|    Nov 16 Fri, 2018 6:33 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

നാവാമുകുന്ദയിലെ താമരപ്പൂക്കള്‍

Published : 22nd December 2015 | Posted By: SMR

കെ എന്‍ നവാസ് അലി

എന്റെ നാട്ടുകാരാണ് ബഷീറും അബ്ബാസും. വീട്ടിലെ സ്ഥിതി മോശമായതിനാല്‍ സ്‌കൂളില്ലാത്ത സമയങ്ങളില്‍ അവര്‍ ചെറുകിട കച്ചവടത്തിനിറങ്ങും. അധികവും മീന്‍കച്ചവടമായിരുന്നു വരുമാനമാര്‍ഗം. കുട്ടയുടെ രണ്ടു വശങ്ങളിലും പിടിച്ച് ബഷീറും അബ്ബാസും ‘പെടക്ക്ണ മത്തി ഉറ്പ്യക്ക് പത്ത്’ എന്നു പറഞ്ഞ് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഞങ്ങളുടെ ഗ്രാമത്തിലെ നാട്ടുവഴികളിലൂടെ നടക്കും. ആയിടയ്ക്കാണ് നാട്ടിലെ അമ്പലത്തില്‍ ഉല്‍സവം വന്നത്. അമ്പലപ്പറമ്പില്‍ കച്ചവടവുമായി ബഷീറും അബ്ബാസുമെത്തി. കപ്പ പുഴുങ്ങിയതും മത്തിക്കറിയുമായിരുന്നു വിഭവങ്ങള്‍. അമ്പലപ്പറമ്പില്‍ മേശയും ബെഞ്ചും നിരത്തി കച്ചവടം തുടങ്ങി. അതിനിടെയാണ് ഉല്‍സവക്കമ്മിറ്റിയിലെ പ്രമുഖന്‍ കടയില്‍ ചായ കുടിക്കാനെത്തിയത്. കപ്പയും മത്തിക്കറിയും എടുക്കട്ടേയെന്ന് ബഷീര്‍ ചോദിച്ചു. പൊരിച്ച അയിലയും ഉണ്ടെന്ന് അബ്ബാസ് കൂട്ടിച്ചേര്‍ത്തു. ശശികലയും ശോഭ സുരേന്ദ്രനും കുമ്മനവുമൊന്നും വിഷം കലക്കിത്തുടങ്ങിയ കാലമല്ലാത്തതിനാല്‍ ബഷീറിനും അബ്ബാസിനും അടികിട്ടിയില്ല. അവരുടെ മത്തിക്കറിയും അയില പൊരിച്ചതും അമ്പലപ്പറമ്പില്‍നിന്നു ചട്ടിയോടെ റോഡിലേക്ക് പറന്നതുമില്ല. പകരം ഉല്‍സവക്കമ്മിറ്റിക്കാരന്‍ സ്‌നേഹത്തോടെ പറഞ്ഞുകൊടുത്തു, അമ്പലപ്പറമ്പില്‍ മല്‍സ്യമാംസാദികള്‍ പ്രവേശിപ്പിക്കരുെതന്ന്. കച്ചവടം ക്ഷേത്രത്തിനു പുറത്ത് റോഡരികിലേക്ക് മാറ്റാന്‍ സഹായിക്കുകയും ചെയ്തു.
30 വര്‍ഷം മുമ്പു നടന്ന കാര്യങ്ങള്‍ ഓര്‍ക്കാന്‍ കാരണം ക്ഷേത്രപരിസരത്ത് ഹിന്ദുക്കളല്ലാത്തവര്‍ കച്ചവടം നടത്തരുതെന്ന സംഘപരിവാരത്തിന്റെ അഭിപ്രായമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അതിനെ പിന്താങ്ങിയിട്ടുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടിയെന്നുവച്ച് സംഘപരിവാരത്തിന്റെ വിഷം കലക്കല്‍ അത്രക്കങ്ങ് ഏശില്ലെന്നു സമാധാനിക്കാം. മറിച്ചാണെങ്കില്‍ കുമ്മനത്തിന്റെ അനുമതിയോടെ സംഘപരിവാരം ഉയര്‍ത്തി ആഞ്ഞുവീശിയ കോടാലി കേരളത്തിന്റെ മതേതര മനസ്സില്‍ത്തന്നെയാകും ചെന്നുവീഴുക.
ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള കച്ചവടങ്ങള്‍ക്ക് അഹിന്ദുക്കളെ അനുവദിക്കരുതെന്നു പറയുന്നവര്‍ കാണാത്ത അല്ലെങ്കില്‍ വര്‍ഗീയ തിമിരം കാരണം അവര്‍ക്ക് കാണാന്‍ കഴിയാത്ത നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലെ ഓരോ പ്രദേശങ്ങളിലുമുണ്ട്. ഉല്‍സവങ്ങളും പള്ളിപ്പെരുന്നാളും നേര്‍ച്ചയും ഓരോ പ്രദേശത്തിന്റെയും ആഘോഷമായാണ് കേരളത്തിന്റെ മതേതര മനസ്സ് ഏറ്റെടുക്കാറുള്ളത്. അവിടെ കടലവില്‍ക്കുന്നവന്റെ നാളും ജാതിയും നോക്കിയല്ല ആരും കൊറിക്കാന്‍ കടല വാങ്ങുന്നത്. ഓംലെറ്റ് വില്‍ക്കുന്ന തട്ടുകടകളില്‍ കയറി ആരും മതമേതെന്ന് ചോദിക്കാറില്ല. നേര്‍ച്ചപ്പറമ്പിലും പള്ളിപ്പെരുന്നാളിനും കച്ചവടം ചെയ്യുന്ന ഹിന്ദുവിനെ അതിന് അനുവദിക്കരുതെന്നോ ഓടിച്ചുവിടണമെന്നോ മുസ്‌ലിമോ ക്രിസ്ത്യാനിയോ ആയ ഒരുത്തനും പറയില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അവന് തലയ്ക്ക് നല്ല സുഖമില്ലെന്നേ സമൂഹം കരുതുകയുള്ളൂ. ഉല്‍സവ പരിസരങ്ങളിലെ കച്ചവടങ്ങളില്‍നിന്ന് അഹിന്ദുക്കളെ മാറ്റിനിര്‍ത്തണമെന്നു പറയുന്ന സംഘപരിവാരം അടുത്തപടിയായി ക്ഷേത്രത്തിന്റെ കെട്ടിടം വാടകയ്‌ക്കെടുത്ത് കച്ചവടം നടത്തുന്ന അഹിന്ദുക്കളെ ഒഴിപ്പിക്കണമെന്നു പറഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ല. ക്ഷേത്രത്തിന്റെ കെട്ടിടത്തില്‍ കാലങ്ങളായി ഒരു പ്രശ്‌നവുമില്ലാതെ പ്രവര്‍ത്തിക്കുന്ന ബിസ്മില്ലാ ഫാന്‍സയും അല്‍അമീന്‍ കൂള്‍ബാറും എവിടെയും കണ്ടേക്കും. അതുപോലെ പള്ളിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യശാലകളും ഉണ്ടാകും. ഇവിടെയൊന്നും മതത്തിന്റെ വേര്‍തിരിവുകള്‍ ചിന്തിച്ചിട്ടല്ല ആരും കച്ചവടം തുടങ്ങിയത്.
ബിജെപി പ്രസിഡന്റായതോടെ കുമ്മനത്തിന് വളരെ തിരക്കേറിയിട്ടുണ്ടാവുമെന്നറിയാം. പക്ഷേ, സമയം കിട്ടുമ്പോള്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലുള്‍പ്പെടെ പൂജയ്ക്കുള്ള താമരപ്പൂക്കള്‍ കൃഷി ചെയ്യുന്ന തിരുനാവായയിലെ കുഞ്ഞിമുഹമ്മദ് ഹാജിയെക്കുറിച്ചെങ്കിലും ചുരുങ്ങിയപക്ഷം കുമ്മനം വായിക്കണം. ഭാരതപ്പുഴയോരത്ത് തിരുനാവായയിലെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ പാടത്ത് വിളയുന്ന താമരപ്പൂക്കളാണ് പല ക്ഷേത്രങ്ങളിലും ദേവീദേവന്മാര്‍ക്കു മുമ്പില്‍ പൂജാപുഷ്പമായി നിവേദിക്കപ്പെടുന്നത്. അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് എഴുതിവച്ചിട്ടുണ്ടെങ്കിലും കുഞ്ഞിമുഹമ്മദ് ഹാജിയും മകന്‍ മുസ്തഫയും വളര്‍ത്തുന്ന താമരപ്പൂക്കള്‍ക്കായി ശ്രീകോവിലുകള്‍ തുറക്കും. അദ്ദേഹം വിയര്‍പ്പൊഴുക്കി കൃഷിചെയ്ത പൂക്കള്‍ ദേവീദേവന്‍മാര്‍ക്കു മുന്നില്‍ ഭക്തിയോടെ സമര്‍പ്പിക്കപ്പെടും. 70 വര്‍ഷത്തോളമായി തുടരുന്നതാണ് ഈ പതിവ്. പള്ളിയും പരിസരവും സല്‍ക്കര്‍മമെന്ന രീതിയില്‍ നിത്യവും സൗജന്യമായി വൃത്തിയാക്കുന്ന ഹിന്ദു വൃദ്ധ ജീവിക്കുന്നതും കുമ്മനവും കൂട്ടരും ജീവിക്കുന്ന ഈ കേരളത്തില്‍ തന്നെയാണ്. ക്ഷേത്രത്തിനു സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മുസ്‌ലിമും പള്ളിപണിയാന്‍ സഹായം ചെയ്ത ഹിന്ദു വ്യവസായിയും ഇവിടെ തന്നെയുണ്ട്. മഞ്ചേരി കോവിലകം സൗജന്യമായി നല്‍കിയ സ്ഥലത്താണ് മഞ്ചേരിയിലെ പ്രധാന പള്ളി സ്ഥിതിചെയ്യുന്നത്. സമാന രീതിയിലുള്ള എത്രയോ ഉദാഹരണങ്ങള്‍ ഓരോ നാട്ടിലും കണ്ടെത്താനാകും. പഴനി ക്ഷേത്രത്തില്‍ പോയവര്‍ക്കറിയാം അവിടെ പൂജാപുഷ്പങ്ങള്‍ വില്‍പ്പന നടത്തുന്ന എത്ര മുസ്‌ലിംകളുണ്ടെന്ന്. താടിയും തൊപ്പിയുമണിഞ്ഞ് അവര്‍ വില്‍ക്കുന്ന പൂക്കളാണ് പഴനി ആണ്ടവരുടെ മുന്നില്‍ അര്‍പ്പിക്കുന്നത്. പഴനിയിലെ മുസ്‌ലിം സമുദായാംഗങ്ങള്‍ കൃഷിചെയ്യുന്ന പൂക്കള്‍ തന്നെയാണ് അത്.
പറഞ്ഞുവരുന്നത് കച്ചവടങ്ങളെപ്പോലും വര്‍ഗീയവല്‍ക്കരിക്കരുത് എന്നു തന്നെയാണ്. കേരളത്തിന്റെ മതേതര മനസ്സ് ഒരിക്കലും പൊറുക്കാത്ത പാതകമാണ് അത്. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിനെതിരായ കേസില്‍ ജസ്റ്റിസ് വി എസ് മളീമഠ് നടത്തിയ ശ്രദ്ധേയമായ പരാമര്‍ശം ഇങ്ങനെയാണ്: ”ജീവന്, അതായത് മനുഷ്യജീവന് ഈ രാജ്യത്ത് അത്രയൊന്നും വില കുറഞ്ഞുപോയിട്ടില്ല” എന്നായിരുന്ന അദ്ദേഹത്തിന്റെ വളരെ ശ്രദ്ധേയമായ ആ പരാമര്‍ശം. ഇതുതന്നെയാണ് നമുക്ക് സംഘപരിവാരത്തോടും ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റിനോടും പറയാനുള്ളത്. മതേതരത്വം ഈ രാജ്യത്ത് അത്രയൊന്നും തകര്‍ന്നിട്ടില്ല എന്ന്. $

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss