|    Nov 17 Sat, 2018 1:46 am
FLASH NEWS

നാളെ ശുചിത്വ ഹര്‍ത്താല്‍; 20ന് എല്ലാ വാര്‍ഡുകളും ശുചീകരിക്കും

Published : 8th May 2018 | Posted By: kasim kzm

വടകര: മഴക്കാലപൂര്‍വ്വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വടകര നഗരസഭയില്‍ മഴയെത്തും മുമ്പെ എന്ന പേരില്‍ മഴക്കാല രോഗ നിയന്ത്രണ യജ്ഞം ആരംഭിച്ചതായി നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 20ന് വടകര നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും പൊതു ശുചീകരണം നടത്തും. കഴിഞ്ഞ 5ന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗമാണ് ശുചീകരണ പ്രവൃത്തി നടത്താന്‍ തീരുമാനിച്ചത്.
കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ മഴക്കാലം പനിക്കാലമായി മാറുകയാണ്. ശുചിത്വ നിലവാരത്തിന്റെ പോരായ്മകളാണ് ഇതിന് മുഖ്യ കാരണം. പദ്ധതിയുടെ ഭാഗമായി ശുചിത്വ നിലവാരം ഉയര്‍ത്താന്‍ നഗരസഭ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ അടുത്തായി പെയ്ത് വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങിനെയൊരു അടിയന്തിര ശുചീകരണ പ്രവൃത്തി നടത്തുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ടൗണ്‍ ശുചീകരിക്കുന്നതിന് വേണ്ടി 9ന് ഉച്ചവരെ കടകളടച്ച് ശുചിത്വ ഹര്‍ത്താല്‍ നടത്തും. ഇതിനായി കച്ചവടക്കാരുടെ സംഘടനകളുമായി യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്.
കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷനുകള്‍, ഓഫീസ് മേലധികാരികള്‍ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് എല്ലാവരുടെയും സഹകരണത്തോടെ തങ്ങളുടെ സ്ഥാപനവും, ഓഫീസുകളും പൊതു സ്ഥലങ്ങളും മേല്‍ ദിവസങ്ങളില്‍ ശുചീകരണം നടത്തും. നഗരസഭ തൊഴിലാളികള്‍ ദൈനംദിന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ എല്ലാ വ്യാഴാഴ്ചകളിലും പൊതു ശുചീകരണത്തില്‍ ഏര്‍പ്പെട്ടു വരികയാണ്. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ വളരെ ജാഗ്രതയോടെയാണ് നഗരസഭ ചെയ്ത് വരുന്നത്. വാര്‍ഡ് തല ജാഗ്രത സമിതികള്‍ ഡ്രൈ ഡേ ആചരണം എല്ലാ ഞായറാഴ്ചകളിലും നിശ്ചയിച്ചത് പ്രകാരം ആശാവര്‍ക്കര്‍മാരുടെയും മറ്റും നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണ്. എല്ലാ വാര്‍ഡ് സഭകള്‍ ചേര്‍ന്ന് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ശുചീകരണ പ്രവൃത്തികള്‍ നടത്തേണ്ടത്. പ്രവൃത്തികള്‍ നടത്തിയ ശേഷം റിപോര്‍ട്ട് നഗരസഭക്ക് നല്‍കി ഇത് വിലയിരുത്തുന്നതിനായി 21ന് അവലോകന യോഗം ചേരും.
പ്രധാനമായും കെട്ടിക്കിടക്കുന്ന വെള്ളം, അഴുക്കുചാലുകള്‍ എന്നിവയാണ് ശുചീകരണം നടത്തുക. ഇതിനായി ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന് നഗരസഭതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് തലങ്ങളിലെ ശുചീകരണത്തിനായി ആരോഗ്യ ജാഗ്രത സമിതിക്ക്(എന്‍ആര്‍എച്ച്എം) രൂപം നല്‍കിയിട്ടുണ്ട്. മാത്രമല്ല പൊതുകിണര്‍ ശുചീകരണം, വാര്‍ഡ്തല പൊതു ശുചീകരണം, പ്രത്യേക ബോധവത്കരണ ക്ലാസ് എന്നിവയും നടന്നു വരികയാണ്. സ്‌കൂള്‍ തല ശുചീകരണം നടത്തുന്നതിനായി അതാത് സ്‌കൂളുകളിലെ പ്രധാന അധ്യാപകരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലെ ഓടകളിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന പ്രവണത പല സ്ഥാപനങ്ങളും അനുവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.
വീടുകള്‍ക്ക് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായുള്ള സംവിധാനങ്ങളായ ബയോഗ്യാസ്, ബക്കറ്റ് കമ്പോസ്റ്റ്, റിംഗ് കമ്പോസ്റ്റ് എന്നിവ വിതരണം ചെയ്തു വരികയാണ്. നഗരസഭയിലെ മുഴുവന്‍ ജനങ്ങളും മഴയെത്തും മുമ്പെ തന്നെ മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ സജീവമായി ഇടപെട്ട് മഴക്കാല പകര്‍ച്ചാവ്യാധി നിയന്ത്രണ പരിപാടിയില്‍ പങ്കെടുക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദിവാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss