|    Sep 21 Fri, 2018 11:45 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

നാളെ മുതല്‍ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിടും: തിയേറ്റര്‍ ഉടമകള്‍

Published : 11th January 2017 | Posted By: fsq

 

കൊച്ചി: തിേയറ്റര്‍ ഉടമകളും വിതരണക്കാരും നിര്‍മാതാക്കളും തമ്മിലുള്ള സമരം മുറുകുന്നു. ആവശ്യം അംഗീകരിക്കാത്ത സിനിമാ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാടില്‍ പ്രതിഷേധിച്ച്് നാളെമുതല്‍ സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്് ലിബര്‍ട്ടി ബഷീറും ജനറല്‍ സെക്രട്ടറി സാജു അക്കരയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തങ്ങളെ കൂടാതെ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും എത്രകാലം മുന്നോട്ടുപോകാനാവുമെന്ന് കണ്ടറിയാം. ആദ്യ ആഴ്ചയിലെ ലാഭവിഹിതം 60:40 എന്നത് 50:50 എന്നാക്കണമെന്ന ഫെഡറേഷന്റെ ആവശ്യമാണ് സമരത്തില്‍ കലാശിച്ചത്. തങ്ങള്‍ക്ക് ഒരു ശതമാനം പോലും വിഹിതം കൂട്ടിത്തരാന്‍ നിര്‍മാതാക്കളും വിതരണക്കാരും തയ്യാറായില്ല. ഇന്നത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍ അവരാണ്. അവരുടെ പിടിവാശിയാണു ചര്‍ച്ചകള്‍ വഴിമുട്ടിച്ചത്. തങ്ങള്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്. സര്‍ക്കാര്‍ ഇതിനു മുന്‍കൈ എടുക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. പ്രമുഖ സിനിമാതാരങ്ങളുടെ നിര്‍മാണവിതരണ കമ്പനികള്‍ തിയേറ്റര്‍ ഉടമകള്‍ നടത്തുന്ന സമരത്തോട് നിക്ഷ്പക്ഷത പുലര്‍ത്തുന്നതും സമരം നീളാന്‍ മുഖ്യകാരണങ്ങളിലൊന്നാണെന്നും തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു. തിയേറ്റര്‍ സമരംമൂലം പ്രതിസന്ധി നേരിടുന്നത് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോവുന്നവര്‍ മുതലുള്ള താഴേക്കിട തൊഴിലാളികളാണ്. തിയേറ്റര്‍ ഉടമകളുടെ വീടുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡ് സമരത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സെസ് എന്ന പേരില്‍ ഗവണ്‍മെന്റ് ടിക്കറ്റ് ഒന്നിന് മൂന്നു രൂപ എന്ന രീതിയില്‍ വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ ഈടാക്കുന്ന തുക ഒരു തിയേറ്ററില്‍ ഒരുമാസം ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും വരും. കേരളത്തിലുടനീളമുള്ള തിയേറ്ററുകളില്‍ നിന്നും പിരിക്കുന്ന പണം തിേയറ്ററുമായി ബന്ധപ്പെട്ട ക്ഷേമനിര്‍വഹണത്തിന് ഉപയോഗിക്കുന്നില്ല. ഈ പണം എങ്ങോട്ടു പോവുന്നുവെന്നു വ്യക്തമാക്കപ്പെടേണ്ടതാണെന്നും തിയേറ്റര്‍ ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss