|    Dec 17 Sun, 2017 9:11 pm
FLASH NEWS

നാവിക അക്കാദമി രാമന്തളിയില്‍ കൂടുതല്‍ ഭൂമിയേറ്റെടുക്കില്ല

Published : 27th September 2016 | Posted By: SMR

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിക്കു വേണ്ടി രാമന്തളി ഗ്രാമപ്പഞ്ചായത്തില്‍ നിന്നു പുതുതായി ഭൂമി ഏറ്റെടുക്കില്ലെന്ന് നാവിക അക്കാദമി കമാന്‍ഡന്റ് കമടോര്‍ കമലേഷ്‌കുമാര്‍ ഉറപ്പുനല്‍കിയതായി സി കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അക്കാദമി കമാന്‍ഡന്റ് സി കൃഷ്ണന്‍ എംഎല്‍എയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പുനല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി രാമന്തളി പഞ്ചായത്തില്‍ 500 ഏക്കറോളം സ്ഥലം ആവശ്യപ്പെട്ടതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായെത്തിയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജനപ്രതിനിധികള്‍ നാവിക അക്കാദമി അധികൃതരുമായി ചര്‍ച്ച നടത്തിയപ്പോള്‍ സ്ഥലമെടുപ്പിന് സാധ്യതയില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അക്കാദമിയോടു ചേര്‍ന്ന് പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് നേവി ബെയ്‌സ്ഡ് സ്‌പോര്‍ട്‌സ് കമ്പനിക്കു വേണ്ടി 500 ഏക്കര്‍ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് സെക്രട്ടറിക്ക് നാവിക അക്കാദമി കമാണ്ടന്റ് കത്തയച്ചത് പുറത്തുവന്നിരുന്നു. ഇതോടെ പ്രതിഷേധം ശക്തമാക്കുകയും മുഖ്യമന്ത്രിയെ സമീപിക്കുകയുമായിരുന്നു. അക്കാദമിയി ല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)യുടെ അന്താരാഷ്ട്ര നിലവാരമുള്ള തുഴച്ചില്‍ പരിശീലനം കേന്ദ്രം നടത്താനാണു സ്ഥലം ആവശ്യപ്പെട്ടത്. കാസര്‍കോട് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിലും ഭൂമി ആവശ്യപ്പെട്ടിരുന്നു. കവ്വായി കായലിലാണ് പദ്ധതി നടപ്പാക്കാന്‍ അക്കാദമി ഉദ്ദേശിച്ചത്. ഇത് വീണ്ടും വന്‍ കുടിയൊഴിപ്പിക്കലിനു കാരണമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് പരിസരവാസികള്‍ പ്രതിഷേധവുമായെത്തിയത്.
1984ല്‍ ഏഴിമല നാവിക അക്കാദമിക്കു വേണ്ടി 2,800 ഏക്കര്‍ ഭൂമി നേരത്തേ ഏറ്റെടുത്തിരുന്നു. ഇതിനുവേണ്ടി ആയിരത്തോളം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചിരുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം പൂര്‍ണമായും നല്‍കാത്തതു സംബന്ധിച്ച് ഏറെ നിയമക്കുരുക്കുകള്‍ ഉണ്ടായിരുന്നു. അന്ന് ഏറ്റെടുത്ത 2,800 ഏക്കറില്‍ 500 ഏക്കര്‍പോലും ഉപയോഗിച്ചിരുന്നില്ല. ഇതിനു പുറമെയാണ് സമതലപ്രദേശം കൂടുതലായി വേണമെന്ന് പറഞ്ഞ് വീണ്ടും ഭൂമിയേറ്റെടുക്കാന്‍ ശ്രമിച്ചത്. അതേസമയം, അക്കാദമിയില്‍ നിന്നുള്ള ജൈവ-അജൈവ മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനു പരിഹാരം കാണുമെന്നും ചര്‍ച്ചയില്‍ അറിയിച്ചിട്ടുണ്ട്.
വെയ്സ്റ്റ് മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കുമെന്നും മാസങ്ങള്‍ക്കകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നും നിര്‍മാണ പ്രവൃത്തികളിലും മറ്റും നാട്ടുകാര്‍ക്ക് ജോലി ലഭിക്കാന്‍ പഞ്ചായത്തിന്റെ സഹായം തേടുമെന്നും റിക്രൂട്ടിങ് സെന്റര്‍ ഏഴിമല നാവിക അക്കാദമിയില്‍ തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് കമാണ്ടന്റ് നിഷാന്ത് കൃഷ്ണ, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss