ് കാബ്ര കൊല്ലം തുറമുഖത്തെത്തിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.