|    Apr 27 Thu, 2017 12:32 pm
FLASH NEWS

നാളെ ലോക എയ്ഡ്‌സ് ദിനം; ജില്ലയില്‍ എയ്ഡ്‌സ് ബാധിതരില്‍ കൂടുതലും പുരുഷന്‍മാര്‍

Published : 30th November 2016 | Posted By: SMR

കൊല്ലം: നാളെ ലോകഎയ്ഡ്‌സ് ദിനം. ജില്ലയില്‍ ആകെ 1199 പേര്‍ എച്ച്‌ഐവി ബാധിതരാണ്. ഈ വര്‍ഷത്തെ കണക്കാണിത്. 763 പുരുഷന്മാരും 436 സ്ത്രീകളുമാണ്. ലോകത്തില്‍ എച്ച്‌ഐവി അണുബാധിതരായി 3.69 കോടി ജനങ്ങളുണ്ട്. 2014 ല്‍ 21 ലക്ഷം പേര്‍ക്ക് എയ്ഡ്‌സ് രോഗം ബാധിച്ചു. ഇതില്‍ 2.4 ലക്ഷവും കുട്ടികളാണ്. ഇതില്‍ എആര്‍ടി ചികില്‍സയുടെ ഫലമായി 12 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 2005ല്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.5 കോടിയായിരുന്നു. പക്ഷേ 2014ലെ കണക്ക് പ്രകാരം 12 ലക്ഷമായി കുറഞ്ഞു. 73 ശതമാനം അമ്മമാര്‍ക്ക് രോഗം കുഞ്ഞുങ്ങളിലേക്ക് പകരാതിരിക്കുവാന്‍ നൂതനചികില്‍സ മാര്‍ഗത്തിന് സാധിച്ചു. ഇന്ത്യയില്‍ എച്ച്‌ഐവി അണുബാധിതരുടെ എണ്ണം  20.88 ലക്ഷംമാണ്. ഇവരില്‍ 83 ശതമാനം പേര്‍ 15നും 49നും ഇടയില്‍ പ്രായമുള്ളവരാണ്. രാജ്യത്തെ  അണുബാധിതരില്‍ 39 ശതമാനം സ്ത്രീകളാണ്. ഏഴു ശതമാനം കുട്ടികളും. കേരളത്തിലാകട്ടെ 27,604 പേര്‍ക്ക് എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഇടയില്‍ 0.12 ശതമാനമാണ്.ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നാളെ കൊല്ലത്ത് റാലിയും പൊതുസമ്മേളനവും നടക്കും. ടിഎം വര്‍ഗീസ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന സമ്മേളനം മേയര്‍ വി രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. എം മുകേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എയ്ഡ്‌സ്ദിന സന്ദേശം ജില്ലാ കലക്ടര്‍ ടി മിത്രയും മുഖ്യപ്രഭാഷണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മയും നിര്‍വഹിക്കും. വാരാചരണത്തിന് തുടക്കമായതായി ഡിഎംഒ ഇന്‍ചാര്‍ജ്ജ് ഡോ. ജെ മണികണ്ഠനും ഡെപ്യൂട്ടി ഡിഎംഒ ഡോ. സി ആര്‍ ജയശങ്കറും മാസ് മീഡിയ ഓഫിസര്‍ കെ റമിയാബീഗവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇന്ന് വൈകീട്ട് ആറിന് മെഴുകുതിരി ദീപം തെളിക്കും. ബിഷപ്പ് ജെറോം സമുച്ചയത്തിലാണ് പരിപാടി നടക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ റെയില്‍വേസ്റ്റേഷനില്‍ എയ്ഡ്‌സ് അവബോധ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ മുളങ്കാടകം കേന്ദ്രീയവിദ്യാലയത്തില്‍ നിന്ന്  ആരംഭിക്കുന്ന റാലി ടിഎം വര്‍ഗീസ് ഹാളില്‍ സമാപിക്കും. ‘കൈ ഉയര്‍ത്താം എച്ച്‌ഐവി പ്രതിരോധത്തിനായി’ എന്നതാണ് എയ്ഡ്‌സ്ദിന സന്ദേശം. ആദ്യകാലങ്ങളില്‍ എയ്ഡ്‌സ് ബാധിച്ചയാള്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിച്ചുപോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് നൂതനങ്ങളായ ചികില്‍സാരീതികളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതില്‍ പ്രധാനമാണ് ആന്റി റിട്രോ വൈറല്‍ ട്രീറ്റ്‌മെന്റ് അഥവാ എആര്‍ടി. ഇതുവഴി എച്ച്‌ഐവി ബാധിതകരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാന്‍ കഴിയും. എന്നാല്‍ ഈ ചികില്‍സാ രീതികളെ കുറിച്ച് വേണ്ടത്ര അവബോധമില്ല. ചികില്‍സ ആവശ്യമുള്ള മുഴുവന്‍ എച്ച്‌ഐവി ബാധിതര്‍ക്കും ചികില്‍സ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ എയ്ഡ്‌സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. സംസ്ഥാനത്ത് 498 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ‘ജ്യോതിസ്’ കേന്ദ്രങ്ങളില്‍ എച്ച്‌ഐവി പരിശോധന സൗജന്യമായും തികച്ചും രഹസ്യമായും നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. കൗണ്‍സിലിങ്ും ഇവിടെ നിന്ന് ലഭിക്കും. മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ചില ഇഎസ്‌ഐ ആശുപത്രികള്‍, ചില സ്വകാര്യ ആശുപത്രികള്‍, പ്രധാന ജയിലുകള്‍, തിരുവനന്തപുരം റയില്‍വേസ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.എച്ച്‌ഐവി ബാധിതര്‍ക്ക് ആവശ്യമായ ചികില്‍സ ‘ഉഷസ്’ കേന്ദ്രങ്ങളിലൂടെ സൗജന്യമായി നല്‍കിവരുന്നു. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പാലക്കാട്, കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും കാസര്‍ഗോഡ്, എറണാകുളം ജനറല്‍ ആശുപത്രികളിലും ഉഷസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികളിലും ഉഷസ് ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2015 ലെ കണക്കനുസരിച്ച് 19,663 പേരാണ് സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലുള്ള എ ആര്‍ടി ചികില്‍സാ കേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 13735 പേര്‍ക്ക് എആര്‍ടി ചികില്‍സ ആരംഭിച്ചു. നിലവില്‍ എആര്‍ടി ചികിത്സയിലുള്ളത് 10206 പേരാണ്. എച്ച്‌ഐവി അണുബാധിതരില്‍ 4256 പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. 2016ലെ കണക്കനുസമരിച്ച് കേരളത്തില്‍ ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതരുള്ള ജില്ല പാലക്കാടാണ്. ഏറ്റവും കുറവ് വയനാട്ടിലും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day