|    Dec 14 Fri, 2018 7:05 am
FLASH NEWS

നാവിക ലഹള

Published : 27th March 2017 | Posted By: G.A.G

പി എ അനീബ്

ഞങ്ങള്‍ ആയുധം വച്ച് കീഴടങ്ങിയത് കോണ്‍ഗ്രസ്സും അഖിലേന്ത്യ മുസ്‌ലിംലീഗും ഉള്‍പ്പെട്ട ദേശീയ നേതൃത്വത്തിനു മുമ്പിലാണ്, ബ്രിട്ടിഷുകാര്‍ക്കു മുന്നിലല്ല. ബ്രിട്ടിഷുകാരില്‍ നിന്ന് അച്ചടക്ക നടപടികളും പ്രതികാര നടപടികളും ഉണ്ടാവില്ലെന്ന് ദേശീയ നേതൃത്വം ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. അവര്‍ ഞങ്ങളെ പരിഗണിച്ചതേയില്ല. അവര്‍ ഞങ്ങളെ വേട്ടയാടുകയും ജയിലിലടയ്ക്കുകയും ചെയ്തു. 1947 ആഗസ്ത് 15നു ശേഷവും ഞങ്ങളില്‍ ചിലര്‍ ജയിലില്‍ തന്നെ തുടര്‍ന്നു. ഞങ്ങളെ സ്വാതന്ത്ര്യസമരസേനാനികളായി പരിഗണിക്കുകയോ ആനുകൂല്യങ്ങള്‍ തരുകയോ ചെയ്തില്ല- ഏഴു പതിറ്റാണ്ട് മുമ്പ് 1946ലെ ബ്രിട്ടിഷ് റോയല്‍ നേവി കലാപത്തില്‍ പങ്കെടുത്ത ഒ കെ ശ്രീനിവാസന്‍ പറയുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തെ കിടുകിടാ വിറപ്പിച്ച ഈ കലാപത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കോഴിക്കോട് കക്കഞ്ചേരിയിലെ ശ്രീനിവാസന്‍.
1942 മാര്‍ച്ചില്‍ സര്‍ സ്റ്റഫോഡ് ക്രിപ്‌സിന്റെ നേതൃത്വത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയിലേക്കയച്ച ദൗത്യസംഘം ഇന്ത്യയിലെ ദേശീയനേതാക്കളുമായി ചര്‍ച്ചനടത്തി. രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന് പിന്തുണ നല്‍കിയാല്‍ യുദ്ധാനന്തരം ഇന്ത്യക്ക് ഡൊമിനിയന്‍ പദവി  നല്‍കാമെന്നായിരുന്നു വാഗ്ദാനം. പക്ഷേ, ചര്‍ച്ച പരാജയമായിരുന്നു.
രണ്ടാം ലോകയുദ്ധം കഴിഞ്ഞയുടന്‍, 1945 സപ്തംബറില്‍, ഇന്ത്യന്‍ നാഷനല്‍ ആര്‍മി തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനുനേരെ പോലിസ് വെടിവച്ചു. തുടര്‍ന്ന് ബ്രിട്ടിഷുകാര്‍ക്കെതിരേ കലാപം നടന്നു. മുസ്‌ലിംകളും ഹിന്ദുക്കളും എല്ലാ വിഭാഗീയതകളും മാറ്റിവച്ചു ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടി. ആ കലാപത്തില്‍ ഒരു അമേരിക്കക്കാരന്‍ അടക്കം 33 പേര്‍ കൊല്ലപ്പെട്ടു.
1946 ജനുവരി 27ന് നെഹ്‌റു ക്രിപ്‌സിന് എഴുതി. ”തിരഞ്ഞെടുപ്പ് ഏറക്കുറേ ജനങ്ങളെ തടഞ്ഞുനിര്‍ത്തിയിട്ടുണ്ട്… കല്‍ക്കത്തയില്‍ രണ്ടുമാസം മുമ്പ് നടന്നതും ഇപ്പോള്‍ ബോംബെയില്‍ നടക്കുന്നതും അര്‍ഥപൂര്‍ണമായ അടയാളമാണ്… ഒരു തീപ്പൊരി മതി ആളിക്കത്താന്‍…” ബ്രിട്ടിഷുകാര്‍ക്കും നെഹ്‌റുവിനും ഒന്നും തടയാനായില്ല. ബ്രിട്ടിഷ് റോയല്‍ നേവി കലാപം അടുത്തമാസം തന്നെ നടന്നു. ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ കലാപത്തില്‍ പങ്കെടുത്തു. അവരിലൊരാളാണ് എണ്‍പത്തെട്ടുകാരനായ ഒ കെ ശ്രീനിവാസന്‍.

പരിശീലനകാലം
സാമൂതിരിയുമായി യുദ്ധബന്ധം പുലര്‍ത്തിയിരുന്ന കുടുംബത്തില്‍ നിന്നാണ് ശ്രീനിവാസന്റെ വരവ്. ആനപട്ടാളത്തിന് സഹായം നല്‍കിയതിനു തിരുവണ്ണൂര്‍ കല്ലടയില്‍ ഒ കെ ശ്രീനിവാസന്റെ മുന്‍ഗാമികള്‍ക്ക് പണ്ട് സാമൂതിരി നടുവണ്ണൂര്‍ പഞ്ചായത്തിലെ അയനിക്കാട് ദേശത്ത് 52.89 ഏക്കര്‍ സ്ഥലം നല്‍കി. അവിടെയുണ്ടായിരുന്ന ഒരേയൊരു പുര, ഒറ്റപ്പുരയെന്ന് അറിയപ്പെട്ടു. ഒറ്റപ്പുരക്കല്‍ അപ്പു-തലശ്ശേരി കായ്യത്ത് ശാരദ ദമ്പതികളുടെ മകനായി 1929ലാണ് ശ്രീനിവാസന്റെ ജനനം. മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി.
ഇന്റര്‍മീഡിയറ്റും അധ്യാപക പരിശീലനവും ലഭിച്ച അമ്മ രണ്ടാംലോകയുദ്ധ കാലത്ത് മദ്രാസ് സ്റ്റേറ്റിന്റെ വാര്‍ പബ്ലിസിറ്റി ഓഫിസറായിരുന്നു. അമ്മയുടെ അച്ഛന്‍ കായ്യത്ത് കുഞ്ഞിമന്നന്‍ ബ്രിട്ടിഷ് ടെലിഗ്രാഫില്‍ സൂപ്രണ്ടും. അമ്മയുടെ ബന്ധുവായ മേജര്‍ എം അച്യുതന്‍ ആയിരുന്നു പ്രധാന സൈനിക റിക്രൂട്ടിങ് ഓഫിസര്‍. അങ്ങനെയാണ് പഠനശേഷം ബ്രിട്ടിഷ് നേവിയില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചത്. നേവിയില്‍ നിന്നു ലഭിച്ച കാര്‍ഡുമായി എം അച്യുതനെ കണ്ടു. വീട്ടില്‍ പറയാതെ ചാടിപോന്നതാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം.
റിക്രൂട്ട് ചെയ്യപ്പെട്ട ശേഷം ക്യാംപുകളിലായിരുന്നു ജീവിതം. മുള ഉപയോഗിച്ചുള്ള കട്ടിലും ഭക്ഷണത്തിനും വിവിധ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കളും അടങ്ങിയ കിറ്റും വെള്ളനിറത്തിലുള്ള യൂനിഫോമുമെല്ലാം ലഭിച്ചു. തോളിലും തൊപ്പിയിലും ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചിഹ്നവുമുണ്ടായിരുന്നു. 20 ദിവസത്തിനു ശേഷം ആദ്യ ബാച്ചിനെ മുംബൈയിലേക്ക് അയച്ചു. ബോറി ബന്ദര്‍ റെയില്‍വേ സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പൂനെയില്‍ അക്കാലത്ത് ടാറ്റയുടെ വക ഇലക്ട്രിക്ക് ട്രെയിനുമുണ്ടായിരുന്നു. അവിടെ നിന്ന് നേവിയുടെ ട്രക്കുകളില്‍ ബല്ലാര്‍ഡ് എസ്റ്റേറ്റിലെ പരിശീലന പ്രദേശത്തേക്കു കൊണ്ടുപോയി. അവിടെ മൂന്നു മാസം പരിശീലനം. പരേഡ്, കടലിലൂടെ വഞ്ചി തുഴയല്‍ തുടങ്ങി കടല്‍ഭയം         ഒഴിവാക്കാനുള്ള പരിശീലനങ്ങളാണ് പ്രധാനമായും നല്‍കിയത്.
മെട്രിക്കുലേഷനാണ് ജോലിക്കുള്ള യോഗ്യതയെങ്കിലും മിഡ്ഷിപ്പ്മാന്‍ പദവിക്കു മുകളില്‍ ഇന്ത്യക്കാര്‍ എത്തിയിരുന്നില്ല. ഇന്ത്യക്കാരായ പരിശീലകരാണ് പരിശീലനകാലയളവിലും മറ്റും മോശമായി പെരുമാറിയിരുന്നതെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. ബ്രിട്ടിഷുകാര്‍ എല്ലാ കാലത്തും നേവിക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. സാമ്രാജ്യം രൂപീകരിക്കാന്‍ അവരെ സഹായിച്ചതും നാവികസേനയായിരുന്നല്ലോ.

ഈജിപ്ഷ്യന്‍ ദൗത്യം
ബ്രിട്ടിഷ് താല്‍പര്യ സംരക്ഷണത്തിന്റെ ഭാഗമായി ഈജിപ്ത്, സിസിലി തുടങ്ങിയ പ്രദേശങ്ങളിലും സുപ്രധാനമായ മെഡിറ്ററേനിയന്‍ കടല്‍പാതയിലും ശ്രീനിവാസന്‍ പ്രവര്‍ത്തിച്ചു. ഇറ്റലി, ജപ്പാന്‍ തുടങ്ങിയ അച്ചുതണ്ടു ശക്തികളെയാണ് ശ്രീനിവാസന്റെ എച്ച്എംഎസ് അക്ബര്‍ മെഡിറ്ററേനിയനില്‍ നേരിട്ടുകൊണ്ടിരുന്നത്. കപ്പലില്‍ പീരങ്കികളും ടോര്‍പിഡോകളുമുണ്ടാവും. 10 റൗണ്ട് വെടിവയ്ക്കാവുന്ന റൈഫിളുകളും. ബ്രിട്ടിഷ് കപ്പലുകള്‍ക്ക് മതിയായ സുരക്ഷ നല്‍കുക, ശത്രുക്കപ്പലുകളെ ആക്രമിക്കുക- ഇതായിരുന്നു ജോലി.

ഇന്ത്യക്കാരെ ബ്രിട്ടിഷുകാര്‍ക്ക് വിശ്വാസമായിരുന്നു. എന്നാല്‍, ഈജിപ്തുകാരെ വിശ്വസിച്ചില്ല. സായുധരായി പടക്കപ്പലില്‍ എത്തുന്നതിനാല്‍ ഇഷ്ടമുള്ള സ്ഥലം പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുക്കാമായിരുന്നു. ആയുധശാലകള്‍ക്ക് കടുത്ത കാവലാണ് ഏര്‍പ്പെടുത്തിയിരുന്നത്. സിസിലിയിലാണ് കപ്പലുകള്‍ക്ക് വേണ്ട ഇന്ധനവും അവശ്യവസ്തുക്കളും ശേഖരിച്ചിരുന്നത്. തൊട്ടടുത്തുള്ള മനുഷ്യവാസമില്ലാത്ത ദ്വീപുകളും സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.
എച്ച്എംഎസ് അക്ബറിലെ കമ്മ്യൂണിക്കേഷന്‍ ആന്റ് വയര്‍ലെസ് ഡിപാര്‍ട്ട്‌മെന്റിലെ ജൂനിയര്‍ ഓഫിസറായിരുന്ന തൃശൂര്‍ സ്വദേശി പി വി പോളാണ് കലാപത്തില്‍ പങ്കുചേരാന്‍ ശ്രീനിവാസനെ പ്രേരിപ്പിച്ചത്.  നല്ല നേതൃപാടവമുള്ള ആളായിരുന്നു പോള്‍. ഇന്ത്യക്കാര്‍ ബ്രിട്ടിഷുകാരുടെ അടിമകളല്ല, സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍    കര, വായുസേനകളെക്കാള്‍ കൂടുതല്‍      കാര്യങ്ങള്‍ ചെയ്യാനാവുക നേവിക്കാണ്. സമരങ്ങള്‍ക്കു നേവിക്കാര്‍ മുന്‍കൈയെടുക്കണം എന്നൊക്കെ പോള്‍ പറഞ്ഞതായി ശ്രീനിവാസന്‍ ഓര്‍ക്കുന്നു. കപ്പലിലെ കണ്ണൂര്‍, കാസര്‍കോട് സ്വദേശികളും ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു.
കൊല്‍ക്കത്ത കേന്ദ്രീകരിച്ചാണ് നേവിയിലെ വിപ്ലവകാരികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബി എന്‍ ചക്രബര്‍ത്തിയായിരുന്നു നേതാവ്. വായു, കരസേനകളെ അപേക്ഷിച്ച് ഒരു കപ്പലില്‍ കഴിയുന്ന നേവിക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ എളുപ്പമായിരുന്നു. രഹസ്യപ്രവര്‍ത്തനത്തിന് ഒരുപാട് സാധ്യതകള്‍. ഒരു കപ്പലിലുള്ളവര്‍ക്ക് മറ്റു കപ്പലുകളുമായി വയര്‍ലെസ് സംവിധാനം വഴിയും ബന്ധപ്പെടാം. കൊല്‍ക്കത്തയില്‍ നിന്നുള്ള മേല്‍ക്കമ്മിറ്റിയുടെ വിവരങ്ങള്‍ അതിവേഗം എല്ലാ കപ്പലിലും എത്തും. അത് അടിത്തട്ടിലേക്ക് കൈമാറും. 140-150 കപ്പല്‍ ജീവനക്കാരില്‍ 15 പേരാണ് കമ്മിറ്റിയില്‍ ഉണ്ടാവുക. ഓരോ കപ്പലിലും ഇത്തരം രഹസ്യ സെല്ലുകള്‍ രൂപീകരിച്ചിരുന്നു. മോശം ഭക്ഷണം, വെള്ളക്കാരുടെ വംശീയത തുടങ്ങിയ പ്രശ്‌നങ്ങളാണ് പുറമേക്ക് ഉന്നയിച്ചിരുന്നത്.

ലക്ഷ്യം ബ്രിട്ടിഷ് അധിനിവേശക്കാര്‍ക്കെതിരായ സായുധസമരം തന്നെ. അതിനു വേണ്ട തയ്യാറെടുപ്പുകളാണ് നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വം പൂര്‍ണമായും ഈ വിഭാഗത്തെ അവഗണിക്കുകയാണുണ്ടായത്- ശ്രീനിവാസന്‍ പറയുന്നു.
1945 ഒക്ടോബറിലാണ് മുംബൈയിലെ കാസില്‍ ബാരക്കില്‍ രഹസ്യ സെല്‍ രൂപീകരിക്കുന്നത്. മുംബൈ, മദ്രാസ്, വിശാഖപട്ടണം, കറാച്ചി, കൊല്‍ക്കത്ത തുടങ്ങിയ നാവിക കേന്ദ്രങ്ങളില്‍ സെല്ലുകള്‍ സജീവമായി. 1946 ഫെബ്രുവരി 18ന് സിഗ്നല്‍ ട്രെയിനിങ് കപ്പലായ എച്ച്എംഎസ് തല്‍വാറിലെ 1100 നാവികര്‍ സമരം പ്രഖ്യാപിച്ചു. എം എസ് ഖാന്‍ പ്രസിഡന്റും മദന്‍സിങ് വൈസ് പ്രസിഡന്റുമായി നേവല്‍ സെന്‍ട്രല്‍ സ്‌ട്രൈക്ക് കമ്മിറ്റി രൂപീകരിച്ചു. ബേദി ബസന്ത് സിങ്, നവാസ്, അഷ്‌റഫ് ഖാന്‍, ഏബെല്‍ സ്റ്റോക്കര്‍ ഗോമസ്, മുഹമ്മദ് ഹുസയ്ന്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍. കമ്മിറ്റി തീരുമാനപ്രകാരം ഫെബ്രു. 19ന് പുലര്‍ച്ചെ തന്നെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ നാവികര്‍ തടവിലാക്കി. എച്ച്എംഎസ് അക്ബറിലെ വെള്ളക്കാരായ അഞ്ച് ഉദ്യോഗസ്ഥരെയാണ് പിടികൂടിയത്. അവരാകെ സ്തംഭിച്ചു പോയി.
78 കപ്പലുകളില്‍ എഴുപതിന്റെയും നിയന്ത്രണം കലാപകാരികള്‍ പിടിച്ചെടുത്തു. 20 താവളങ്ങള്‍ പൂര്‍ണമായും കീഴടക്കി. കരയിലെ ടെലിഫോണ്‍, കേബിള്‍ സംവിധാനങ്ങളുടെ  നിയന്ത്രണവും പിടിച്ചെടുത്തു. ഇന്ത്യയിലെ ബ്രിട്ടിഷ് സര്‍ക്കാരും ബ്രിട്ടനിലെ സര്‍ക്കാരും ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന കിര്‍ക്കിയിലെ പ്രധാനമായ സെന്ററും ബ്രിട്ടിഷ് വൈസ് അഡ്മിറലിന്റെ കപ്പല്‍ വരെയും നിയന്ത്രണത്തിലാക്കാന്‍ കലാപകാരികള്‍ക്ക് കഴിഞ്ഞു. കപ്പലുകളിലും താവളങ്ങളിലും കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്‌ലിം ലീഗിന്റെയും കൊടികളുയര്‍ന്നു.
കലാപകാരികളായ നാവികരെ നേരിടാന്‍ ലണ്ടനില്‍ നിന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ കൊണ്ടുവന്ന പടക്കപ്പലിന് നേരെ ടോര്‍പിഡോകള്‍ പ്രയോഗിച്ചെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. അവരും തിരിച്ചാക്രമിച്ചു. ടോര്‍പിഡോകളും പ്രയോഗിക്കപ്പെട്ടു. ടോര്‍പിഡോകള്‍ ലക്ഷ്യത്തില്‍ കൊണ്ടില്ല. എങ്കിലും ദിവസങ്ങളോളം ആ പടക്കപ്പലിനെ തടഞ്ഞുനിര്‍ത്താനായി.  ഇന്ത്യക്കാരായ പോലിസാവട്ടെ സമരക്കാരെ വെടിവയ്ക്കാന്‍ വിസമ്മതിച്ചു. കുപ്രസിദ്ധിയാര്‍ജിച്ച ഗൂര്‍ഖാപട്ടാളം പോലും ആജ്ഞകള്‍ അവഗണിച്ചു. മുംബൈയിലെ തൊഴിലാളികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫെബ്രുവരി 22ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.

രാഷ്ട്രീയ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്
ഇതൊക്കെ നടക്കുമ്പോഴും കോണ്‍ഗ്രസ്സും ലീഗും കലാപത്തിന് പിന്തുണ നല്‍കിയില്ലെന്നു മാത്രമല്ല, എതിര്‍ക്കുകയും ചെയ്തു. നാവികരുടെ കലാപം ഹിംസയും അച്ചടക്കത്തിന് എതിരാണെന്നുമാണ് വാദിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കലാപത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പരിഭ്രാന്തരായ ബ്രിട്ടിഷുകാര്‍, ജിന്നയും നെഹ്‌റുവും നിശ്ചയിച്ച ദേശീയ നേതാക്കളെ ചര്‍ച്ചയ്ക്കു കൊണ്ടുവന്നു. ഇന്ത്യക്കാര്‍ക്ക് പരമാധികാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന വലിയ ഒരു ദൗത്യസംഘം വരും, കലാപം നടത്തിയവരെ ശിക്ഷിക്കില്ല, ജോലിയില്‍ നിന്ന് പിരിച്ചുവിടില്ല, വിചാരണ ചെയ്യില്ല എന്നെല്ലാം അവര്‍ പറഞ്ഞു. ദിവസങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം അവസാനം ദേശീയപ്രസ്ഥാനക്കാരുടെ മുന്നില്‍ കലാപകാരികള്‍ ആയുധം താഴെ വച്ചു. ബ്രിട്ടിഷുകാര്‍ക്കു മുന്നിലല്ല ആയുധം താഴെ വച്ചതെന്ന് പ്രത്യേകം എഴുതണമെന്ന് ഒ കെ ശ്രീനിവാസന്‍.

നെഹ്‌റുവിന്റെ ചതി
എന്നാല്‍, ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. 1946 ഫെബ്രുവരി 27ന് തന്നെ നെഹ്‌റു വാഗ്ദാനങ്ങളെല്ലാം തള്ളിക്കളഞ്ഞുവെന്നതിന് തെളിവായി ചരിത്രരേഖകളുണ്ട്. പട്ടേലും മൗലാനാ ആസാദും അങ്ങനെ ഒരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് നെഹ്‌റു പ്രസംഗിച്ചത്.
ഫെബ്രുവരി 23ന് മുംബൈയില്‍ 400 പേരെയും കറാച്ചിയില്‍ 500 പേരെയും അറസ്റ്റ് ചെയ്തു. ശ്രീനിവാസന്റെ കപ്പലില്‍ തന്നെ 90 പേരെ ശിക്ഷിച്ചു. ബി എന്‍ ചക്രബര്‍ത്തിയെ സൈനിക വിചാരണ നടത്തി ഏഴുവര്‍ഷം തടവിനു ശിക്ഷിച്ചു. ശ്രീനിവാസന് ഒമ്പതുമാസം കഠിനതടവ് വിധിച്ചു. കൊളാബ ജയില്‍, മുംബൈ സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ ഒരു വര്‍ഷവും രണ്ടു മാസവുമാണ് കിടക്കേണ്ടി വന്നത്. പോളിനെ ഒന്നരവര്‍ഷത്തെ തടവിന് വിശാഖപട്ടണത്തെ ജയിലില്‍ അടച്ചു. കലാപകാരികള്‍ ജയിലിലും പീഡിപ്പിക്കപ്പെട്ടു. മുലുന്ദിലെ തടവറയില്‍ നിരാഹാരസമരം നടത്തിയവര്‍ ഗാന്ധിയെയും പട്ടേലിനെയും കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുപേരും തിരിഞ്ഞുനോക്കിയില്ല. അവര്‍ കാബിനറ്റ് മിഷനുമായി ചര്‍ച്ചയിലായിരുന്നു.

ജയിലില്‍ തന്റെ കൂടെ ഇരുപതോളം മലയാളികളുണ്ടായിരുന്നെന്ന് ശ്രീനിവാസന്‍ ഓര്‍ക്കുന്നു. ജയിലില്‍ രണ്ടു തവണ മര്‍ദനത്തിന് ഇരയായി. നല്ല ഭക്ഷണം ചോദിച്ചതിനായിരുന്നു അത്. വൈസ്‌റോയിയുടെ നിര്‍ദേശപ്രകാരം കലാപത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. കമ്മീഷന്‍ റിപോര്‍ട്ട് നല്‍കുമ്പോഴേക്കും ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 600 പേജുള്ള ആ റിപോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇതിന്റെ ഒരു ചെറിയ ഭാഗം 1947ല്‍ പുറത്ത് വന്നു. ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ലെന്ന് സ്ഥാപിക്കുന്നതായിരുന്നു റിപോര്‍ട്ട്. കലാപം നടത്തിയ സൈനികരെ പട്ടാളത്തില്‍ എടുക്കരുതെന്ന ബ്രിട്ടിഷ് നിലപാട് തന്നെയാണ് നെഹ്‌റുവും തുടര്‍ന്നത്. 1947 ആഗസ്ത് 15ന് ദേശീയ ഗവണ്‍മെന്റ് വന്നപ്പോള്‍ ചില തടവുകാരെ മാത്രമാണ് വിട്ടയച്ചത്. പ്രധാനപ്പെട്ടവരെ വിട്ടയച്ചില്ല. ഇവര്‍ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ജയിലില്‍ കിടന്നു. പുറത്തുള്ളവരെ തിരികെ ജോലിയിലും എടുത്തില്ല. എല്ലാ രേഖകളും പിടിച്ചുവച്ചതിനാല്‍ ജോലി പോലും ലഭിക്കാതെ പലരും തെരുവിലലഞ്ഞു.

കലാപകാരികള്‍ക്ക് പാകിസ്താനില്‍ ജോലി
കണ്ണൂര്‍ തെക്കീബസാറിലെ തയാബ്ജിയെ ശ്രീനിവാസന് മറക്കാനാവില്ല. ശ്രീനിവാസനോടൊപ്പം തയാബ്ജിയും കലാപത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടിരുന്നു. ഇയാള്‍ പിന്നീട് പാകിസ്താനിലേക്കു പോയി. പാക് നേവിയിലെ ഖാന്‍ സാഹിബിന്റെ ക്ഷണപ്രകാരമായിരുന്നു യാത്ര. കലാപത്തില്‍ പങ്കെടുത്തയാളാണെങ്കിലും ഖാന്‍ സാഹിബിന് നേരത്തേത്തന്നെ പാകിസ്താന്‍ ജോലി നല്‍കിരുന്നു. ഖാന്‍ സാഹിബ് തയാബ്ജിക്കും മറ്റു പലര്‍ക്കും നേവിയില്‍ ജോലി ശരിയാക്കി. നെഹ്‌റു കലാപകാരികളെ വിശ്വസിച്ചില്ലെങ്കിലും ജിന്നയുടെ പാകിസ്താന്‍ അവരെ വിശ്വസിച്ചെന്ന് ശ്രീനിവാസന്‍. പിന്നീട്, തയാബ്ജി, ഖാന്‍ സാഹിബിന്റെ മകളെ വിവാഹം കഴിച്ചതായും കേട്ടു. ജയില്‍വാസം കഴിഞ്ഞ പോള്‍ മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു. ശ്രീനിവാസനുമായി പോള്‍ കത്തുകളിലൂടെ ബന്ധം നിലനിര്‍ത്തിയിരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, പ്രദേശങ്ങളില്‍ നിന്ന് നിരവധി പേര്‍ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവരില്‍ 90 ശതമാനം പേരും മരിച്ചു പോയതായും ശ്രീനിവാസന്‍ പറയുന്നു.

ദേശീയ നേതൃത്വം അവഗണിക്കുകയും ഒറ്റുകൊടുക്കുകയും ചെയ്ത നാവിക കലാപത്തിന് സ്വതന്ത്ര ഇന്ത്യയിലെ ചരിത്ര പുസ്തകങ്ങളില്‍ വലിയ പ്രാധാന്യമൊന്നും ലഭിച്ചിരുന്നില്ല. കലാപം തുടങ്ങിയതിന്റെ രണ്ടാം ദിവസമാണ് അധികാരം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് ചര്‍ച്ചചെയ്യാന്‍ ബ്രിട്ടിഷുകാര്‍ കാബിനറ്റ് മിഷന്‍ പ്രഖ്യാപിച്ചതെന്നത് ഈ സംഭവത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

നിരാഹാരസമരമോ ജയില്‍ നിറയ്ക്കലോ അല്ല നാവികരുടെ സായുധസമരമാണ് മാറ്റങ്ങള്‍ക്കു കാരണമായതെന്നു ശ്രീനിവാസന്‍.

നാവിക കലാപകാരികളെ മറ്റു സ്വാതന്ത്ര്യസമര സേനാനികളെ പോലെ കണ്ട് അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. വാദം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. വിധി ഉടനെയുണ്ടാവുമെന്നാണ് കരുതുന്നത്.
ജയില്‍മോചിതനായ ശേഷം എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ലൈസന്‍സ് വച്ച് 1951 വരെ ശ്രീനിവാസന്‍ ജോലിയെടുത്തു. ഇതിനിടയില്‍ ഹോമിയോ ചികില്‍സ പഠിച്ചു. എ കെ ഗോപാലന്‍, കെ പി ആര്‍ ഗോപാലന്‍ എന്നിവരുമായെല്ലാം ശ്രീനിവാസന് അടുത്ത ബന്ധമുണ്ടായിരുന്നു. 16 വര്‍ഷം ഉള്ള്യേരി പഞ്ചായത്ത് അംഗമായിരുന്നു. 1964ല്‍ സിപിഐ പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ നിന്നു. ബാലുശ്ശേരി കമ്മിറ്റി അംഗമായി. 1968ല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഇപ്പോള്‍ കൃഷിയും ഹോമിയോ ചികില്‍സയും ചെയ്യുന്നുണ്ട്. വല്‍സലയാണ് ഭാര്യ. മക്കള്‍: ലത, ലേഖ, ആശ, തനൂജ.

 

 

 

 

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss