|    May 22 Tue, 2018 3:20 pm
FLASH NEWS
Home   >  Sports  >  Cricket  >  

നാളെ ജീവന്‍മരണ പോരാട്ടം; ജയിച്ചാല്‍ ഇന്ത്യ സെമിയില്‍

Published : 10th June 2017 | Posted By: ev sports


ലണ്ടന്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാളെ( 11-6-017) ജീവന്‍മരണ പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും നിലവിലെ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയും തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയും ചുട്ടുപൊള്ളും. സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാന്‍ ജയം ഇരുകൂട്ടര്‍ക്കും അനിവാര്യമായ മല്‍സരത്തില്‍ മുന്‍തൂക്കം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാന്‍ കഴിയില്ല. എബി ഡിവില്ലിയേഴ്‌സ് എന്ന കരുത്തുറ്റ നായകന്‍ കീഴില്‍ ഒരു പറ്റം മികച്ച പടയാളികളുമായി ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോള്‍ ഇന്ത്യ നന്നായി തന്നെ വെള്ളം കുടിക്കേണ്ടി വരുമെന്നുറപ്പ്.
ശ്രീലങ്കയോടേറ്റ അപ്രതീക്ഷിത പരാജയമാണ് ഇന്ത്യയുടെ അനായാസ സെമി മോഹങ്ങളെ തല്ലിക്കെടുത്തിയത്. ആദ്യ മല്‍സരത്തില്‍ പാകിസ്താനെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 124 തകര്‍ത്ത ഇന്ത്യ താരതമ്യേന ദുര്‍ബലരെന്ന് വിളിക്കാവുന്ന ശ്രീലങ്കയോട് ഏഴ് വിക്കറ്റിനാണ് തോല്‍വി സമ്മതിച്ചത്. സന്നാഹ മല്‍സരങ്ങളിലും പാകിസ്താനെതിരേയും മികച്ച് നിന്ന ഇന്ത്യയുടെ ബൗളിങ് നിരയുടെ പല്ലും നഖവും ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അടിച്ചൊടിച്ചപ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 321 റണ്‍സ് ശ്രീലങ്കയ്ക്ക് വെല്ലുവിളി ആയതേ ഇല്ല. നിലവില്‍ രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഒരു തോല്‍വിയും ഒരു ജയവും സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
മേശം പ്രകടനം എന്ന് പറഞ്ഞ് മാറ്റി നിര്‍ത്താന്‍ ആരും തന്നെ ഇന്ത്യന്‍നിരയിലില്ല. ഇംഗ്ലണ്ടിലെ വേഗ പിച്ചുകളിലും ഒന്നിനൊന്ന് മികച്ച ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുക്കുന്നത്. ചാംപ്യന്‍ഷിപ്പിന് മുമ്പ് ഏറെ ആശങ്ക സൃഷ്ടിച്ച ഇന്ത്യയുടെ ഓപണിങ് താരങ്ങളാണ് കൂടുതല്‍ മികവ് പുലര്‍ത്തുന്നത്. ശിഖാര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് രണ്ട് മല്‍സരങ്ങളിലും ഒന്നാം വിക്കറ്റില്‍ ഇന്ത്യക്ക് 100 ന് മുകളില്‍ സ്‌കോര്‍ സമ്മാനിച്ചു. ശ്രീലങ്കയ്‌ക്കെതിരേ ധവാന്‍ സെഞ്ച്വറി നേടി ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവിനെ ആഘോഷിച്ചു. രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്‌ലിയുടെ കരുത്തുറ്റ ബാറ്റിങിനൊപ്പം പരിചയ സമ്പന്നനായ യുവരാജ് സിങിന്റെ ബാറ്റിങും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മധ്യനിരയില്‍ മഹേന്ദ്ര സിങ് ധോണി ശ്രീലങ്കയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി നേടി ഫോം കണ്ടെത്തിയതും ഇന്ത്യന്‍ നിരയ്ക്ക് ആശ്വാസമാണ്. കേദാര്‍ യാദവിന്റെയും ഹര്‍ദിക് പാണ്ഡ്യയുടേയും ഓള്‍ റൗണ്ട് മികവും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ പ്രാപ്തമാണ്.
എന്നാല്‍ ബൗളിങാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കുന്നത്. ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയുമെല്ലാം ശ്രീലങ്കയ്‌ക്കെതിരേ പരാജപ്പെട്ടിരുന്നു. വിക്കറ്റ് ടേക്കര്‍ ബൗളറായ മുഹമ്മദ് ഷമിക്ക് ഇന്ത്യ ആദ്യ രണ്ട് മല്‍സരത്തിലും അവസരം നല്‍കിയില്ല. ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന് പകരം രവീന്ദ്ര ജഡേജ ഇന്ത്യന്‍ നിരയില്‍ കളിക്കുന്നുണ്ടെങ്കിലും ബൗളിങില്‍ മികവിനൊത്ത് ഉയര്‍ന്നിട്ടില്ല. ദക്ഷിണാഫ്രിക്കക്കെതിരേ ജഡേജയ്ക്ക് വിശ്രമം നല്‍കി അശ്വിനെ കളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായക മല്‍സരങ്ങളില്‍ വിജയം കാണാന്‍ സാധിക്കാത്ത ടീമെന്ന ചീത്തപ്പേര് മാറ്റി എടുക്കാന്‍ ഇന്ത്യക്കെതിരേ വിജയം അനിവാര്യമാണ്. പേരുകേട്ട ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന കരുത്ത്. ്ക്വിന്റന്‍ ഡി കോക്ക്, ഹാഷിം അംല, ഫഫ് ഡുപ്ലെസിസ്, എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് മില്ലര്‍, ജെപി ഡുമിനി തുടങ്ങിയ ഏത് ബാറ്റ്‌സ്മാനെ പരിഗണിച്ചാലും ഒറ്റയ്ക്ക് തിന്ന വിജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. ഐപിഎല്ലിലെ മിന്നും ഫോം ചാംപ്യന്‍സ് ട്രോഫിയിലും തുടരുന്ന അംല തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിലെ കുന്തമുന. മധ്യനിരയില്‍ ഡുമിനക്കൊപ്പം ഡേവിഡ് മില്ലറും ഫോം കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ കരുത്ത് ഇരട്ടിച്ചു. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം മല്‍സരത്തില്‍ പാക്‌സ്താനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി. മഴനിയമ പ്രകാരം 19 റണ്‍സിനാണ് പാകിസ്താന്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. പാകിസ്താന്റെ പേസ് മടക്ക് മുന്നില്‍ 219 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ട് ആയത്. പാകിസ്താനെതിരേ സംഭവിച്ച പിഴവുകള്‍ തിരുത്തി ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക പാഡണിയുമ്പോള്‍ വീഴ്ത്താന്‍ കോഹ്‌ലിക്കും സംഘത്തിനും പുത്തന്‍ അടവുകള്‍ തന്നെ പയറ്റേണ്ടിവരും.
ബൗളിങില്‍ ഡ്വെയ്ന്‍ സ്‌റ്റെയ്‌നിന്റെ അഭാവം ദക്ഷിണാഫ്രിക്കന്‍ നിരയെ ഒട്ടും അലട്ടിയിട്ടില്ല. കഗിസോ റബദയും വെയ്ന്‍ പാര്‍ണലും പരിചയ സമ്പന്നനായ മോണി മോര്‍ക്കലും ഫാസ്റ്റ് ബൗളിങില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡുമിനിയുടെ പാര്‍ടൈം സ്പിന്‍ബൗളിങിനൊപ്പം  ഇമ്രാന്‍ താഹിറിന്റെ മാജിക്കല്‍ സ്പിന്‍ ബൗളിങും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. വൈകീട്ട് മൂന്ന് മൂന്ന് മണിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1ല്‍ മല്‍സരം തല്‍സമയം കാണാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss